Tweet 1429

    Tweet 1429
    May 13, 2026 • Wednesday
    Post Header

    ഇബ്നു അബ്ദിൽ ഹകം(റ) ഉമർ ബിൻ ഖത്വാബി(റ)ൽ നിന്നും, അബൂ യഅ്‌ല(റ) തന്റെ ഈജിപ്ഷ്യൻ ചരിത്രഗ്രന്ഥത്തിൽ അംറ് ബിൻ ആസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “അല്ലാഹു നിങ്ങൾക്ക് ഈജിപ്ത് വിജയിപ്പിച്ചു തന്നാൽ, അവിടെ നിന്ന് വലിയൊരു സൈന്യത്തെ നിങ്ങൾ സജ്ജമാക്കുക. കാരണം ആ സൈന്യം ഭൂമിയിലെ സൈന്യങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ സൈന്യമാണ്.”
    അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അതെന്തുകൊണ്ടാണ്?” തിരുനബിﷺ മറുപടി പറഞ്ഞു: “കാരണം അവർ അന്ത്യനാൾ വരെ അല്ലാഹുവിന്റെ മാർഗത്തിലുള്ള കാവലിൽ ആയിരിക്കും.”

    കടൽ യുദ്ധത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനവും ഉമ്മു ഹറാമും(റ) നമുക്ക് ഇപ്രകാരം വായിക്കാം.

    അനസ് ബിൻ മാലിക്കി(റ)ൽ നിന്ന് ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉമ്മു ഹറാം ബിൻത് മിൽഹാന്റെ(റ) അടുത്ത് പ്രവേശിക്കാറുണ്ടായിരുന്നു. അവർ ഉബാദത്ത് ബിൻ സ്വാമിത്തി(റ)ന്റെ ഭാര്യയായിരുന്നു. ഒരിക്കൽ തിരുനബിﷺ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ ഭക്ഷണം നൽകുകയും ശേഷം തിരുനബിﷺയുടെ തലയിലെ പേൻ നോക്കിക്കൊടുക്കുകയും ചെയ്തു. അപ്പോൾ തിരുനബിﷺ അവിടെ കിടന്ന് ഉറങ്ങി.

    ചിരിച്ചുകൊണ്ടായിരുന്നു അവിടുന്ന് ഉണർന്നത്. അവർ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് എന്തിനാണ് ചിരിക്കുന്നത്?” അപ്പോൾ പറഞ്ഞു: “എന്റെ സമുദായത്തിൽപ്പെട്ട ചില ആളുകൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരായി എനിക്ക് ദർശനം ഉണ്ടായി. അവർ സിംഹാസനങ്ങളിൽ ഇരിക്കുന്ന രാജാക്കന്മാരെപ്പോലെ അല്ലെങ്കിൽ സിംഹാസനസ്ഥരായ രാജാക്കന്മാരായി ഈ കടലിന്റെ മധ്യത്തിലൂടെ സഞ്ചരിക്കുകയായിരുന്നു.” അപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്നെയും അവരിൽ ഉൾപ്പെടുത്താൻ അങ്ങ് പ്രാർത്ഥിക്കണം.” തിരുനബിﷺ അവർക്കായി പ്രാർത്ഥിച്ചു. വീണ്ടും തല ചായിച്ചു ഉറങ്ങി.

    രണ്ടാമതും ചിരിച്ചുകൊണ്ട് ഉണർന്നപ്പോൾ അവർ കാരണം അന്വേഷിച്ചു. തിരുനബിﷺ ആദ്യത്തെ കാര്യം തന്നെ ആവർത്തിച്ചു. അവർ വീണ്ടും ആവശ്യപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരെﷺ, എന്നെയും അവരിൽ ഉൾപ്പെടുത്താൻ പ്രാർത്ഥിക്കണം.” അപ്പോൾ പറഞ്ഞു: “നീ ആദ്യത്തെ സംഘത്തിൽ പെട്ടവളാണ്.”
    മുആവിയ(റ)വിന്റെ കാലത്ത് തന്റെ ഭർത്താവ് ഉബാദത്ത് ബിൻ സ്വാമിത്തി(റ)നൊപ്പം അവർ കടൽയാത്ര നടത്തി. യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ അവർക്ക് സവാരിക്കായി ഒരു മൃഗത്തെ ഹാജരാക്കി. എന്നാൽ അതിൽ നിന്ന് വീണ് അവർ മരണപ്പെട്ടു.

    അബൂഹുറൈറയി(റ)ൽ നിന്ന് ബുഖാരി(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ തിരുനബിﷺ പറഞ്ഞു:
    “രോമങ്ങൾ കൊണ്ടുള്ള ചെരുപ്പ് ധരിക്കുന്ന ഒരു വിഭാഗത്തോട് നിങ്ങൾ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കില്ല.” ഇവർ അൽ-ബാരിസ് നിവാസികളാണ്.

    അംറ് ബിൻ തഗ്‌ലിബി(റ)ൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന് മുൻപായി രോമങ്ങൾ കൊണ്ടുള്ള ചെരുപ്പ് ധരിക്കുന്നവരോടും അടിച്ചു പരത്തിയ പരിചകൾ പോലുള്ള മുഖമുള്ളവരോടും നിങ്ങൾ യുദ്ധം ചെയ്യും.”

    ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) അബൂഹുറൈറയി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അജമികളിൽ പെട്ട അഥവാ അറബികളല്ലാത്ത ഖൂസ്, കിർമാൻ നിവാസികളോട് നിങ്ങൾ യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കില്ല. ചുവന്ന മുഖവും, ചപ്പിയ മൂക്കും, ചെറിയ കണ്ണുകളുമുള്ളവരാണവർ. അവരുടെ മുഖങ്ങൾ അടിച്ചു പരത്തിയ പരിചകൾ പോലെയായിരിക്കും. രോമങ്ങൾ കൊണ്ട് നിർമ്മിച്ച ചെരുപ്പുകൾ ധരിക്കുന്നവരോട് നിങ്ങൾ യുദ്ധം ചെയ്യുന്നത് വരെയും അന്ത്യനാൾ സംഭവിക്കില്ല.”

    ഇമാം മുസ്ലിമും(റ) അബൂദാവൂദും(റ) നസാഇ(റ)യും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു:
    “മുസ്ലീംകൾ തുർക്കികളോട് യുദ്ധം ചെയ്യുന്നത് വരെ അന്ത്യനാൾ സംഭവിക്കില്ല. അടിച്ചു പരത്തിയ പരിചകൾ പോലുള്ള മുഖമുള്ളവരാണവർ. അവർ രോമങ്ങൾ കൊണ്ടുള്ള വസ്ത്രം ധരിക്കുകയും രോമങ്ങൾ കൊണ്ടുള്ള പാദരക്ഷകൾ ധരിച്ച് നടക്കുകയും ചെയ്യുന്നവരാണ്.”

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...