Tweet 1396

    Tweet 1396
    April 10, 2026 • Friday
    Post Header

    അബൂ യഅ്‌ല(റ)യും അബൂ നുഐമും(റ) നല്ല പരമ്പരയോടെ ഉസാമ ബിൻ സൈദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺയോടൊപ്പം ഹജ്ജിനായി പുറപ്പെട്ടു. റൗഹാഅ് താഴ്‌വരയിൽ എത്തിയപ്പോൾ, തിരുനബിﷺയെ ലക്ഷ്യമാക്കി വരുന്ന ഒരു സ്ത്രീയെ അദ്ദേഹം കണ്ടു. അദ്ദേഹം തന്റെ വാഹനത്തെ നിർത്തി. അവൾ അടുത്തുവന്നപ്പോൾ പറഞ്ഞു:

    ‘അല്ലാഹുവിന്റെ ദൂതരേﷺ, ഇവൻ എന്റെ മകനാണ്. ജനിച്ചത് മുതൽ ഇന്നുവരെ അവന് ബോധം തെളിഞ്ഞിട്ടില്ല.’ അപ്പോൾ തിരുനബിﷺ ആ കുട്ടിയെ വാങ്ങി തന്റെ നെഞ്ചിനും ഒട്ടകക്കട്ടിലിനും ഇടയിൽ വെച്ചു. എന്നിട്ട് അവന്റെ വായയിൽ അവിടുത്തെ ഉമിനീർ ചേർക്കുകയും ‘അല്ലാഹുവിന്റെ ശത്രുവേ, പുറത്തുപോവുക’ എന്ന് പറയുകയും ചെയ്തു. പിന്നീട് കുട്ടിയെ അവൾക്ക് നൽകിക്കൊണ്ട് പറഞ്ഞു: ‘ഇവനെ എടുത്തുകൊള്ളൂ, ഇനി കുഴപ്പമൊന്നുമില്ല.’ ഉസാമ(റ) പറയുന്നു: തിരുനബിﷺ ഹജ്ജ് കഴിഞ്ഞ് മടങ്ങുമ്പോൾ വീണ്ടും റൗഹാഅ് താഴ്‌വരയിൽ ഇറങ്ങി. അപ്പോൾ ആ സ്ത്രീ ചുട്ട ആടുമായി അവിടെ വന്നു. ‘ഞാൻ ആ കുട്ടിയുടെ ഉമ്മയാണ്’ എന്ന് അവൾ പറഞ്ഞു. തിരുനബിﷺ ചോദിച്ചു: ‘അവന്റെ അവസ്ഥ എങ്ങനെയുണ്ട്?’ അവൾ പറഞ്ഞു: ‘അതിനുശേഷം രോഗത്തിന്റെ യാതൊന്നും അവനിൽ ഞാൻ കണ്ടിട്ടില്ല.’ അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘അവളിൽ നിന്ന് ആ ആടിനെ സ്വീകരിച്ചുകൊള്ളുക.'”

    അബൂ നുഐമും(റ) ബൈഹഖി(റ)യും രിഫാഅത്ത് ബിൻ റാഫിഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞാൻ ഒരു കഷ്ണം മാംസം എടുത്ത് വിഴുങ്ങി. അത് കാരണം ഒരു വർഷത്തോളം ഞാൻ പ്രയാസപ്പെട്ടു. പിന്നീട് ഞാൻ ഇക്കാര്യം തിരുനബിﷺയോട് പറഞ്ഞു. അദ്ദേഹം എന്റെ വയറിൽ തടവി. ഉടനെ പച്ചനിറത്തിലുള്ള ഒന്നായി ഞാനത് പുറന്തള്ളി. സത്യവുമായി തിരുനബിﷺയെ നിയോഗിച്ചവൻ സാക്ഷി! ഇന്നുവരെ എനിക്ക് വയറിന് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല.”

    ത്വബ്റാനി(റ) ജർഹദ് ബിൻ ഖുവൈലിദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “അദ്ദേഹം ഇടതുകൈ കൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘വലതുകൈ കൊണ്ട് കഴിക്കുക.’ അദ്ദേഹം പറഞ്ഞു: ‘ഇടതുകൈക്ക് പരിക്കേറ്റതാണ്.’ അപ്പോൾ തിരുനബിﷺ അതിൽ ഊതി. പിന്നീട് മരണം വരെ അദ്ദേഹത്തിന് ആ കൈക്ക് യാതൊരു പ്രയാസവും ഉണ്ടായിട്ടില്ല.”

    ഹാക്കിം(റ) റിപ്പോർട്ട് ചെയ്യുകയും സ്വീകാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്ത ഹദീസിൽ അലി(റ) പറയുന്നു: “എനിക്ക് രോഗം ബാധിച്ചിരിക്കെ തിരുനബിﷺ എന്റെ അടുത്തു വന്നു പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, ഇദ്ദേഹത്തിന് ശമനം നൽകേണമേ’ അല്ലെങ്കിൽ ‘ആരോഗ്യം നൽകേണമേ’. അതിനുശേഷം ആ വേദന എന്നെ പ്രയാസപ്പെടുത്തിയിട്ടില്ല.”

    ബുഖാരി(റ)യും മുസ്ലിമും(റ) ജാബിർ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ബനൂ സലമ ഗോത്രത്തിൽ വെച്ച് തിരുനബിﷺയും അബൂബക്കർ(റ)വും എന്നെ സന്ദർശിക്കാൻ വന്നു. ആ സമയത്ത് എനിക്ക് ബോധമില്ലായിരുന്നു. അപ്പോൾ അല്പം വെള്ളം ആവശ്യപ്പെടുകയും വുളൂഅ് ചെയ്യുകയും ചെയ്തു. എന്നിട്ട് ആ വെള്ളം എന്റെ മേൽ തളിച്ചു. ഉടനെ എനിക്ക് ബോധം തിരികെ ലഭിച്ചു.”

    ഇമാം ത്വബ്റാനി(റ) വിശ്വസ്തരായ നിവേദകർ വഴി അബൂ ഖുർസാഫ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    അദ്ദേഹം പറഞ്ഞു: “എന്റെ ഇസ്‌ലാം സ്വീകരണത്തിന്റെ തുടക്കം ഇപ്രകാരമായിരുന്നു; ഞാൻ എന്റെ ഉമ്മയുടെയും ഉമ്മയുടെ സഹോദരിയുടെയും സംരക്ഷണത്തിൽ വളരുന്ന ഒരു യത്തീമായിരുന്നു. അമ്മായിയായിരുന്നു എന്നെ കൂടുതലായി നോക്കിയിരുന്നത്. എനിക്ക് കുറച്ച് ആടുകളുണ്ടായിരുന്നു. ഞാൻ അവയെ മേയ്ക്കാൻ കൊണ്ടുപോകുമായിരുന്നു. തിരുനബിﷺയെ ഉദ്ദേശിച്ചുകൊണ്ട് അമ്മായി എപ്പോഴും പറയുമായിരുന്നു: ‘മകനേ, നീ ആ മനുഷ്യന്റെ അടുത്തുപോയി പെട്ടുപോകരുത്, അദ്ദേഹം നിന്നെ വഴിതെറ്റിക്കും.’

    ഞാൻ ആടുകളെ മേയ്ക്കാൻ പുറപ്പെടും, എന്നിട്ട് ആടുകളെ ഒരിടത്ത് നിർത്തി തിരുനബിﷺയുടെ അടുക്കൽ ചെല്ലും. അവിടുന്ന് പറയുന്നത് ഞാൻ ശ്രദ്ധിച്ചു കേൾക്കും. വൈകുന്നേരം ആടുകളുമായി തിരികെ വരുമ്പോൾ അവയുടെ അകിടുകൾ പാൽ ഇല്ലാതെ വറ്റിവരണ്ടിരിക്കും. അമ്മായി ചോദിക്കും: ‘നിന്റെ ആടുകളുടെ അകിടുകൾ എന്താണ് ഇങ്ങനെ വറ്റിയിരിക്കുന്നത്?’ ഞാൻ പറയും: ‘എനിക്കറിയില്ല.’

    രണ്ടാം ദിവസവും ഞാൻ ഇത് തന്നെ ആവർത്തിച്ചു. മൂന്നാം ദിവസവും ഞാൻ തിരുനബിﷺയുടെ അടുത്തുപോയി സംസാരം കേട്ടു. ഒടുവിൽ ഞാൻ ഇസ്‌ലാം സ്വീകരിക്കുകയും തിരുനബിﷺയോട് പ്രതിജ്ഞ ചെയ്യുകയും കൈ കൊടുക്കുകയും ചെയ്തു. എന്റെ അമ്മായിയുടെ കാര്യവും ആടുകളുടെ അവസ്ഥയും ഞാൻ അവിടുത്തോട് ആവലാതിപ്പെട്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നീ ആ ആടുകളെ എന്റെ അടുക്കൽ കൊണ്ടുവരൂ.’

    ഞാൻ അവയെ അടുത്തെത്തിച്ചു. അവിടുന്ന് അവയുടെ മുതുകിലും അകിടുകളിലും തടവുകയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഉടനെ തന്നെ അവ മാംസവും പാലും കൊണ്ട് നിറഞ്ഞു. ഞാൻ അവയെയും കൊണ്ട് അമ്മായിയുടെ അടുത്തെത്തിയപ്പോൾ അവർ പറഞ്ഞു: ‘മകനേ, നീ ഇതുപോലെ വേണം ആടുകളെ മേയ്ക്കാൻ.’ ഞാൻ പറഞ്ഞു: ‘ഞാൻ എന്നും മേയ്ക്കുന്ന അതേ സ്ഥലത്താണ് ഇന്നും പോയത്. പക്ഷേ നടന്നത് മറ്റൊന്നാണ്. ശേഷം നടന്ന കാര്യങ്ങളെല്ലാം അവരോട് വിവരിച്ചു. തിരുനബിﷺയെ സന്ദർശിച്ചതും അവിടുത്തെ സ്വഭാവവും സംസാരവും എല്ലാം പറഞ്ഞുകൊടുത്തു. അപ്പോൾ എന്റെ ഉമ്മയും അമ്മായിയും പറഞ്ഞു: ‘എങ്കിൽ ഞങ്ങളെയും തിരുനബിﷺയുടെ അടുത്തേക്ക് കൊണ്ടുപോകൂ.’ അങ്ങനെ ഞാൻ അവരെയും കൊണ്ട് തിരുനബിﷺയുടെ അടുത്തെത്തി. ഞങ്ങൾ ഇസ്‌ലാം സ്വീകരിക്കുകയും അവർ തിരുനബിﷺയോട് ബൈഅത്ത് അഥവാ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...