
ഖാലിദ് ബിൻ അർഫത്വ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “അടുത്തുതന്നെ ചില സംഭവങ്ങളും, ഫിത്‌നകളും, ഭിന്നതകളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അങ്ങനെയുണ്ടായാൽ, നിനക്ക് അക്രമിയായി, കൊലപാതകിയാകുന്നതിന് പകരം കൊല്ലപ്പെടുന്നവനാകാൻ സാധിക്കുമെങ്കിൽ നീ അപ്രകാരം ചെയ്യുക.”
അബൂഹുറൈറ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് അബു ദാവൂദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു:
“ബധിരവും, മൂകവും, അന്ധവുമായ ഒരു ഫിത്ന വരാനിരിക്കുന്നുണ്ട്. അതിലേക്ക് എത്തിനോക്കുന്നവനെയെല്ലാം അത് അതിലേക്ക് വലിച്ചടുപ്പിക്കും. അതിൽ നാക്കുകൊണ്ട് സംസാരിക്കുന്നത് വാളുകൊണ്ട് വെട്ടുന്നതിന് തുല്യമാണ്.”
മുആവിയ(റ)വിൽ നിന്ന് ഇബ്നു മാജ(റ), ത്വബ്റാനി(റ) എന്നിവർ റിപ്പോർട്ട് ചെയ്തു.
തിരുനബിﷺ പറഞ്ഞു: “അടുത്തുതന്നെ ചില ഫിത്‌നകൾ ഉണ്ടാകും. അതിൽ ഒരു മനുഷ്യൻ രാവിലെ വിശ്വാസിയായും വൈകുന്നേരം അവിശ്വാസിയായും മാറും; അല്ലാഹു അറിവുകൊണ്ട് ജീവൻ നൽകിയവർ ഒഴികെ.”
ളഹ്ഹാക് ബിൻ ഖൈസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
“അന്ത്യനാളിന് തൊട്ടുമുമ്പ് ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലുള്ള ഫിത്നകൾ ഉണ്ടാകും; പുകച്ചുരുളുകൾ പോലുള്ള ഫിത്നകൾ. അതിൽ ഒരു സത്യവിശ്വാസിയുടെ ശരീരം മരിക്കുന്നതുപോലെ അവന്റെ ഹൃദയവും മരിച്ചുപോകും. മനുഷ്യൻ രാവിലെ വിശ്വാസിയായും വൈകുന്നേരം അവിശ്വാസിയായും മാറും. വൈകുന്നേരം വിശ്വാസിയായും രാവിലെ അവിശ്വാസിയായും മാറും. ആ കാലത്ത് ജനങ്ങൾ തങ്ങളുടെ ധാർമ്മികതയും മതവും ദുനിയാവിന്റെ തുച്ഛമായ നേട്ടങ്ങൾക്ക് വേണ്ടി വിറ്റുകളയും.”
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്തു. തിരുനബിﷺ പറഞ്ഞു. ഒരു പ്രഖ്യാപകൻ എഴുന്നേറ്റ് നിന്ന്: ‘ഒരു പിടി ദിർഹമിന് പകരം തന്റെ മതം ഞങ്ങൾക്ക് വിൽക്കാൻ ആരുണ്ട്?’ എന്ന് ചോദിക്കുന്നത് വരെ രാപ്പകലുകൾ കടന്നുപോവുകയില്ല അതായത് അത്തരം ഒരു കാലം വരിക തന്നെ ചെയ്യും.”
ഉസ്മാൻ(റ) വധിക്കപ്പെടുമെന്ന് തിരുനബിﷺയുടെ പ്രവചനം ഉണ്ടായിരുന്നു. ആഇശ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉസ്മാൻ(റ)വിനോട് പറഞ്ഞു: “അല്ലാഹു നിങ്ങളെ ഒരു കുപ്പായം ധരിപ്പിച്ചേക്കാം അഥവാ ഭരണം ഏൽപ്പിച്ചേക്കാം. അത് ഊരിവെക്കാൻ അവർ നിങ്ങളോട് ആവശ്യപ്പെട്ടാൽ, നിങ്ങളത് ഊരിവെക്കരുത്.”
അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ കുഴപ്പത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി. എന്നിട്ട് അവിടുന്ന് ഉസ്മാൻ(റ)വിന്റെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു: “ഇതിൽ ഇദ്ദേഹം അക്രമിക്കപ്പെട്ട് വധിക്കപ്പെടും.”
ഉസ്മാൻ(റ)വിന്റെ മൗലയായ അബൂ സഹ്ല(റ) നിവേദനം ചെയ്യുന്നു: യൗമുദ്ദാർ അഥവാ ഉസ്മാൻ(റ)വിന്റെ വീട് ഉപരോധിക്കപ്പെട്ട ദിവസം ഉസ്മാൻ(റ) പറഞ്ഞു: “തീർച്ചയായും തിരുനബിﷺ എന്നോട് ഒരു കാര്യം കരാർ ചെയ്തിട്ടുണ്ട്. അതിനാൽ ഞാൻ അതിൽ ക്ഷമയോടെ ഉറച്ചുനിൽക്കുകയാണ്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
