
തിരുനബിﷺ ആ വ്യക്തിയെ വിളിപ്പിച്ചു ചോദിച്ചു: “നിന്റെ ഒട്ടകത്തിന് നിന്നെക്കുറിച്ച് എന്താണ് പരാതിപ്പെടാനുള്ളത് എന്നറിയാമോ? അതിന്റെ യൗവനം മുഴുവൻ നീ അതിനെക്കൊണ്ട് പണിയെടുപ്പിച്ചു എന്നും, ഇപ്പോൾ അതിന് പ്രായമായപ്പോൾ നീ അതിനെ അറുക്കാൻ തുനിയുന്നു എന്നും അത് കരുതുന്നുണ്ടല്ലോ?” അദ്ദേഹം പറഞ്ഞു: “അല്ലാഹു സത്യം! അങ്ങ് സത്യമാണ് പറഞ്ഞത്. ഇന്നലെ രാത്രി ഞങ്ങൾ അതിനെ അറുക്കാനും മാംസം പങ്കുവെക്കാനും തീരുമാനിച്ചിരുന്നു.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അപ്രകാരം ചെയ്യരുത്, ഒന്നുകിൽ അത് എനിക്ക് സമ്മാനമായി നൽകുക അല്ലെങ്കിൽ എനിക്ക് വിൽക്കുക.” അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എനിക്ക് ഇതിനേക്കാൾ പ്രിയപ്പെട്ട മറ്റൊരു സ്വത്തുമില്ല.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “എങ്കിൽ അതിനോട് നന്മയിൽ വർത്തിക്കുക.” അദ്ദേഹം പറഞ്ഞു: “തീർച്ചയായും അല്ലാഹുവിന്റെ ദൂതരെﷺ, ഇതിനേക്കാൾ ആദരവോടെ ഞാൻ മറ്റൊരു സ്വത്തിനെയും കാണില്ല.” മറ്റൊരു റിപ്പോർട്ടിൽ, ആ വ്യക്തി ഒട്ടകത്തെ തിരുനബിﷺക്ക് സമ്മാനമായി നൽകിയെന്നും തിരുനബിﷺ അതിൽ സ്വദഖയുടെ അടയാളം പതിച്ച് അതിനെ പറഞ്ഞയച്ചു എന്നും കാണാം.
ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്. നബിﷺ പള്ളിയിലായിരിക്കുമ്പോൾ വിരണ്ടോടി വന്ന ഒരു ഒട്ടകം തിരുനബിﷺയുടെ മടിയിൽ തലവെച്ച് ശബ്ദമുണ്ടാക്കി. തിരുനബിﷺ അനുചരന്മാരോട് പറഞ്ഞു: “ഈ ഒട്ടകം പറയുന്നത് ഇത് ഇന്ന ആളിന്റേതാണെന്നും, അയാൾ തന്റെ പിതാവിന് വേണ്ടി നടത്തുന്ന ഒരു സദ്യക്കായി ഇപ്പോൾ ഇതിനെ അറുക്കാൻ പോകുകയാണെന്നുമാണ്. അത് എന്നോട് സഹായം തേടി വന്നിരിക്കുകയാണ്.” അപ്പോൾ ഒരാൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഇത് ഇന്ന ആളുടെ ഒട്ടകമാണ്, അയാൾ അപ്രകാരം ഉദ്ദേശിച്ചിട്ടുണ്ട്.” തിരുനബിﷺ ആ വ്യക്തിയെ വിളിപ്പിച്ചു ചോദിച്ചപ്പോൾ അദ്ദേഹം അത് സമ്മതിച്ചു. തിരുനബിﷺ അതിനെ അറുക്കരുതെന്ന് ആവശ്യപ്പെടുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു.
ജാബിർ(റ) റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ ദാത്തുർരിഖാഅ് യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്നു. തിരുനബിﷺ ചോദിച്ചു: “ഈ ഒട്ടകം എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? ഇത് അതിന്റെ യജമാനനെതിരെ എന്നോട് പരാതിപ്പെടുകയാണ്. വർഷങ്ങളായി ഇത് അയാൾക്ക് വേണ്ടി പണിയെടുക്കുന്നുവെന്നും ഇപ്പോൾ അയാൾ ഇതിനെ അറുക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അത് പറയുന്നു. ജാബിർ(റ), നീ പോയി അതിന്റെ ഉടമസ്ഥനെ വിളിച്ചുകൊണ്ടുവരൂ.” ജാബിർ(റ) പറഞ്ഞു: “എനിക്ക് അയാളെ അറിയില്ലല്ലോ.” തിരുനബിﷺ പറഞ്ഞു: “ഈ ഒട്ടകം നിനക്ക് വഴി കാണിച്ചുതരും.” ഒട്ടകം മുന്നിൽ നടന്ന് ഉടമസ്ഥന്റെ അരികിലെത്തിച്ചു, ഞാൻ അദ്ദേഹത്തെ കൂട്ടി വന്നു.
അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ തിരുനബിﷺയുടെ കൂടെ ഇരിക്കുമ്പോൾ ഒരാൾ വന്ന് പറഞ്ഞു: “ഇന്ന കുടുംബത്തിന്റെ വെള്ളം കോരുന്ന ഒട്ടകം വിരണ്ടോടിയിരിക്കുന്നു.” തിരുനബിﷺ എഴുന്നേറ്റു, ഞങ്ങൾ കൂടെപ്പോയി. ഞങ്ങൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, അതിന്റെ അടുത്തേക്ക് പോകരുത്, അത് അങ്ങയെ ഉപദ്രവിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.” എന്നാൽ തിരുനബിﷺ അതിന്റെ അടുത്തുചെന്നു. തിരുനബിﷺയെ കണ്ടപ്പോൾ ഒട്ടകം സാഷ്ടാംഗം പ്രണമിച്ചു. അവിടുന്ന് അതിന്റെ നെറ്റിയിൽ വെള്ളം തടവുകയും തലയിൽ കൈവെച്ച് പ്രാർഥിക്കുകയും ചെയ്തു. ശേഷം അതിന്റെ ഉടമസ്ഥനെ വിളിപ്പിച്ചു പറഞ്ഞു: “ഇതിന് നല്ലതുപോലെ തീറ്റ നൽകുക, പണിയെടുപ്പിക്കുമ്പോൾ അതിനെ കഷ്ടപ്പെടുത്തരുത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
