
അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിച്ച് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നു: “എന്റെ സമുദായം അഹങ്കാരത്തോടെ കൈകൾ വീശി നടക്കുകയും, പേർഷ്യക്കാരും റോമാക്കാരും അവരെ സേവിക്കുകയും ചെയ്യുമ്പോൾ, അവർക്കിടയിൽ പരസ്പരം ആധിപത്യവും പോരാട്ടവും അടിച്ചേൽപ്പിക്കപ്പെടും.”
അബ്ദുല്ലാഹിബ്നു അംറ്(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു. “എനിക്ക് മുമ്പ് കഴിഞ്ഞുപോയ ഏതൊരു പ്രവാചകനും തന്റെ സമുദായത്തിന് താൻ മനസ്സിലാക്കിയ ഏറ്റവും ഉത്തമമായ കാര്യം കാണിച്ചുകൊടുക്കലും, താൻ മനസ്സിലാക്കിയ ഏറ്റവും തിന്മയായ കാര്യത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകലും ഒരു ബാധ്യതയായിരുന്നു. തീർച്ചയായും നിങ്ങളുടെ ഈ സമുദായത്തിന്റെ സുരക്ഷിതത്വവും സമാധാനവും അതിന്റെ ആദ്യകാലങ്ങളിലാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ അവസാനകാലത്ത് ചില പരീക്ഷണങ്ങളും നിങ്ങൾ വെറുക്കുന്ന പല കാര്യങ്ങളും വന്നെത്തും. കുഴപ്പങ്ങൾ ഒന്നിനുപുറകെ ഒന്നായി വരികയും, അത് മുൻപുള്ളതിനെ ലഘൂകരിക്കുകയും ചെയ്യും അതായത് പുതിയ കുഴപ്പം വരുമ്പോൾ പഴയത് നിസ്സാരമായി തോന്നും. ഒരു കുഴപ്പം വരുമ്പോൾ വിശ്വാസി പറയും: ‘ഇതാ ഇതാണ് എന്നെ നശിപ്പിക്കാൻ പോകുന്നത്.’ പിന്നീട് അത് നീങ്ങിപ്പോകും. വീണ്ടും മറ്റൊരു കുഴപ്പം വരുമ്പോൾ വിശ്വാസി പറയും: ‘ഇതാണ്, ഇതാണ് അത്!’ അതിനാൽ ആർക്കാണോ നരകത്തിൽ നിന്ന് അകറ്റപ്പെടാനും സ്വർഗ്ഗത്തിൽ പ്രവേശിക്കാനും ആഗ്രഹമുള്ളത്, അവൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനായിരിക്കെ അവന്റെ മരണം അവനിലേക്ക് വരട്ടെ. ജനങ്ങൾ തന്നോട് എങ്ങനെ പെരുമാറാനാണോ താൻ ഇഷ്ടപ്പെടുന്നത്, അതുപോലെ അവൻ ജനങ്ങളോടും പെരുമാറട്ടെ.”
അനസ് ബിൻ മാലിക്(റ)വില്‍ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉമ്മു ഹറാം ബിൻത് മിൽഹാൻ(റ)യുടെ വീട്ടിൽ പ്രവേശിക്കാറുണ്ടായിരുന്നു. അവർ തിരുനബിﷺക്ക് ഭക്ഷണം ഒരുക്കി നൽകുമായിരുന്നു. ഉമ്മു ഹറാം(റ) ഉബാദത്ത് ബിൻ സ്വാമിത്(റ)യുടെ ഭാര്യയായിരുന്നു. ഒരിക്കൽ തിരുനബിﷺ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ ഭക്ഷണം നൽകുകയും അവിടുത്തെ തലമുടി ചീകി കൊടുക്കുകയും ചെയ്തു. തുടർന്ന് തിരുനബിﷺ അവിടെ കിടന്നുറങ്ങി. പിന്നീട് അവിടുന്ന് പുഞ്ചിരിച്ചുകൊണ്ട് ഉണർന്നു. അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുന്ന് ചിരിക്കാൻ കാരണമെന്താണ്?” തിരുനബിﷺ പറഞ്ഞു: “എന്റെ സമുദായത്തിൽ പെട്ട ചില ആളുകൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരായി എനിക്ക് കാണിക്കപ്പെട്ടു. അവർ കട്ടിലുകളിലിരിക്കുന്ന രാജാക്കന്മാരെപ്പോലെ ഈ സമുദ്രത്തിന്റെ മധ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.”
അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്നെയും അവരിൽ ഒരാളാക്കാൻ അവിടുന്ന് അല്ലാഹുവോട് പ്രാർത്ഥിച്ചാലും.” അങ്ങനെ തിരുനബിﷺ അവർക്കായി പ്രാർത്ഥിച്ചു. തുടർന്ന് അവിടുന്ന് വീണ്ടും തലവെച്ചുറങ്ങി.
പിന്നീട് വീണ്ടും പുഞ്ചിരിച്ചുകൊണ്ട് ഉണർന്നു.
ഞാൻ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുന്ന് ചിരിക്കാൻ കാരണമെന്താണ്?” തിരുനബിﷺ പറഞ്ഞു: “എന്റെ സമുദായത്തിൽ പെട്ട ചില ആളുകൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരായി എനിക്ക് കാണിക്കപ്പെട്ടു, ആദ്യ തവണ പറഞ്ഞതുപോലെ.”
അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്നെയും അവരിൽ ഒരാളാക്കാൻ അല്ലാഹുവോട് പ്രാർത്ഥിച്ചാലും.” തിരുനബിﷺ പറഞ്ഞു: “നീ ആദ്യത്തെ സംഘത്തിൽ പെട്ടവളാണ്.” പിന്നീട് മുആവിയ ബിൻ അബീസുഫ്യാന്റെ(റ) ഭരണകാലത്ത് അവർ കടൽമാർഗ്ഗം യാത്ര ചെയ്യുകയും, കടലിൽ നിന്ന് കരക്കിറങ്ങിയപ്പോൾ തങ്ങളുടെ വാഹന മൃഗത്തിൽ നിന്ന് വീണ് മരണപ്പെടുകയും ചെയ്തു.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്ന് ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “തീർച്ചയായും എനിക്ക് ശേഷം ഭരണാധികാരികളിൽ നിന്ന് സ്വാർത്ഥതയും പരീക്ഷണങ്ങളും നിങ്ങൾ വെറുക്കുന്ന പല കാര്യങ്ങളും ഉണ്ടായേക്കാം.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളിൽ ആരെങ്കിലും ആ കാലഘട്ടത്തിന് സാക്ഷിയായാൽ അവിടുന്ന് ഞങ്ങളോട് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ മേലുള്ള ബാധ്യതകൾ അവരോട് നിങ്ങൾ നിറവേറ്റുക, നിങ്ങൾക്കുള്ള അവകാശങ്ങൾ അല്ലാഹുവോട് ചോദിക്കുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
