
തിരുനബിﷺയുടെ കരസ്പർശത്താൽ മുടിയിൽ ദൃശ്യമായ അനുഗ്രഹങ്ങൾ സംബന്ധിച്ച വായനയാണിത്.
അബൂ തുഫൈലി(റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺയുടെ കാലത്ത് ഒരാൾക്ക് ഒരു ആൺകുട്ടി ജനിച്ചു. അദ്ദേഹം കുഞ്ഞിനെ നബിﷺയുടെ അടുത്തു കൊണ്ടുവന്നു. തിരുനബിﷺ അവന് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും അവന്റെ നെറ്റിയിൽ തലോടുകയും ചെയ്തു. അപ്പോൾ അവന്റെ നെറ്റിയിൽ കുതിരയുടെ മുടി പോലെ മുടി വളർന്നു വന്നു. ആ ബാലൻ വളർന്നപ്പോൾ ‘ഖവാരിജുകളുടെ’ ചിന്താഗതിയിൽ അകപ്പെട്ടു. ഇതറിഞ്ഞ പിതാവ് അവനെ പിടിച്ചു കെട്ടി തടവിലാക്കി. ആ സമയത്ത് തിരുനബിﷺ തടവിയപ്പോൾ വളർന്നു വന്ന ആ മുടി കൊഴിഞ്ഞുപോയി. മുടി കൊഴിഞ്ഞത് അവന് വലിയ വിഷമമായി. അപ്പോൾ അവനോട് പറയപ്പെട്ടു: “ഇത് നിന്റെ തെറ്റായ ചിന്താഗതി കാരണം സംഭവിച്ചതാണ്. തിരുനബിﷺയുടെ ബറകത്ത് നിന്നിൽ നിന്ന് നീങ്ങിയത് കണ്ടില്ലേ?” പിന്നീട് അയാൾ തൗബ ചെയ്ത് മടങ്ങുന്നത് വരെ അവർ ഉപദേശിച്ചു കൊണ്ടിരുന്നു. അദ്ദേഹം തൗബ ചെയ്തപ്പോൾ അല്ലാഹു ആ മുടി വീണ്ടും അവിടെ വളർത്തി. അബൂ ഫസൽ(റ) പറയുന്നു: “ആ മുടി കൊഴിഞ്ഞതും പിന്നീട് വീണ്ടും വളർന്നതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.”
ഹാഫിള് മുഹമ്മദ് ബിൻ സഅദ്(റ) തന്റെ ‘ത്വബഖാത്തി’ൽ രേഖപ്പെടുത്തുന്നു: ഹലബ് ബിൻ യസീദ്(റ) തിരുനബിﷺയുടെ അടുക്കൽ വരുമ്പോൾ അദ്ദേഹം കഷണ്ടിയുള്ള ആളായിരുന്നു. തിരുനബിﷺ അദ്ദേഹത്തിന്റെ തലയിൽ സ്പർശിച്ചപ്പോൾ മുടി വളർന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ‘ഹലബ്’ അഥവാ മുടി വളർന്നവൻ എന്ന പേര് വന്നത്.
ത്വബറാനി(റ) മികച്ച പരമ്പരയോടെ റിപ്പോർട്ട് ചെയ്യുന്നു. അബൂ അത്വിയ്യ(റ) പറയുന്നു: “യുവാവായിരിക്കെ എന്റെ കുടുംബം എന്നെ തിരുനബിﷺയുടെ അടുത്തേക്ക് കൊണ്ടുപോയി. തിരുനബിﷺ എന്റെ തലയിൽ തടകി. നൂറു വയസ്സായിട്ടും അദ്ദേഹത്തിന്റെ തലമുടിയും താടിയും കറുത്തിരിക്കുന്നത് ഞാൻ കണ്ടു.”
ത്വബറാനി(റ) റിപ്പോർട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്നു ഹിലാൽ(റ) പറയുന്നു: “എന്റെ പിതാവ് എന്നെ തിരുനബിﷺയുടെ അടുത്തു കൊണ്ടുപോയി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. തിരുനബിﷺ തിരുകരം എന്റെ തലയിൽ വെച്ചു. ആ കൈയുടെ തണുപ്പ് ഞാൻ അനുഭവിച്ചു. അവിടുന്ന് എനിക്ക് വേണ്ടി അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു.” വാർദ്ധക്യം കാരണം മുടി ചീകാൻ പോലും കഴിയാത്ത വിധം വെളുത്തിരുന്നിട്ടും, അദ്ദേഹം പകൽ നോമ്പെടുക്കുകയും രാത്രി നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
ബൈഹഖി(റ)യും ത്വബറാനി(റ)യും റിപ്പോർട്ട് ചെയ്യുന്നു: അംറ്(റ) പറയുന്നു: “ഞാൻ സാല എന്ന സ്ഥലത്ത് വെച്ച് തിരുനബിﷺയെ കണ്ടുമുട്ടി ഇസ്‌ലാം സ്വീകരിച്ചു. അപ്പോൾ അവിടുന്ന് എന്റെ തലയിൽ തടകി.” നിവേദകൻ പറയുന്നു: അംറി(റ)ന് നൂറു വയസ്സായപ്പോഴും, തിരുനബിﷺയുടെ തിരുകരം സ്പർശിച്ച ഭാഗത്തെ മുടി മാത്രം നരച്ചിരുന്നില്ല.
ഇബ്നു സഅദ്(റ), ബൈഹഖി(റ), ത്വബറാനി(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു: സാഇബ്(റ)ന്റെ തലയുടെ മധ്യഭാഗത്തെ മുടി കറുത്തതും ബാക്കിയുള്ള ഭാഗം വെളുത്തതുമായിരുന്നു. സാഇബ് ബിൻ യസീദി(റ)ന്റെ അടിമയായിരുന്ന അത്വാഅ്(റ) പറയുന്നു. സാഇബി(റ)ന്റെ താടി വെളുത്തതും തലമുടി കറുത്തതുമായി ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു: “യജമാനനേ, എന്തുകൊണ്ടാണ് താങ്കളുടെ തലമുടി നരക്കാത്തത്?” അദ്ദേഹം പറഞ്ഞു: “എന്റെ തലമുടി ഒരിക്കലും നരക്കുകയില്ല! കാരണം, ഞാൻ കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന ഒരു ബാലനായിരുന്നപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുത്തു കൂടി കടന്നുപോയി. അവിടുന്ന് ഞങ്ങൾക്ക് സലാം ചൊല്ലി. ആ കുട്ടികൾക്കിടയിൽ നിന്ന് ഞാൻ സലാം മടക്കി. അപ്പോൾ അവിടുന്ന് എന്നെ അരികിലേക്ക് വിളിച്ചു ചോദിച്ചു: ‘നിന്റെ പേരെന്താണ്?’ ഞാൻ പറഞ്ഞു: ‘സഅ്‌ലബ് ബിൻ യസീദ് ബിൻ ഉഖ്ത്തി നമിർ.’ അപ്പോൾ തിരുനബിﷺ തിരുകരം എന്റെ തലയിൽ വെച്ചു കൊണ്ട് ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ’ എന്ന് പ്രാർത്ഥിച്ചു. തിരുനബിﷺയുടെ കൈ സ്പർശിച്ച ആ ഭാഗം പിന്നീട് ഒരിക്കലും നരച്ചിട്ടില്ല.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
