Tweet 1398

    Tweet 1398
    April 12, 2026 • Sunday
    Post Header

    ഇമാം ബുഖാരി(റ) താരീഖിലും ഇബ്നു സഅദ്(റ), ബൈഹഖി(റ) എന്നിവരും മദ്‌ലൂക് അബൂ സുഫിയാനി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ യജമാനന്മാരോടൊപ്പം തിരുനബിﷺയുടെ അടുക്കൽ വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് തിരു കരങ്ങൾ എന്റെ തലയിൽ തടവി. തിരുനബിﷺ തടവിയ ആ ഭാഗത്തെ മുടി മാത്രം കറുത്തിരിക്കുകയും ബാക്കിയുള്ള ഭാഗം നരയ്ക്കുകയും ചെയ്തതായി ഞങ്ങൾ കണ്ടു.”

    ഇമാം ബുഖാരി(റ)യും ബൈഹഖി(റ)യും യൂനുസ് ബിൻ മുഹമ്മദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞു: “തിരുനബിﷺ മദീനയിൽ എത്തുമ്പോൾ എനിക്ക് രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. എന്നെ തിരുനബിﷺയുടെ അടുത്തു കൊണ്ടുപോയി. അവിടുന്ന് എന്റെ തലയിൽ തടവുകയും ബറകത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. തിരുനബിﷺ വിടവാങ്ങൽ ഹജ്ജ് നടത്തുമ്പോൾ എനിക്ക് ഇരുപത് വയസ്സായിരുന്നു.”
    യൂനുസ്(റ) പറയുന്നു: “എന്റെ പിതാവ് ദീർഘകാലം ജീവിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിലെ രോമങ്ങൾ നരച്ചു വെളുത്തിരുന്നു. എങ്കിലും തിരുനബിﷺ. തടവിയ ആ ഭാഗത്തെ തലമുടിയോ താടിയോ മാത്രം ഒരിക്കലും നരച്ചിരുന്നില്ല.”

    ഇമാം തുർമുദി(റ)യും ബൈഹഖി(റ)യും ഉദ്ധരിക്കുന്ന റിപ്പോർട്ട് പ്രകാരം, പ്രവാചകൻﷺ അദ്ദേഹത്തിന്റെ തലയിൽ കൈവെച്ച് “അല്ലാഹുവേ, ഇദ്ദേഹത്തെ നീ സുന്ദരനാക്കുകയും ആ സൗന്ദര്യം നിലനിർത്തുകയും ചെയ്യേണമേ” എന്ന് പ്രാർത്ഥിച്ചു. ഇതിന്റെ ഫലമായി നൂറിലധികം വയസ്സായിട്ടും അദ്ദേഹത്തിന്റെ താടിയിൽ നര ബാധിച്ചില്ല. മരണം വരെ അദ്ദേഹത്തിന്റെ മുഖം ചുളിവുകളില്ലാതെ പ്രസന്നമായി നിലകൊണ്ടു.

    അനസ്(റ) നിവേദനം ചെയ്യുന്ന റിപ്പോർട്ടിൽ, ഒരു ജൂതൻ തിരുനബിﷺയുടെ ഒരു താടി രോമം എടുത്തപ്പോൾ അവിടുന്ന് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് ആ വ്യക്തിയുടെ വെളുത്ത താടി കറുപ്പാവുകയും മരണം വരെ അത് മാറാതെ നിൽക്കുകയും ചെയ്തു.

    ഖതാദ(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരു ജൂതൻ തിരുനബിﷺക്ക് വേണ്ടി ഒട്ടകത്തെ കറന്നു കൊടുത്തു. തിരുനബിﷺ “അല്ലാഹുവേ, ഇദ്ദേഹത്തെ നീ സുന്ദരനാക്കണേ” എന്ന് പ്രാർത്ഥിച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മുടി കറുത്തതായി മാറി. തൊണ്ണൂറ് വയസ്സ് വരെ അദ്ദേഹം ജീവിച്ചിട്ടും മുടി നരച്ചില്ല എന്ന് ഇമാം മഅ്മർ(റ) രേഖപ്പെടുത്തുന്നു.

    ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന റിപ്പോർട്ടിൽ ഹൻളല(റ)യുടെ പിതാവ് അദ്ദേഹത്തെ തിരുനബിﷺയുടെ അടുത്തേക്ക് കൊണ്ടുചെന്നു. അവിടുന്ന് ഹൻളല(റ)യുടെ തലയിൽ തലോടി അനുഗ്രഹിച്ചു. ഇതിന് ശേഷം അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചു: “മുഖത്ത് നീരോ മറ്റു അസുഖങ്ങളോ ഉള്ളവരെ ഹൻളല(റ)യുടെ അടുത്തേക്ക് കൊണ്ടുവരുമായിരുന്നു. അദ്ദേഹം തന്റെ കൈവെള്ളയിൽ ഉമിനീർ പുരട്ടി ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലി തിരുനബിﷺ തന്റെ തലയിൽ കൈവെച്ച അതേ ഭാഗത്ത് കൈ വെക്കും. ശേഷം ആ കൈ രോഗിയുടെ നീരുള്ള ഭാഗത്ത് തടവിയാൽ ഉടൻ തന്നെ ആ രോഗം ശമിക്കുമായിരുന്നു.”

    ഇബ്നു സഅദ്(റ), ഇബ്നു ശാഹീൻ(റ), അബ്ദുല്ലാഹ് ബിൻ ആമിർ അൽ ബക്കാഇ(റ), ഇമാം ബുഖാരി(റ) ചരിത്രഗ്രന്ഥത്തിൽ, അബൂ നുഐം(റ), അബുൽ ഖാസിം അൽ-ബഗവി(റ) തുടങ്ങിയവർ ബിശ്‌ർ ബിൻ മുആവിയ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ബനൂ ബക്കാഅ് ഗോത്രത്തിൽ നിന്നും മൂന്ന് പേർ തിരുനബിﷺയുടെ അടുക്കൽ പ്രതിനിധികളായി എത്തി. മുആവിയ ബിൻ സൗർ(റ), അദ്ദേഹത്തിന്റെ മകൻ ബിശ്‌ർ(റ), അൽ-ഫജീഅ് ബിൻ അബ്ദില്ലാഹ്(റ) എന്നിവരായിരുന്നു അവർ. കൂടെ അബ്ദ് അംറ് അൽ-ബക്കാഇ(റ)യും ഉണ്ടായിരുന്നു.

    അപ്പോൾ മുആവിയ(റ) പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേﷺ, അങ്ങയുടെ സ്പർശനത്താൽ അനുഗ്രഹം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എന്റെ മകൻ ബിശ്‌റി(റ)ന്റെ മുഖം ഒന്ന് തടവി അനുഗ്രഹിക്കണം.” അങ്ങനെ തിരുനബിﷺ അവന്റെ മുഖം തടവുകയും അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ സ്പർശനത്തിന്റെ ഫലമായി കുതിരയുടെ നെറ്റിയിലെ വെളുത്ത അടയാളം പോലെ അവന്റെ മുഖത്ത് ഒരു പ്രത്യേക ശോഭ പ്രകടമായിരുന്നു. ആ കൈകൾ കൊണ്ട് അദ്ദേഹം എന്തിനെ തടവിയാലും അതിന് രോഗശാന്തി ലഭിക്കുമായിരുന്നു. തിരുനബിﷺ അവർക്ക് വെളുത്ത നിറമുള്ള ഏതാനും പെണ്ണാടുകളെയും നൽകി. നിവേദകനായ ജഅ്ദ്(റ) പറയുന്നു: “പിന്നീട് ബനൂ ബക്കാഅ് ഗോത്രത്തിൽ പട്ടിണിയോ വരൾച്ചയോ ബാധിച്ചാൽ പോലും ഈ കുടുംബത്തെ അത് ബാധിക്കുമായിരുന്നില്ല.”

    ഇത് സംബന്ധമായി ബിശ്‌റി(റ)ന്റെ മകൻ മുഹമ്മദ്(റ) പാടിയ ഒരു കവിതയുടെ ആശയം ഇങ്ങനെയാണ്.
    “എന്റെ പിതാവിന്റെ തലയിൽ തിരുനബിﷺ തടവുകയും,
    അദ്ദേഹത്തിന് നന്മയ്ക്കും അനുഗ്രഹത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്തു.
    അടുക്കൽ വന്ന അദ്ദേഹത്തിന് അഹ്മദ് നബിﷺ ആടുകളെ നൽകി,
    പാലിനാൽ സമൃദ്ധമായ, വറ്റാത്ത അകിടുകളുള്ള വെളുത്ത ആടുകൾ.
    എല്ലാ വൈകുന്നേരങ്ങളിലും അവ ഗോത്രക്കാരുടെ പാത്രങ്ങൾ നിറയ്ക്കും,
    ഓരോ പ്രഭാതത്തിലും ആ സമൃദ്ധി വീണ്ടും ആവർത്തിക്കും.
    ആ ദാനത്തിലും അത് നൽകിയ പ്രവാചകനിﷺലും അനുഗ്രഹമുണ്ട്,
    ജീവിച്ചിരിക്കുന്ന കാലമത്രയും ആ പ്രവാചകന്ﷺ മേൽ എന്റെ സ്വലാത്തുകൾ ഉണ്ടായിരിക്കും.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...