
അവിശ്വസനീയമായ ധീരതയോടെ പോരാടിയ ഒരാളെക്കുറിച്ച് അവൻ നരകാവകാശിയാണെന്ന് തിരുനബിﷺ പ്രവചിച്ചതും, പിന്നീട് അയാൾ യുദ്ധമുതലിൽ നിന്ന് മോഷണം നടത്തിയതായി അല്ലെങ്കിൽ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതുമായ സംഭവങ്ങളും ഒരിക്കൽ കൂടി ഒന്ന് വായിച്ചു പോകാം.
സൈദ് ബിൻ ഖാലിദ് അൽ-ജുഹാനി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ കൂട്ടുകാരന് വേണ്ടി നിങ്ങൾ തന്നെ മയ്യിത്ത് നിസ്കരിക്കുക, അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധമുതൽ മോഷ്ടിച്ചിരിക്കുന്നു.” തുടർന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ സാധനങ്ങൾ പരിശോധിച്ചപ്പോൾ, ജൂതന്മാരുടെ മുത്തുകളിൽ പെട്ട രണ്ട് ദിർഹം പോലും വിലമതിക്കാത്ത കുറച്ച് മുത്തുകൾ അതിൽ നിന്ന് കണ്ടെടുത്തു.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹുനൈൻ യുദ്ധത്തിലായിരുന്നു. അപ്പോൾ മുസ്‌ലിമാണെന്ന് അവകാശപ്പെട്ടിരുന്ന ഒരാളെക്കുറിച്ച് നബിﷺ പറഞ്ഞു: “ഇവൻ നരകാവകാശിയാണ്.” യുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം അതിശക്തമായി പോരാടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, നരകാവകാശിയാണെന്ന് അവിടുന്ന് പറഞ്ഞ ആൾ അതിശക്തമായി പോരാടുകയും മരണപ്പെടുകയും ചെയ്തിരിക്കുന്നു.” തിരുനബിﷺ പറഞ്ഞു: “അവൻ നരകത്തിലേക്കാണ്.”
ഇതുകേട്ടപ്പോൾ ചില മുസ്‌ലിംകൾ സംശയത്തിലായി. ആ സമയത്താണ് ഒരാൾ വന്ന് പറഞ്ഞത്: “അദ്ദേഹം മരിച്ചിട്ടില്ല, പക്ഷേ കഠിനമായ പരിക്കേറ്റിട്ടുണ്ട്.” രാത്രിയായപ്പോൾ വേദന സഹിക്കാനാവാതെ അയാൾ സ്വന്തം വാളുപയോഗിച്ച് ആത്മഹത്യ ചെയ്തു. വിവരം അറിഞ്ഞ തിരുനബിﷺ പറഞ്ഞു: “അല്ലാഹു അക്ബർ! ഞാൻ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.” തുടർന്ന് ബിലാൽ(റ)നോട് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: “മുസ്‌ലിമായ ആത്മാവല്ലാതെ സ്വർഗത്തിൽ പ്രവേശിക്കില്ല. നിശ്ചയം അല്ലാഹു ഈ ദീനിനെ പാപിയായ മനുഷ്യനെക്കൊണ്ടും ചിലപ്പോൾ സഹായിക്കും.” ഇമാം മുസ്‌ലിം(റ) ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
സഹ്‌ൽ ബിൻ സഅദ് അസ്സായിദി(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺയും മുശ്രിക്കുകളും തമ്മിൽ യുദ്ധം നടന്നു. ഇരുവിഭാഗവും തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങിയപ്പോൾ, മുസ്‌ലിം പക്ഷത്ത് ഒരാളുണ്ടായിരുന്നു. ശത്രുക്കളുടെ ഒറ്റപ്പെട്ട ഒരാളെപ്പോലും വിടാതെ അദ്ദേഹം വാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നു. ജനങ്ങൾ പറഞ്ഞു: “ഇന്ന് ഇദ്ദേഹം ചെയ്തതുപോലെ മറ്റാരും പോരാടിയിട്ടില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അറിയുക, അവൻ നരകാവകാശിയാണ്.” ഇതുകേട്ട ഒരാൾ പറഞ്ഞു: “ഞാൻ അവനെ നിരീക്ഷിക്കുക തന്നെ ചെയ്യും.” അയാൾ ആ പോരാളിയെ പിന്തുടർന്നു. പോരാളിയായ ആൾക്ക് കഠിനമായി പരിക്കേറ്റു. മരണം വേഗത്തിലാക്കാൻ അയാൾ തന്റെ വാൾ നിലത്ത് ഉറപ്പിച്ചുനിർത്തി അതിന്റെ കൂർത്ത മുന നെഞ്ചിലേക്ക് വെച്ച് അതിലേക്ക് അമർന്ന് ആത്മഹത്യ ചെയ്തു. ആ ദൃക്സാക്ഷി തിരുനബിﷺയെ സമീപിച്ച് പറഞ്ഞു: “അങ്ങ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.” തിരുനബിﷺ ചോദിച്ചു: “എന്താണത്?” അദ്ദേഹം നടന്ന കാര്യങ്ങൾ വിവരിച്ചു.
അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഒരാൾ ജനങ്ങളുടെ ദൃഷ്ടിയിൽ സ്വർഗാവകാശികളുടെ പ്രവൃത്തികൾ ചെയ്തേക്കാം, പക്ഷേ അയാൾ നരകാവകാശിയായിരിക്കും. അതുപോലെ ഒരാൾ പ്രത്യക്ഷത്തിൽ നരകാവകാശികളുടെ പ്രവർത്തികൾ ചെയ്തേക്കാം, എന്നാൽ അയാൾ സ്വർഗാവകാശിയായിരിക്കും.”
ഉഹ്‌ദ് യുദ്ധവേളയിൽ ‘ഖുർമാൻ’ എന്ന ആളെക്കുറിച്ച് പരാമർശിച്ചപ്പോഴും അദ്ദേഹം നരകാവകാശിയാണെന്ന് തിരുനബിﷺ പറഞ്ഞിരുന്നു, ഒടുവിൽ അയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
