Tweet 1395

    Tweet 1395
    April 9, 2026 • Thursday
    Post Header

    അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) ഗൈലാൻ ബിൻ സലമ അൽ സഖഫി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. ഞങ്ങൾ ഒരിടത്ത് വിശ്രമിക്കാൻ ഇറങ്ങിയപ്പോൾ ഒരു സ്ത്രീ തൻ്റെ മകനുമായി വന്നു പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേﷺ, ഈ പ്രദേശത്ത് എൻ്റെ മകനേക്കാൾ പ്രിയപ്പെട്ട മറ്റൊരു കുട്ടിയും എനിക്കുണ്ടായിരുന്നില്ല. എന്നാൽ അവനെ അപസ്മാരം അല്ലെങ്കിൽ മസ്തിഷ്ക രോഗം ബാധിച്ചിരിക്കുന്നു. അവൻ്റെ ഈ അവസ്ഥ കാണുന്നതിനേക്കാൾ അവൻ മരിക്കുന്നതാണ് നല്ലതെന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അതിനാൽ അവന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.”

    അപ്പോൾ തിരുനബിﷺ ആ കുട്ടിയെ അടുത്തേക്ക് വിളിച്ചു. ശേഷം ബിസ്മില്ലാഹ്, ഞാൻ അല്ലാഹുവിൻ്റെ റസൂലാണ്. അല്ലാഹുവിൻ്റെ ശത്രുവേ പുറത്തുപോവുക” എന്ന് മൂന്ന് തവണ പറഞ്ഞു. ശേഷം അവളോട് പറഞ്ഞു: “നിൻ്റെ മകനെ കൊണ്ടുപോയ്ക്കൊള്ളുക, അല്ലാഹു ഉദ്ദേശിച്ചാൽ ഇനി അവന് കുഴപ്പമൊന്നും ഉണ്ടാകില്ല.” പിന്നീട് ഞങ്ങൾ മടങ്ങി വന്നപ്പോൾ ആ കുട്ടിയുടെ ഉമ്മ വന്ന് ഇപ്രകാരം പറഞ്ഞു: “സത്യവുമായി അങ്ങയെ നിയോഗിച്ചവൻ തന്നെയാണെ സത്യം! ഈ നാട്ടിലെ ഏറ്റവും ബുദ്ധിമാന്മാരായ കുട്ടികളിൽ ഒരാളായി അവൻ മാറിയിരിക്കുന്നു.”

    അഹ്മദ് ബിൻ മനീഅ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു സ്ത്രീ തൻ്റെ മകനുമായി തിരുനബിﷺയുടെ അടുത്തു വന്നു പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേﷺ, എൻ്റെ മകന് ഭ്രാന്ത് ബാധിച്ചിരിക്കുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവന് ഈ അവസ്ഥ വരികയും ഞങ്ങളുടെ ഭക്ഷണം അവൻ നശിപ്പിക്കുകയും ചെയ്യുന്നു.” അപ്പോൾ തിരുനബിﷺ അവൻ്റെ നെഞ്ചിൽ തടവുകയും അവന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അവൻ ഒന്നു കറങ്ങുകയും ശബ്ദമുണ്ടാക്കുകയും അവൻ്റെ വായിൽ നിന്ന് എന്തോ പുറത്തു പോവുകയും ചെയ്തു. മറ്റൊരു റിപ്പോർട്ടിൽ, ഒരു കറുത്ത നായ്ക്കുട്ടിയെപ്പോലെയുള്ള ഒന്ന് അവൻ്റെ മൂക്കിലൂടെ പുറത്തു വരികയും അവൻ സുഖം പ്രാപിക്കുകയും ചെയ്തു എന്ന് കാണാം.

    ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), അബൂ നുഐം(റ) എന്നിവർ ഉമ്മു ജുന്ദുബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ജംറത്തുൽ അഖബയിൽ നിന്ന് മടങ്ങുമ്പോൾ ഒരു സ്ത്രീ തൻ്റെ മകനുമായി വരുന്നത് ഞാൻ കണ്ടു. ആ കുട്ടിക്ക് ബാധയേറ്റിരുന്നു. അവൾ പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേﷺ, ഇവന് വലിയൊരു പരീക്ഷണമാണ്, ഇവൻ സംസാരിക്കുന്നില്ല.” അപ്പോൾ തിരുനബിﷺ അവളോട് വെള്ളമുള്ള ഒരു കല്ല് പാത്രം കൊണ്ടുവരാൻ കൽപ്പിച്ചു. അവിടുന്ന് അതിൽ കവിൾകൊള്ളുകയും പ്രാർത്ഥിക്കുകയും ചെയ്തു. ശേഷം അത് അവൾക്ക് നൽകിക്കൊണ്ട് പറഞ്ഞു: “ഇത് അവനെ കുടിപ്പിക്കുകയും ഇതുകൊണ്ട് അവനെ കുളിപ്പിക്കുകയും ചെയ്യുക.” ഉമ്മു ജുന്ദുബ്(റ) പറയുന്നു: ഞാൻ അവളുടെ പിന്നാലെ പോയി എനിക്ക് അല്പം വെള്ളം തരാൻ ആവശ്യപ്പെട്ടു. അവൾ തന്ന വെള്ളം ഞാൻ എൻ്റെ മകൻ അബ്ദുല്ലാഹിയ്ക്ക് നൽകി. അവൻ ദീർഘകാലം ജീവിക്കുകയും വലിയ നന്മയുള്ളവനായി മാറുകയും ചെയ്തു. പിന്നീട് ഞാൻ ആ സ്ത്രീയെ കണ്ടപ്പോൾ അവൾ പറഞ്ഞു: തൻ്റെ മകൻ പൂർണ്ണമായി സുഖം പ്രാപിച്ചുവെന്നും മറ്റാർക്കുമില്ലാത്ത അത്രയും ബുദ്ധി അവന് ലഭിച്ചുവെന്നും.

    ഇസ്ഹാഖ് ബിൻ റാഹവൈഹി(റ)യും ഇബ്നു അബീ ശൈബ(റ)യും ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ കയ്യിൽ ഒരു കുട്ടിയുമായി ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവൾ പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേﷺ, ദിവസവും മൂന്ന് തവണ വീതം പിശാച് എൻ്റെ മകനെ ബാധിക്കുന്നു അപസ്മാരം വരുന്നു” അപ്പോൾ തിരുനബിﷺ അവനെ വാങ്ങി തൻ്റെ മുന്നിൽ ഇരുത്തി. ശേഷം മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിൻ്റെ ശത്രുവേ നിന്ദ്യനായിക്കൊണ്ട് പുറത്തുപോവുക, ഞാൻ അല്ലാഹുവിൻ്റെ റസൂലാണ്.” പിന്നീട് ഞങ്ങൾ മടങ്ങി വരുമ്പോൾ ആ സ്ത്രീ രണ്ട് ആടുകളുമായി വന്നു പ്രവാചകനെﷺ സ്വീകരിച്ചു. അവളുടെ കയ്യിൽ ആ കുട്ടിയുമുണ്ടായിരുന്നു. അവൾ പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതരേﷺ, അങ്ങയെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണെ സത്യം! പിന്നീട് അവന് ആ അസുഖം വന്നിട്ടില്ല. ഈ ആടുകളെ എന്നിൽ നിന്ന് സ്വീകരിച്ചാലും.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അതിലൊന്നിനെ മാത്രം സ്വീകരിക്കുക.”

    യഅ്‌ല ബിൻ മുറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പ്രവാചകനോﷺടൊപ്പം മക്കയിലേക്ക് യാത്ര ചെയ്യുമ്പോൾ അത്ഭുതകരമായ പലതും കണ്ടു. ഒരു സ്ത്രീ തൻ്റെ മകനുമായി വന്ന് പറഞ്ഞു: “അല്ലാഹുവിൻ്റെ പ്രവാചകരേﷺ, എൻ്റെ മകന് ഏഴ് വർഷമായി ബാധയുണ്ട്. ദിവസവും രണ്ട് തവണ അവന് അസുഖം വരുന്നു.” തിരുനബിﷺ പറഞ്ഞു: “അവനെ അടുത്തേക്ക് കൊണ്ടുവരിക.” അവിടുന്ന് അവൻ്റെ വായിൽ അവിടുത്തെ ഉമിനീര് കലർത്തുകയും “അല്ലാഹുവിൻ്റെ ശത്രുവേ പുറത്തുപോവുക, ഞാൻ അല്ലാഹുവിൻ്റെ ദൂതരാണ്” എന്ന് പറയുകയും ചെയ്തു. ശേഷം അവളോട് പറഞ്ഞു: “ഞങ്ങൾ മടങ്ങി വരുമ്പോൾ അവൻ്റെ അവസ്ഥ അറിയിക്കുക.” ഞങ്ങൾ മടങ്ങി വന്നപ്പോൾ അവൾ ഞങ്ങളെ എതിരേറ്റു പറഞ്ഞു: “അങ്ങയെ ആദരിച്ചവൻ തന്നെയാണെ സത്യം! അന്ന് പിരിഞ്ഞ ശേഷം അവന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.”

    ഇബ്രാഹിം അൽ ഹർബി(റ) റിപ്പോർട്ട് ചെയ്യുന്നു: “പ്രവാചകൻﷺ ഒരു യാത്രയിലായിരിക്കെ ഭ്രാന്ത് ബാധിച്ച ഒരു കുട്ടിയുമായി ഒരു സ്ത്രീ വന്നു. പ്രവാചകൻﷺ അവൻ്റെ വായ തുറക്കാൻ പറയുകയും അതിൽ അവിടുത്തെ ഉമിനീര് പകരുകയും ചെയ്തു. ഉടനെ അവൻ സുഖം പ്രാപിച്ചു.”

    അത്ര പ്രബലമല്ലാത്ത ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ബാധയേറ്റ ആരെ പ്രവാചകൻ്റെﷺ അടുക്കൽ കൊണ്ടുവന്നാലും അവിടുന്ന് അവരുടെ നെഞ്ചിൽ അടിക്കുകയോ തടവുകയോ ചെയ്താൽ ആ ബാധ വിട്ടുപോകുമായിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...