Tweet 1394

    Tweet 1394
    April 8, 2026 • Wednesday
    Post Header

    തിരുനബിﷺയുടെ പക്കൽ രോഗശമനം തേടി വന്നവരെ കുറിച്ചുള്ള ഹദീസുകളിൽ ചിലതുകൂടി വായിക്കാം.

    ഇമാം ബൈഹഖി(റ) മികച്ച പരമ്പരയിലൂടെ മുഹമ്മദ് ബ്നു സിറീനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ തന്റെ മകനുമായി തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു: “ഇത് എന്റെ മകനാണ്, അവന് ഇത്രയും പ്രായമായിരിക്കുന്നു. ഇതാ ഈ കാണുന്നത് പോലെയാണ് അവന്റെ അവസ്ഥ. അതിനാൽ അവനെ മരിപ്പിക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.”

    അപ്പോൾ തിരുനബിﷺ പറഞ്ഞു. “അവന് ശമനം നൽകാനും, അവൻ വളർന്ന് വലിയൊരാളായി മാറാനും, അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി രക്തസാക്ഷിത്വം വരിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാനും വേണ്ടി ഞാൻ പ്രാർത്ഥിക്കാം.” തുടർന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അല്ലാഹു അവന് രോഗശമനം നൽകുകയും ചെയ്തു. അവൻ വളർന്ന് വലിയൊരാളാവുകയും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി രക്തസാക്ഷിയാവുകയും ചെയ്തു.

    ഇമാം ബസ്സാർ(റ) നല്ലൊരു പരമ്പരയോടെ വാസിഅ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു:
    അദ്ദേഹം തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ ഇപ്രകാരം പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരെﷺ, എന്റെ ഉപ്പയും ഉമ്മയും അങ്ങേക്ക് പകരമാകട്ടെ! ബുദ്ധിഭ്രമം ബാധിച്ച ഒരു സഹോദരപുത്രനെ അവിടുത്തെ സന്നിധിയിലേക്ക് ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവൻ യാത്രാസംഘത്തോടൊപ്പമുണ്ട്, അവന് വേണ്ടി പ്രാർത്ഥിച്ചാലും.” തിരുനബിﷺ: “അവനെ ഇങ്ങോട്ട് കൊണ്ടുവരൂ.” ഞാൻ അവനെ തിരുനബിﷺയുടെ അടുക്കൽ എത്തിച്ചു. ഭ്രാന്തമായ നോട്ടത്തോടെയാണ് അവൻ നോക്കിയിരുന്നത്. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അവന്റെ പിൻഭാഗം എന്റെ അടുത്തേക്ക് ആക്കി ഇരുത്തുക.”

    ഞാൻ അവനെ തിരുനബിﷺയുടെ മുന്നിൽ തിരിച്ചിരുത്തി. തുടർന്ന് അവിടുന്ന് അവന്റെ വസ്ത്രങ്ങൾ ചേർത്തുപിടിച്ചു വലിക്കുകയും, തന്റെ കക്ഷത്തിലെ വെളുപ്പ് കാണുമാറ് കൈകൾ ഉയർത്തി അവന്റെ മുതുകിൽ അടിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ ശത്രുവേ, പുറത്തുപോവുക!”
    അപ്പോൾ അവൻ സാധാരണ നിലയിലുള്ള ഒരാൾ നോക്കുന്നതുപോലെ ചുറ്റും നോക്കാൻ തുടങ്ങി. തിരുനബിﷺ അവനെ മുന്നിലിരുത്തി പ്രാർത്ഥിക്കുകയും മുഖം തടവുകയും ചെയ്തു. തിരുനബിﷺ തടകിയ ആ പ്രകാശം അവൻ പ്രായമായപ്പോഴും ആ മുഖത്തുണ്ടായിരുന്നു. കൗമാരപ്രായക്കാരെപ്പോലെ പ്രസരിപ്പുള്ള മുഖമായിരുന്നു അവന്റേത്. തിരുനബിﷺയുടെ പ്രാർത്ഥനയ്ക്ക് ശേഷം ആ സംഘത്തിൽ അവനെക്കാൾ ശ്രേഷ്ഠനായ മറ്റൊരാളും ഉണ്ടായിരുന്നില്ല.

    ഇതേ സംഭവം ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും സമാനമായ പദങ്ങളിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    ഇമാം ഹാക്കിം(റ) ഉബയ്യുബ്നു കഅ്ബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ തിരുനബിﷺയുടെ അടുത്തിരിക്കുമ്പോൾ ഒരു ഗ്രാമീണൻ വന്നു പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരെﷺ, എന്റെ സഹോദരന് ഒരു അസുഖം ബാധിച്ചിരിക്കുന്നു.” തിരുനബിﷺ ചോദിച്ചു: “എന്താണ് അവന്റെ അസുഖം?” അയാൾ പറഞ്ഞു: “അവന് ബുദ്ധിഭ്രമം അല്ലെങ്കിൽ ജിന്ന് ബാധ പോലുള്ള അവസ്ഥ ഉണ്ട്.” തിരുനബിﷺ പറഞ്ഞു: “അവനെ എന്റെ അടുക്കൽ കൊണ്ടുവരൂ.” അയാൾ അവനെ കൊണ്ടുവന്ന് തിരുനബിﷺയുടെ മുന്നിൽ ഇരുത്തി. തുടർന്ന് തിരുനബിﷺ താഴെ പറയുന്ന ഖുർആൻ സൂക്തങ്ങൾ ഓതി അവനെ മന്ത്രിച്ചു.

    സൂറത്തുൽ ഫാത്തിഹ, സൂറത്തുൽ ബഖറയിലെ അവസാനത്തെ നാല് സൂക്തങ്ങൾ, സൂറത്തുൽ ബഖറയിലെ 163-ാം സൂക്തം, ആയത്തുൽ കുർസിയ്,
    ആലു ഇംറാൻ ലെ 18-ാം സൂക്തം, അഅ്റാഫിലെ 54-ാം സൂക്തം, സൂറത്തുൽ മുഅ്മിനൂനിലെ അവസാന ഭാഗം,
    സൂറത്തുൽ ജിന്നിലെ മൂന്നാം സൂക്തം, സൂറത്തുസ്സ്വാഫാത്തിന്റെ തുടക്കത്തിലെ പത്ത് സൂക്തങ്ങൾ, സൂറത്തുൽ ഹശ്റിന്റെ അവസാനത്തെ മൂന്ന് സൂക്തങ്ങൾ, സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് അതോടെ അയാൾ യാതൊരു അസുഖവുമില്ലാത്തവനെപ്പോലെ എഴുന്നേറ്റു പോയി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...