Tweet 1399

    Tweet 1399
    April 13, 2026 • Monday
    Post Header

    തിരുനബിﷺ തങ്ങളുടെ തിരുകരങ്ങൾ കൊണ്ട് അനുചരന്മാരുടെ മുഖത്ത് തടവിയപ്പോൾ ഉണ്ടായ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ലഘു വായനയാണിത്.

    ബനൂ ബക്കാഅ് ഗോത്രത്തിൽ നിന്ന് മുആവിയ ബിൻ സൗറും(റ) മകൻ ബിശ്റും(റ) തിരുനബിﷺയുടെ അടുക്കൽ വന്നു. മുആവിയ(റ) പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ സ്പർശനം കൊണ്ട് ഞാൻ ബറകത്ത് ആഗ്രഹിക്കുന്നു. അതിനാൽ എന്റെ മകൻ ബിശ്റി(റ)ന്റെ മുഖത്തൊന്ന് തടവി നൽകിയാലും.” തിരുനബിﷺ അവന്റെ മുഖത്ത് തടവുകയും അവനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ തിരുസ്പർശനത്താൽ അവന്റെ മുഖത്ത് ഒരു തിളക്കമോണ്ടായിരുന്നു. അവൻ ഏതൊരു രോഗിയുടെ മേൽ തടവിയാലും അവർക്ക് ശമനം ലഭിക്കുമായിരുന്നു.

    ഹിജ്റ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് വേളയിൽ പങ്കെടുത്ത ഖുസൈമ(റ)യുടെ മുഖത്ത് തിരുനബിﷺ തടവിയപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽ വെളുത്ത പ്രകാശം രൂപപ്പെട്ടു. ഖുസൈമ ബിൻ ആസ്വിം(റ) മറ്റൊരു സ്വഹാബിയുടെ മുഖത്ത് തടവിയപ്പോൾ മരണം വരെ ആ മുഖം പുത്തൻ തിളക്കത്തോടെ നിലനിന്നു.

    തിരുനബിﷺ ഖതാദ(റ)യുടെ മുഖത്ത് തടവിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം എപ്പോഴും എണ്ണ തേച്ചതുപോലെ തിളങ്ങുമായിരുന്നു. വീടിന്റെ ഏറ്റവും അറ്റത്ത് ഒരാൾ നടന്നാൽ പോലും ആ വ്യക്തിയുടെ പ്രതിബിംബം ഖതാദ(റ)യുടെ മുഖത്ത് ദർശിക്കാമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

    ഖൈബർ യുദ്ധവേളയിൽ തിരുനബിﷺയുടെ മുന്നിൽ നിന്ന് പോരാടവെ ആഇദി(റ)ന്റെ മുഖത്ത് അമ്പേറ്റു മുറിഞ്ഞു. രക്തം മുഖത്തും നെഞ്ചിലും ഒഴുകിയപ്പോൾ തിരുനബിﷺ തിരുകരം കൊണ്ട് ആ രക്തം തുടച്ചുനീക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം മരണപ്പെട്ട ശേഷം മൃതദേഹം കഴുകിയപ്പോൾ, തിരുനബിﷺ സ്പർശിച്ച ആ ഭാഗം കുതിരയുടെ നെറ്റിയിലെ വെളുത്ത അടയാളം പോലെ പ്രകാശിക്കുന്നത് കണ്ടതായി ചരിത്രത്തിലുണ്ട്.

    തിരുനബിﷺ അദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും കൈ വെച്ച് പ്രാർത്ഥിച്ചു. അതിനുശേഷം ഉസൈദ്(റ) ഇരുട്ടുള്ള മുറിയിൽ പ്രവേശിച്ചാൽ അവിടെ പ്രകാശം പരക്കുമായിരുന്നു.

    ഉത്ബ ബിൻ ഫർഖദി(റ)ന്റെ ഭാര്യ ഉമ്മു ആസ്വിം(റ) പറയുന്നു: “ഞങ്ങൾ ഉത്ബ(റ)യുടെ നാല് ഭാര്യമാരും ഏറ്റവും നല്ല സുഗന്ധം ഉപയോഗിച്ച് പരസ്പരം മത്സരിക്കുമായിരുന്നു. എന്നാൽ ഉത്ബ(റ) ഒരു സുഗന്ധവും ഉപയോഗിക്കില്ലായിരുന്നു. എന്നിട്ടും ഞങ്ങളെക്കാളും സുഗന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ എല്ലാവരും പറയുമായിരുന്നു ‘ഉത്ബ(റ)യുടെ സുഗന്ധത്തേക്കാൾ നല്ലൊരു മണം ഞങ്ങൾ അനുഭവിച്ചിട്ടില്ല’ എന്ന്.”

    ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്ബ(റ) പറഞ്ഞു: “ഒരിക്കൽ എനിക്ക് ശരീരത്തിൽ ത്വക്ക് രോഗം വന്നപ്പോൾ തിരുനബിﷺയോട് സങ്കടം പറഞ്ഞു. അവിടുന്ന് എന്നോട് വസ്ത്രം മാറ്റാൻ കൽപ്പിക്കുകയും അവിടുത്തെ തിരുകരത്തിൽ ഊതി എന്റെ വയറിലും മുതുകിലും തടവുകയും ചെയ്തു. അന്നുമുതൽ ഈ സുഗന്ധം എന്നിൽ നിലനിൽക്കുന്നു.”

    വാഇൽ(റ) പറയുന്നു: “ഞാൻ തിരുനബിﷺയുമായി മുസാഫഹത്ത് ചെയ്യുകയോ അവിടുത്തെ തിരുചർമ്മം എന്റെ ചർമ്മത്തിൽ സ്പർശിക്കുകയോ ചെയ്താൽ, മൂന്ന് ദിവസത്തിന് ശേഷവും കസ്തൂരിയേക്കാൾ നല്ല സുഗന്ധം എന്റെ കയ്യിൽ നിന്ന് ഞാൻ അനുഭവിക്കുമായിരുന്നു.”

    ഇമാം ബുഖാരി(റ), ഇമാം മുസ്ലിം(റ), ബർഖാനി(റ), അബൂ സഈദ് ബിൻ അൽ-അഅ്റാബി(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു: തിരുനബിﷺ ഉച്ചസമയത്ത് പുറത്തേക്ക് വന്നു. അവിടുത്തേക്ക് വുളൂഅ് ചെയ്യാനുള്ള വെള്ളം കൊണ്ടുവരപ്പെട്ടു. തിരുനബിﷺ വുളൂഅ് ചെയ്തപ്പോൾ, അവിടുന്ന് ഉപയോഗിച്ചതിന്റെ ബാക്കി വരുന്ന വെള്ളം സ്വഹാബികൾ എടുക്കാനും അതുകൊണ്ട് തങ്ങളുടെ ശരീരത്തിൽ തടവാനും മത്സരിക്കുകയായിരുന്നു.

    ഇമാം ബുഖാരി(റ) അനുബന്ധമായി റിപ്പോർട്ട് ചെയ്തതും ഇമാം ഇസ്മാഈലി(റ) മുസ്നദായി നൽകിയതുമായ ഹദീസിൽ ഇപ്രകാരം പറയുന്നു: ഞാൻ ജിഅ്റാനയിൽ തിരുനബിﷺ തങ്ങളുടെ അരികിലായിരുന്നു. അവിടുന്ന് ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം അതിൽനിന്ന് ഇരു കരങ്ങളും മുഖവും കഴുകുകയും ആ വെള്ളത്തിലേക്ക് അല്പം ഉമിനീർ കലർത്തുകയും ചെയ്തു. ശേഷം അബൂ മൂസ(റ), ബിലാൽ(റ) എന്നിവരോടായി പറഞ്ഞു: “ഇതിൽ നിന്ന് നിങ്ങൾ കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക.”

    ഇമാം ബുഖാരി(റ)യും ഇസ്മാഈലി(റ)യും റിപ്പോർട്ട് ചെയ്യുന്നു:
    ഉർവ(റ), മർവാൻ(റ), മിസ്‌വർ ബിൻ മഖ്‌റമ(റ) എന്നിവരിൽ നിന്ന് നിവേദനം: തിരുനബിﷺ വുളൂഅ് ചെയ്യുമ്പോൾ അവിടുന്ന് ഉപയോഗിച്ച ആ വെള്ളത്തിനായി സ്വഹാബികൾ പരസ്പരം പോരാടുമായിരുന്നു അഥവാ അത്രമാത്രം തിരക്കായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...