Tweet 1419

    Tweet 1419
    May 3, 2026 • Sunday
    Post Header

    മുഅ്ത യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് നമുക്കിങ്ങനെ വായിക്കാം.
    ബൈഹഖി(റ)യും അബൂ നുഐമും(റ) മൂസബ്നു ഉഖ്ബ(റ)യിൽ നിന്നും അദ്ദേഹം ഇബ്നു ശിഹാബി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ ഇപ്രകാരം പറഞ്ഞതായി അവർ ഉദ്ധരിക്കുന്നു: “ജഅ്ഫർ ബിൻ അബീ ത്വാലിബ്(റ) മലക്കുകളോടൊപ്പം ചിറകടിച്ചു പറന്നു എന്റെ അരികിലൂടെ കടന്നുപോയി. അദ്ദേഹത്തിന് രണ്ട് ചിറകുകളുണ്ട്.”

    മുഅ്തയിലെ വിശേഷങ്ങൾ അറിയിക്കാനായി യഅ്‌ല ബിൻ മുനയ്യ(റ) തിരുനബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: “നീ പറയുന്നോ, അതോ ഞാൻ പറയണോ?”
    അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് തന്നെ പറഞ്ഞുതന്നാലും.” തുടർന്ന് തിരുനബിﷺ ആ യുദ്ധത്തിൽ പങ്കെടുത്ത ഓരോരുത്തരുടെയും വിവരങ്ങൾ അവർക്ക് വിവരിച്ചുകൊടുത്തു. അപ്പോൾ യഅ്‌ല(റ) പറഞ്ഞു: “സത്യവുമായി അവിടുത്തെ നിയോഗിച്ചവൻ തന്നെയാണെ സത്യം! അവിടുന്ന് പറഞ്ഞതിൽ നിന്ന് ഒരു അക്ഷരം പോലും മാറ്റമില്ല, കാര്യങ്ങൾ അവിടുന്ന് പറഞ്ഞതുപോലെ തന്നെയാണ് നടന്നത്.” അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹു എനിക്ക് ഭൂമിയെ ഉയർത്തിക്കാട്ടിത്തന്നു, അങ്ങനെ അവർ പോരാടിയ ഇടം ഞാൻ നേരിൽ കണ്ടു.”

    ഇമാം ബുഖാരി(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ സെയ്ദ്(റ), ജഅ്ഫർ(റ), അബ്ദുല്ലാഹിബ്നു റവാഹ(റ) എന്നിവരെ യുദ്ധത്തിന് നിയോഗിക്കുകയും പതാക സെയ്ദി(റ)നെ ഏൽപ്പിക്കുകയും ചെയ്തു. അവർ മൂവരും രക്തസാക്ഷികളായി. ആ വാർത്ത എത്തുന്നതിന് മുൻപ് തന്നെ തിരുനബിﷺ അവരെക്കുറിച്ച് വിലപിച്ചുകൊണ്ട് പറഞ്ഞു: “സെയ്ദ്(റ) പതാക ഏറ്റെടുത്തു, അദ്ദേഹം രക്തസാക്ഷിയായി. പിന്നീട് ജഅ്ഫർ(റ) അത് ഏറ്റെടുത്തു, അദ്ദേഹവും രക്തസാക്ഷിയായി. പിന്നീട് ഇബ്നു റവാഹ(റ) ഏറ്റെടുത്തു, അദ്ദേഹവും രക്തസാക്ഷിയായി.” ശേഷം അവിടുന്ന് കൽപ്പിക്കാതെ തന്നെ ഖാലിദ് ബിൻ വലീദ്(റ) പതാക ഏറ്റെടുക്കുകയും അല്ലാഹു അദ്ദേഹത്തിന് വിജയം നൽകുകയും ചെയ്തു.

    ഹാതിബ് ബിൻ അബീ ബൽതഅ(റ) അയച്ച കത്തിനെക്കുറിച്ച് തിരുനബിﷺ പറഞ്ഞ നിവേദനം ഇപ്രകാരമാണ്. ഇബ്നു ഇസ്ഹാഖും(റ) ബൈഹഖി(റ)യും ഉർവ്വ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ മക്കയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ ഹാതിബ് ബിൻ അബീ ബൽതഅ(റ) മക്കയിലെ ഖുറൈശികൾക്ക് തിരുനബിﷺ വരാൻ പോകുന്ന വിവരം അറിയിച്ചുകൊണ്ട് ഒരു കത്തെഴുതി. അദ്ദേഹം അത് മുസൈന ഗോത്രക്കാരിയായ ഒരു സ്ത്രീയെ ഏൽപ്പിക്കുകയും അവർക്ക് പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. അവർ ആ കത്ത് തന്റെ മുടിയിൽ ഒളിപ്പിച്ചുവെച്ചു പുറപ്പെട്ടു. ഹാതിബ്(റ) ചെയ്ത ഈ കാര്യം ആകാശത്തുനിന്ന് ജിബ്‌രീൽ(അ) വഴി തിരുനബിﷺ അറിഞ്ഞു. ഉടനെ അവിടുന്ന് അലിയ്യ് ബിൻ അബീ ത്വാലിബ്(റ), സുബൈർ ബിൻ അവ്വാം(റ) എന്നിവരെ വിളിച്ച് പറഞ്ഞു: “നിങ്ങൾ പോയി ഒരു സ്ത്രീയെ കണ്ടെത്തുക, ഖുറൈശികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഹാതിബി(റ)ന്റെ കത്ത് അവളുടെ പക്കലുണ്ട്.

    ബുഖാരി(റ)യും മുസ്‌ലിമും(റ) അലിയ്യ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: തിരുനബിﷺ എന്നെയും സുബൈറി(റ)നെയും മിഖ്ദാദി(റ)നെയും അയച്ചുകൊണ്ട് പറഞ്ഞു: “നിങ്ങൾ ‘റൗളത്തു ഖാഖ്’ എന്ന സ്ഥലം വരെ പോവുക. അവിടെ യാത്രക്കാരിയായ ഒരു സ്ത്രീയുണ്ടാകും, അവളുടെ അടുത്ത് ഒരു കത്തുണ്ട്, അത് വാങ്ങി വരിക.” അലി(റ) തുടർന്നു: ഞങ്ങൾ കുതിരപ്പുറത്ത് വേഗത്തിൽ പോയി ആ സ്ഥലത്തെത്തി സ്ത്രീയെ കണ്ടുമുട്ടി. ഞങ്ങൾ പറഞ്ഞു: “കത്ത് പുറത്തെടുക്കൂ.” അവൾ പറഞ്ഞു: “എന്റെ അടുത്ത് കത്തൊന്നുമില്ല.” ഞങ്ങൾ പറഞ്ഞു: “ഒന്നുകിൽ നീ കത്ത് പുറത്തെടുക്കണം, അല്ലെങ്കിൽ നിന്റെ വസ്ത്രങ്ങൾ അഴിച്ചു പരിശോധിക്കേണ്ടി വരും.” അപ്പോൾ അവൾ തന്റെ മുടിക്കെട്ടിനുള്ളിൽ നിന്ന് കത്ത് പുറത്തെടുത്തു. ഞങ്ങൾ അത് തിരുനബിﷺയുടെ അടുത്തെത്തിച്ചു. അതിൽ ഇപ്രകാരമായിരുന്നു: “ഹാതിബ് ബിൻ അബീ ബൽതഅ(റ)യിൽ നിന്ന് മക്കയിലെ മുശ്രിക്കുകളായ ചില ആളുകൾക്ക്; തിരുനബിﷺയുടെ ചില തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു.”

    തിരുനബിﷺ ചോദിച്ചു: “ഹാതിബ്, ഇതെന്താണ്?”
    അദ്ദേഹം മറുപടി നൽകി: “അല്ലാഹുവിന്റെ ദൂതരെﷺ, എന്നോട് ധൃതിപ്പെട്ട് നടപടിയെടുക്കരുത്. ഞാൻ ഖുറൈശികളുമായി സഖ്യത്തിലുള്ള ആളാണ്, പക്ഷേ അവരിൽപ്പെട്ടവനല്ല. അവിടുത്തോടൊപ്പമുള്ള മുഹാജിറുകൾക്കെല്ലാം അവരുടെ കുടുംബത്തെയും സ്വത്തിനെയും സംരക്ഷിക്കാൻ മക്കയിൽ ബന്ധുക്കളുണ്ട്. എനിക്ക് അത്തരത്തിൽ വംശീയമായ ബന്ധങ്ങൾ ഇല്ലാത്തതുകൊണ്ട്, എന്റെ കുടുംബത്തിന് അവിടെ സംരക്ഷണം കിട്ടാനായി ഖുറൈശികളോട് ഒരു ഉപകാരം ചെയ്യാമെന്ന് ഞാൻ കരുതി. എന്റെ മതം ഉപേക്ഷിക്കാനോ ഇസ്‌ലാമിന് ശേഷം കുഫ്റിൽ സംതൃപ്തനായോ അല്ല ഞാൻ ഇത് ചെയ്തത്.”

    അപ്പോൾ തിരുനബിﷺ പറഞ്ഞു: “അദ്ദേഹം നിങ്ങളോട് സത്യമാണ് പറഞ്ഞത്.” ഉമർ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഈ കപട വിശ്വാസിയുടെ കഴുത്തറുക്കാൻ എന്നെ അനുവദിക്കൂ.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അദ്ദേഹം ബദ്റിൽ പങ്കെടുത്ത ആളാണ്. നിനക്കെന്തറിയാം! അല്ലാഹു ബദ്റിൽ പങ്കെടുത്തവരെ നോക്കി ഇപ്രകാരം പറഞ്ഞിട്ടുണ്ടാകാം: ‘നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തുകൊള്ളൂ, തീർച്ചയായും ഞാൻ നിങ്ങൾക്ക് പൊറുത്തുതന്നിരിക്കുന്നു!'”

    അപ്പോഴാണ് “സത്യവിശ്വാസികളേ, എന്റെ ശത്രുക്കളെയും നിങ്ങളുടെ ശത്രുക്കളെയും നിങ്ങൾ മിത്രങ്ങളാക്കരുത്. നിങ്ങൾ അവർക്ക് സ്നേഹബന്ധം വെച്ചുനീട്ടുന്നു…” എന്നാശയമുള്ള മുംതഹന അധ്യായത്തിലെ ഒന്നാം സൂക്തം അവതരിച്ചത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...