
അബൂഹുറൈറ(റ)വിൽ നിന്ന് ഹാകിമും(റ), ഹുദൈഫ(റ)വിൽ നിന്ന് ത്വബ്‌റാനി(റ) ‘അൽ-ഔസത്വി’ലും ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള ഫിത്‌നകൾ നിങ്ങളെ നിഴലിച്ചിരിക്കുന്നു അല്ലെങ്കിൽ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടുന്നവൻ ഉയർന്ന മലമുകളിൽ ആടുകളെ മേച്ച്, അതിന്റെ പാൽ കുടിച്ചു ജീവിക്കുന്നവനാണ്. അല്ലെങ്കിൽ അതിർത്തികൾക്ക് അപ്പുറത്ത് തന്റെ കുതിരയുടെ ലഗാം പിടിച്ചുകൊണ്ട്, തന്റെ ധർമ്മസമരത്തിലൂടെ അതിജീവിച്ച് ആഹാരം കഴിക്കുന്നവനാണ്.”
ഹുദൈഫ(റ)വിൽ നിന്ന് ത്വബ്‌റാനി(റ) ‘അൽ-ഔസത്വി’ൽ ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള ഫിത്‌നകൾ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. അന്ന് ഒരാൾ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയും ആകും. വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയും ആകും. നിങ്ങളിലൊരാൾ ദുനിയാവിലെ തുച്ഛമായ വിഭവങ്ങൾക്ക് വേണ്ടി തന്റെ ദീനിനെ വിറ്റുകളയും.”
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അപ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?”
അവിടുന്ന് പറഞ്ഞു: “നീ നിന്റെ കൈ ഒടിച്ചുകളയുക അഥവാ യുദ്ധത്തിൽ പങ്കാളിയാകാതിരിക്കുക.”
ഞാൻ ചോദിച്ചു: “അത് സുഖപ്പെട്ടാലോ?”
അവിടുന്ന് പറഞ്ഞു: “മറ്റേ കൈകൂടി ഒടിക്കുക.”
ഞാൻ ചോദിച്ചു: “എതുവരെ?” അവിടുന്ന് പറഞ്ഞു: “അക്രമിയായ ഒരു കൈ നിന്റെ മേൽ വരുന്നതുവരെയോ, അല്ലെങ്കിൽ മരണം സംഭവിക്കുന്നത് വരെയോ.”
ഉമ്മുസലമ(റ)വിൽ നിന്ന് മുസ്‌ലിം(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ ഒരു രാത്രിയിൽ പരിഭ്രാന്തിയോടെ ഉണർന്നു കൊണ്ട് ഇപ്രകാരം പറയുന്നുണ്ടായിരുന്നു: “സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ ഖജനാവുകളിൽ നിന്ന് എന്തൊക്കെയാണ് തുറക്കപ്പെട്ടിരിക്കുന്നത്! ഫിത്‌നകളിൽ നിന്ന് എന്തൊക്കെയാണ് ഇറക്കപ്പെട്ടിരിക്കുന്നത്!”
ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ഹാകിം(റ) എന്നിവർ അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഇസ്‌ലാമിന്റെ ചക്രം മുപ്പത്തിയഞ്ച്, അല്ലെങ്കിൽ മുപ്പത്തിയാറ്, അല്ലെങ്കിൽ മുപ്പത്തിയേഴ് വർഷം കറങ്ങിക്കൊണ്ടിരിക്കും. ഇനി അവർ നശിക്കുകയാണെങ്കിൽ, അത് മുൻപ് നശിച്ചുപോയവരുടെ വഴിയിലാണ്. എന്നാൽ അവർ അവശേഷിക്കുകയാണെങ്കിൽ, ബാക്കിയുള്ളതിൽ നിന്ന് എഴുപത് വർഷം അവരുടെ ദീൻ അവർക്കായി നിലനിൽക്കും.”
ഇമാം മാലിക്(റ), അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ), ബൈഹഖി(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഒരാൾ മറ്റൊരുവന്റെ ഖബറിനരികിലൂടെ നടന്നുപോകുമ്പോൾ ‘ഹാ! ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ’ എന്ന് പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
നുഐം ബിൻ ഹമ്മാദ്(റ) ‘അൽ-ഫിതൻ’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ജനങ്ങൾ അനുഭവിക്കുന്ന കടുത്ത ഫിത്‌നകൾ കാരണം, ഒരാൾ ഒരു ഖബറിനരികിലൂടെ നടന്നുപോകുമ്പോൾ ‘ഞാൻ ആ ഖബറിലുള്ളവന്റെ സ്ഥാനത്താകാൻ കൊതിക്കുന്നു’ എന്ന് പറയുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
