Tweet 1420

    Tweet 1420
    May 4, 2026 • Monday
    Post Header

    മക്കാ വിജയദിവസം അൻസ്വാരികൾ പറഞ്ഞ കാര്യത്തെക്കുറിച്ച് തിരുനബിﷺ അറിയിച്ച കാര്യങ്ങൾ ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: മക്കാ വിജയദിവസം അൻസ്വാരികൾ പറഞ്ഞു: “തിരുനബിﷺയിൽ സ്വന്തം ഗ്രാമത്തോടുള്ള താല്പര്യവും കുടുംബത്തോടുള്ള കരുണയും ഉണർന്നിരിക്കുന്നു. അതുകൊണ്ട് അവിടുന്ന് മക്കയിൽ തന്നെ താമസിച്ചേക്കാം.” പ്രവാചകന്ﷺ വഹ്‌യ് അഥവാ ദിവ്യസന്ദേശം വരുമ്പോൾ അത് ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നു. വഹ്‌യ് ലഭിക്കുമ്പോൾ അത് കഴിയുന്നത് വരെ ആരും അവിടുത്തെ മുഖത്തേക്ക് നോക്കുമായിരുന്നില്ല. വഹ്‌യ് അവസാനിച്ചപ്പോൾ പ്രവാചകൻﷺ ചോദിച്ചു: “അൻസാരികളേ, നിങ്ങൾ ഇപ്രകാരമല്ലേ പറഞ്ഞത്: ‘തിരുനബിﷺക്ക് സ്വന്തം ഗ്രാമത്തോടുള്ള താല്പര്യവും കുടുംബത്തോടുള്ള കരുണയും ഉണർന്നിരിക്കുന്നു’ എന്ന്?”
    അവർ പറഞ്ഞു: “അതെ.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഒരിക്കലുമല്ല, ഞാൻ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനുമാണ്. എന്റെ ജീവിതം നിങ്ങളുടെ ജീവിതത്തോടൊപ്പവും എന്റെ മരണം നിങ്ങളുടെ മരണത്തോടൊപ്പവുമാണ്.” ഇത് കേട്ടപ്പോൾ അൻസ്വാരികൾ കരഞ്ഞുകൊണ്ട് അടുത്തു വന്നു. അവർ പറഞ്ഞു: “അല്ലാഹുവാണെ സത്യം! അല്ലാഹുവിനോടും അവന്റെ തിരുദൂതനോﷺടുമുള്ള അമിതമായ സ്നേഹം കാരണം അവിടുത്തെ നഷ്ടപ്പെടുമോ എന്ന ഭയം കൊണ്ടാണ് ഞങ്ങൾ അത് പറഞ്ഞത്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹുവും അവന്റെ ദൂതനും നിങ്ങളെ സത്യപ്പെടുത്തുകയും നിങ്ങളുടെ ഒഴികഴിവ് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.”

    ഉസ്മാൻ ബിൻ ത്വൽഹ(റ) പറയുന്നു: ഹിജ്റയ്ക്ക് മുൻപ് മക്കയിൽ വെച്ച് തിരുനബിﷺ എന്നെ കണ്ടുമുട്ടുകയും ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഞാൻ പറഞ്ഞു: “മുഹമ്മദ്ﷺ, നിങ്ങൾ നിങ്ങളുടെ ജനതയുടെ മതത്തെ എതിർക്കുകയും പുതിയൊരു മതം കൊണ്ടുവരികയും ചെയ്തിട്ട് ഞാൻ നിങ്ങളുടെ മതത്തെ പിന്തുടരുമെന്ന് ആഗ്രഹിക്കുന്നത് അത്ഭുതം തന്നെ!”
    ജാഹിലിയ്യാ കാലത്ത് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഞങ്ങൾ കഅ്ബ തുറക്കുമായിരുന്നു. ഒരിക്കൽ ജനങ്ങളോടൊപ്പം തിരുനബിﷺ കഅ്ബയിൽ പ്രവേശിക്കാൻ വന്നപ്പോൾ ഞാൻ അവിടുത്തോട് പരുഷമായി പെരുമാറുകയും തടയുകയും ചെയ്തു. എന്നാൽ ക്ഷമയോടെ എന്നോട് പറഞ്ഞു: “ഉസ്മാൻ(റ), ഈ താക്കോൽ എന്റെ കയ്യിൽ ഇരിക്കുന്നത് നീ കാണുന്ന കാലം വരും. അന്നത് എനിക്ക് ഇഷ്ടമുള്ളവർക്ക് ഞാൻ നൽകും.” ഞാൻ പറഞ്ഞു: “അന്ന് ഖുറൈശികൾ നശിക്കുകയും അപമാനിതരാവുകയും ചെയ്തിരിക്കുമല്ലോ.” തിരുനബിﷺ പറഞ്ഞു: “അല്ല, അന്ന് അവർ പ്രതാപവാന്മാരും മാന്യന്മാരുമായിരിക്കും.”

    പിന്നീട് മക്കാ വിജയദിവസം തിരുനബിﷺ എന്നോട് പറഞ്ഞു: “ഉസ്മാൻ(റ), താക്കോൽ കൊണ്ടുവരിക.” ഞാൻ അത് നൽകി. അവിടുന്ന് അത് വാങ്ങി വീണ്ടും എനിക്ക് തന്നെ തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു: “ഇത് എന്നെന്നേക്കുമായി എടുത്തുകൊള്ളുക. അക്രമിയായവനല്ലാതെ മറ്റാരും ഇത് നിങ്ങളിൽ നിന്ന് പിടിച്ചുവാങ്ങുകയില്ല.” ഞാൻ മടങ്ങിപ്പോകാൻ നേരം എന്നെ വിളിച്ച് ചോദിച്ചു: “ഞാൻ നിന്നോട് പറഞ്ഞിരുന്ന കാര്യം സംഭവിച്ചില്ലേ?” അന്ന് മക്കയിൽ വെച്ച് പറഞ്ഞ കാര്യം ഞാൻ ഓർത്തു. ഉടനെ ഞാൻ പറഞ്ഞു: “അവിടുന്ന് അല്ലാഹുവിന്റെ സത്യസന്ധനായ ദൂതനാﷺണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.”

    ശൈബ ബിൻ ഉസ്മാൻ(റ) പറയുന്നു: ഹുനൈൻ യുദ്ധദിവസം ഞാൻ തിരുനബിﷺയോടൊപ്പം പുറപ്പെട്ടു. അല്ലാഹുവാണെ സത്യം! ഇസ്‌ലാമിനോടുള്ള താല്പര്യം കൊണ്ടല്ല ഞാൻ പോയത്. മറിച്ച് ഹവാസിൻ ഗോത്രം ഖുറൈശികളുടെ മേൽ വിജയിക്കുന്നത് തടയാനാണ് ഞാൻ പോയത്. ഞാൻ തിരുനബിﷺയുടെ അടുത്ത് നിൽക്കുമ്പോൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, കറുപ്പും വെളുപ്പും കലർന്ന കുതിരകളെ ഞാൻ കാണുന്നുണ്ടല്ലോ.” അപ്പോൾ അവിടുന്ന് പറഞ്ഞു: “ശൈബാ(റ), സത്യനിഷേധിയല്ലാതെ അവയെ കാണുകയില്ല.” ശേഷം അവിടുന്ന് എന്റെ നെഞ്ചിൽ കൈവെച്ച് മൂന്ന് തവണ പ്രാർത്ഥിച്ചു: “അല്ലാഹുവേ, ശൈബ(റ)യ്ക്ക് സന്മാർഗ്ഗം നൽകേണമേ.” മൂന്നാം തവണ കൈ എടുത്തപ്പോഴേക്കും പ്രപഞ്ചത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി തിരുനബിﷺ മാറി.

    മറ്റൊരു നിവേദനത്തിൽ ശൈബ(റ) പറയുന്നു: പ്രവാചകൻﷺ മക്ക കീഴടക്കിയപ്പോൾ ഖുറൈശികളോടൊപ്പം ഞാൻ ഹുനൈനിലേക്ക് പോയി. യുദ്ധത്തിന്റെ ബഹളത്തിനിടയിൽ മുഹമ്മദ് നബിﷺയെ വധിക്കാനും അങ്ങനെ ഖുറൈശികൾക്ക് വേണ്ടിയുള്ള പ്രതികാരം തീർക്കാനും ഞാൻ അവസരം പാർത്തിരുന്നു. ലോകം മുഴുവൻ പ്രവാചകനെﷺ അനുഗമിച്ചാലും ഞാൻ പിന്തുടരില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. യുദ്ധം മുറുകിയപ്പോൾ പ്രവാചകൻﷺ അവിടുത്തെ വാഹനത്തിൽ നിന്നിറങ്ങി. ഞാൻ വാളൂരി പ്രവാചകനെﷺ ലക്ഷ്യം വെച്ച് അടുത്തു. അപ്പോൾ മിന്നൽ പോലെ ഒരു തീജ്വാല എന്റെ നേരെ വന്നു. ഭയം കാരണം ഞാൻ കൈകൾ കൊണ്ട് കണ്ണ് മൂടി. അപ്പോൾ പ്രവാചകൻﷺ എന്നെ വിളിച്ച് പറഞ്ഞു: “അടുത്തേക്ക് വരൂ.” ഞാൻ അടുത്ത് ചെന്നപ്പോൾ അവിടുന്ന് എന്റെ നെഞ്ചിൽ തടവി പ്രാർത്ഥിച്ചു: “അല്ലാഹുവേ, പിശാചിൽ നിന്ന് ഇദ്ദേഹത്തിന് കാവൽ നൽകേണമേ.” അല്ലാഹുവാണെ സത്യം! അപ്പോൾ മുതൽ എന്റെ സ്വന്തം ജീവനേക്കാൾ തിരുനബിﷺ പ്രിയപ്പെട്ടവരായി മാറി. ശേഷം ചോദിച്ചു: “ശൈബ(റ), നീ നിനക്ക് വേണ്ടി ഉദ്ദേശിച്ചതിനേക്കാൾ നല്ലതാണല്ലോ അല്ലാഹു നിനക്ക് വേണ്ടി ഉദ്ദേശിച്ചത്?” ശേഷം, ഞാൻ മനസ്സിൽ ഒളിപ്പിച്ചു വെച്ച കാര്യങ്ങൾ എന്നോട് ഇങ്ങോട്ട് പറഞ്ഞു! ഉടനെ ഞാൻ പറഞ്ഞു: “അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാﷺണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. എനിക്ക് വേണ്ടി പാപമോചനം തേടണമേ.” തിരുനബിﷺ പറഞ്ഞു: “അല്ലാഹു നിനക്ക് പൊറുത്തുതന്നിരിക്കുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...