Tweet 1372

    Tweet 1372
    March 17, 2026 • Tuesday
    Post Header

    മഹാനായ ജാബിർ(റ), ഹകം ബിൻ അയ്യൂബ്(റ) എന്നിവരുടെ ഒട്ടകങ്ങളിൽ തിരുനബിﷺ മുഖേന ഉണ്ടായ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ലഘു വിവരണം ഇങ്ങനെ വായിക്കാം.

    ബുഖാരി(റ)യും മുസ്‌ലിമും(റ) അബൂ നുഐമും(റ) ജാബിർ(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞാൻ തിരുനബിﷺയോടൊപ്പം ഒരു യുദ്ധത്തിൽ പങ്കെടുത്തു. അപ്പോൾ അവിടുന്ന് എന്റെ അടുത്തെത്തി. ഞാൻ സഞ്ചരിച്ചിരുന്നത് തളർന്നുപോയ, നടക്കാൻ പ്രയാസപ്പെടുന്ന ഒരു ഒട്ടകപ്പുറത്തായിരുന്നു. ആൾക്കാരെല്ലാം മുന്നോട്ടുപോയി. ഞാൻ അതിനെ തെളിക്കാൻ ശ്രമിക്കുകയും അതിന്റെ അവസ്ഥയിൽ വേവലാതിപ്പെടുകയും ചെയ്യുകയായിരുന്നു. അപ്പോൾ ജനങ്ങളുടെ പിന്നിലായി വന്ന തിരുനബിﷺ ചോദിച്ചു: ‘നിന്റെ ഒട്ടകത്തിന് എന്തുപറ്റി?’ ഞാൻ പറഞ്ഞു: ‘അതിന് ക്ഷീണമാണ്.’ അപ്പോൾ തിരുനബിﷺ അല്പം വെള്ളമെടുത്ത് അതിന്റെ കഴുത്തിൽ തടവുകയും അതിനെ അടിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്തു. ഉടനെ അത് ഉന്മേഷത്തോടെ ചാടി എഴുന്നേറ്റു.

    ശേഷം തിരുനബിﷺ പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ ഇതിൽ കയറിക്കൊള്ളുക.’ ഞാൻ പറഞ്ഞു: ‘ഇത് മറ്റുള്ളവരോടൊപ്പം നടന്നാൽ മതി എന്ന് ഞാൻ കരുതുന്നു, അത്രയും തളർച്ചയുണ്ടായിരുന്നു.’ തിരുനബിﷺ വീണ്ടും പറഞ്ഞു: ‘കയറിക്കൊള്ളുക.’ അങ്ങനെ ഞാൻ അതിൽ കയറി. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! പിന്നീട് ആ ഒട്ടകം തിരുനബിﷺയേക്കാൾ മുന്നിലായിപ്പോകാതിരിക്കാൻ ഞാൻ അതിനെ പിടിച്ചു വലിച്ചു നിർത്തുകയായിരുന്നു! അതിന് മുമ്പോ ശേഷമോ ഇത്രയും വേഗതയുള്ളതും സുഖകരവുമായ ഒരു വാഹനത്തിൽ ഞാൻ കയറിയിട്ടില്ല. അത് ഒട്ടകങ്ങൾക്കിടയിൽ ഏറ്റവും മുന്നിലായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. തിരുനബിﷺ ചോദിച്ചു: ‘നിന്റെ ഒട്ടകത്തെ ഇപ്പോൾ എങ്ങനെയുണ്ട്?’ ഞാൻ പറഞ്ഞു: ‘അങ്ങയുടെ ബറക്കത്ത് കൊണ്ട് അത് അതിവിശേഷമായിരിക്കുന്നു.'”

    മറ്റൊരു സംഭവം മുസ്‌ലിം(റ) അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഒരാളെ ദൂതനായി അയച്ചു. അദ്ദേഹം വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ ഒട്ടകം തളർന്നുപോയിരിക്കുന്നു, അത് അനങ്ങുന്നില്ല.” തിരുനബിﷺ അതിന്റെ അടുത്ത് വന്ന് കാലുകൊണ്ട് അതിനെ ഒന്ന് തട്ടി. അബൂഹുറൈറ(റ) പറയുന്നു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! പിന്നീട് ആ ഒട്ടകം മറ്റെല്ലാവരേക്കാളും മുന്നിലായി കുതിച്ചുപായുന്നത് ഞാൻ കണ്ടു.”

    ഇബ്നു ഹിബ്ബാനും(റ) ത്വബ്റാനി(റ)യും ഹകം ബിൻ അയ്യൂബ്(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “ഞാൻ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. തിരുനബിﷺ എന്റെ ഒട്ടകത്തെ കറക്കുകയും അതിനെ ഒന്നു തട്ടുകയും ചെയ്തു. അതോടെ അത് എല്ലാ വാഹനങ്ങളെക്കാളും മുൻപേ കുതിക്കാൻ തുടങ്ങി.”

    ത്വബ്റാനി(റ) സ്വഹീഹായ (ബലവത്തായ) പരമ്പരയിലൂടെ ഫളാലത്ത് ബിൻ ഉബൈദ്(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു:
    “തിരുനബിﷺ തബൂഖ് യുദ്ധത്തിന് പുറപ്പെട്ടു. അന്ന് യാത്രക്കാരുടെ ഒട്ടകവാഹനങ്ങൾ കഠിനമായ ക്ഷീണത്തിലകപ്പെട്ടു. അവർ ഇതിനെക്കുറിച്ച് അല്ലാഹുവിന്റെ ദൂതരോﷺട് പരാതിപ്പെട്ടു. വാഹനങ്ങളെ തെളിയിക്കാൻ പോലും കഴിയാതെ ആളുകൾ നടന്നുവരുന്നത് കണ്ടു. അപ്പോൾ തിരുനബിﷺ ഒരു ഇടുങ്ങിയ വഴിയിൽ നിന്നു. ആളുകൾ അവിടുത്തെ അരികിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. തിരുനബിﷺ ഓരോ മൃഗത്തിന്റെയും പുറത്ത് മെല്ലെ ഊതുകയും ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, ഇതിൽ നീ അനുഗ്രഹം നൽകേണമേ. നിന്റെ മാർഗ്ഗത്തിൽ ഇതിൽ നീ ഭാരം കയറ്റേണമേ. കരയിലും കടലിലും ശക്തമായതിനെയും ദുർബലമായതിനെയും ഉണങ്ങിയതിനെയും പച്ചയായതിനെയുമെല്ലാം വഹിക്കുന്നത് നീയാണല്ലോ.’ അതിനുശേഷം ആ മൃഗങ്ങൾക്കെല്ലാം വല്ലാത്തൊരു ഉന്മേഷം ലഭിച്ചു. മദീനയിൽ എത്തുന്നതുവരെ അവ കടിഞ്ഞാൺ പൊട്ടിച്ച് കുതിച്ചുപായുന്ന അവസ്ഥയിലായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...