Tweet 1487

    Tweet 1487
    July 10, 2026 • Friday
    Post Header

    അബൂഹുറൈറ(റ), ഹസൻ ബസ്വരി(റ) വഴി നുഅ്മാൻ ബിൻ ബശീർ(റ) എന്നവരിൽ നിന്ന് മുസ്‌ലിം(റ), തിർമിദി(റ), ത്വയാലിസി(റ), മുഹമ്മദ് ബിൻ യഹ്‌യ(റ), ഇമാം അഹ്‌മദ്(റ) എന്നിവർ വിശ്വസ്തരായ നിവേദകർ വഴി ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള കുഴപ്പങ്ങൾ ഉണ്ടാകുന്നതിന് മുൻപായി നിങ്ങൾ സൽക്കർമ്മങ്ങളിലേക്ക് തിരിയുക. അന്ന് ഒരാൾ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയുമാകും. വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ദുനിയാവിലെ താല്കാലികമായ ഏതെങ്കിലും ചരക്കുകൾക്ക് വേണ്ടി അവൻ തന്റെ ദീൻ വിറ്റുകളയും.”

    നുഅ്മാൻ ബിൻ ബശീർ(റ) നിവേദനം ചെയ്ത ഹദീസിൽ ഹസൻ ബസ്വരി(റ) ഇപ്രകാരം കൂട്ടിച്ചേർത്തു: “അല്ലാഹുവാണേ, ബുദ്ധിയില്ലാത്ത കേവലം രൂപങ്ങളായി ഞങ്ങൾ അവരെ കണ്ടിട്ടുണ്ട്. വലിയ ശരീരമുണ്ടെങ്കിലും വിവേകമില്ലാത്തവർ! അവർ വിളക്കിലേക്ക് വീഴുന്ന ഈയാംപാറ്റകളെപ്പോലെയും ഈച്ചകളെപ്പോലെയുമാണ്. രണ്ട് ദിർഹമിന് വേണ്ടി അവർ രാവിലെ പുറപ്പെടുന്നു, രണ്ട് ദിർഹമിന് വേണ്ടി വൈകുന്നേരം മടങ്ങുന്നു. അവരിലൊരാൾ തുച്ഛമായ വിലയ്ക്ക് തന്റെ ദീനിനെ വിറ്റുകളയുന്നു.”

    ഇബ്‌നു ഉമർ(റ)വിൽ നിന്ന് ത്വബ്‌റാനി(റ) ‘അൽ-കബീറി’ൽ ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു: “എനിക്ക് ശേഷം എന്റെ സമുദായം ഇരുണ്ട രാത്രിയുടെ കഷ്ണങ്ങൾ പോലെയുള്ള ഫിത്‌നകളിൽ അകപ്പെടുക തന്നെ ചെയ്യും. അന്ന് ഒരാൾ രാവിലെ വിശ്വാസിയും വൈകുന്നേരം അവിശ്വാസിയുമാകും. വൈകുന്നേരം വിശ്വാസിയും രാവിലെ അവിശ്വാസിയുമാകും. ചില ജനവിഭാഗങ്ങൾ ദുനിയാവിലെ തുച്ഛമായ വിഭവങ്ങൾക്ക് വേണ്ടി തങ്ങളുടെ ദീനിനെ വിറ്റുകളയും.”

    ഖൈസ്(റ)വിൽ നിന്ന് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ ഇപ്രകാരം പറയുന്നത് കേട്ടു. അവിടുന്ന് ആകാശത്തേക്ക് തലയുയർത്തിക്കൊണ്ട് പറഞ്ഞു: “സുബ്ഹാനല്ലാഹ്! മഴത്തുള്ളികൾ വർഷിക്കുന്നത് പോലെയാണ് അവരുടെ മേൽ ഫിത്‌നകൾ വർഷിക്കപ്പെടുന്നത്.”

    ഉസാമ ബിൻ സൈദ്(റ)വിൽ നിന്ന് ബുഖാരി(റ) ഉദ്ധരിക്കുന്നു: തിരുനബിﷺ പറഞ്ഞു. മദീനയിലെ കോട്ടകളിൽ ഒന്നിന് മുകളിൽ കയറി നിന്നു കൊണ്ട് ചോദിച്ചു: “ഞാൻ കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തീർച്ചയായും നിങ്ങളുടെ വീടുകൾക്കിടയിലൂടെ മഴത്തുള്ളികൾ വീഴുന്നത് പോലെ ഫിത്‌നകൾ വീഴുന്നത് ഞാൻ കാണുന്നു.”

    കുർസ് ബിൻ അൽഖമ അൽ-ഖുസാഈ(റ)വിൽ നിന്ന് ത്വയാലിസി(റ), ബൈഹഖി(റ), ഇമാം അഹ്‌മദ്(റ), ത്വബ്‌റാനി(റ), ഹാകിം(റ) എന്നിവർ ഉദ്ധരിക്കുന്നു: ഒരാൾ തിരുനബിﷺയോട് ചോദിച്ചു: “ഇസ്‌ലാമിന് ഏതെങ്കിലും അന്ത്യമുണ്ടോ?”
    അപ്പോൾ തിരുനബിﷺ പറഞ്ഞു: “അറബികളിലോ അറബികളല്ലാത്തവരിലോ പെട്ട ഏതൊരു വീട്ടുകാർക്കും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ, അവൻ അവരിലേക്ക് ഇസ്‌ലാമിനെ പ്രവേശിപ്പിക്കും.” അദ്ദേഹം ചോദിച്ചു: “പിന്നെ എന്താണ് ഉണ്ടാകുക?” അവിടുന്ന് പറഞ്ഞു: “പിന്നീട് മേഘക്കൂട്ടങ്ങളെപ്പോലെ ഫിത്‌നകൾ വരും.”
    അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “ഇല്ല, അല്ലാഹുവാണേ, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അങ്ങനെയുണ്ടാവില്ല”
    അവിടുന്ന് പറഞ്ഞു: “അങ്ങനെയല്ല, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണേ സത്യം! പിന്നീട് നിങ്ങൾ പരസ്പരം കഴുത്തുവെട്ടുന്ന വിഷപ്പാമ്പുകളെപ്പോലെ അക്രമികളായി അതിലേക്ക് മടങ്ങും. അന്നത്തെ ദിവസങ്ങളിൽ ജനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമൻ, തന്റെ രക്ഷിതാവിനെ ഭയപ്പെടുകയും തന്റെ തിന്മകളിൽ നിന്ന് ജനങ്ങളെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് പർവ്വതനിരകളിലെ ഏതെങ്കിലും താഴ്‌വരയിൽ ജനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്നവനാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...