
ഇമാം അബൂ നുഐം(റ) ബുറൈദ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: ഒരാൾ തിരുനബിﷺയുടെ അടുത്ത് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, ഞങ്ങളുടെ വീട്ടിൽ അക്രമാസക്തനായ ഒരു ഒട്ടകമുണ്ട്. ഞങ്ങളിൽ ആർക്കും അതിന്റെ അടുത്തേക്ക് പോകാൻ കഴിയുന്നില്ല.” തിരുനബിﷺയും അനുചരന്മാരും അവിടേക്ക് പോയി. തിരുനബിﷺ വാതിൽ തുറന്നപ്പോൾ ഒട്ടകം നബിﷺയുടെ അടുത്തേക്ക് വരികയും സാഷ്ടാംഗം ചെയ്യുകയും അതിന്റെ കഴുത്ത് നിലത്ത് വെക്കുകയും ചെയ്തു. തിരുനബിﷺ അതിന്റെ തലയിൽ തടവുകയും ശേഷം കയർ ഉപയോഗിച്ച് അതിനെ കെട്ടി ഉടമക്ക് കൈമാറുകയും ചെയ്തു. ഇത് കണ്ടപ്പോൾ
അബൂബക്കറും(റ) ഉമറും(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരെﷺ, അങ്ങ് ഒരു പ്രവാചകനാണെന്ന് ആ മൃഗം തിരിച്ചറിഞ്ഞിരിക്കുന്നുവല്ലോ?” അപ്പോൾ അവിടുന്ന് പറഞ്ഞു: “മനുഷ്യരിലെയും ജിന്നുകളിലെയും സത്യനിഷേധികൾ ഒഴികെ മറ്റെല്ലാ വസ്തുക്കളും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് അറിയുന്നുണ്ട്.”
ഇമാം അഹ്മദ്(റ) അബൂ അബ്ദില്ലഹ് മുഹമ്മദ് ബിൻ ഹാമിദ് അൽ-ഫഖീഹ്(റ) തന്റെ ‘അദ്ദലാഇൽ’ എന്ന ഗ്രന്ഥത്തിൽ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഞങ്ങൾ തിരുനബിﷺക്കൊപ്പം ഖുബായിലേക്ക് തിരിച്ചു. ഞങ്ങൾ ഒരു തോട്ടത്തിനരികിലെത്തിയപ്പോൾ അവിടെ വെള്ളം കോരുന്ന ഒരു ഒട്ടകത്തെ കണ്ടു. ആ ഒട്ടകം തിരുനബിﷺയെ കണ്ടപ്പോൾ തന്റെ തല ഉയർത്തുകയും പിന്നീട് കഴുത്ത് നിലത്ത് വെച്ച് സാഷ്ടാംഗം ചെയ്യുകയും ചെയ്തു. അപ്പോൾ പ്രവാചകന്റെﷺ അനുചരന്മാർ പറഞ്ഞു: ‘ഈ മൃഗത്തേക്കാൾ അങ്ങയെ സാഷ്ടാംഗം ചെയ്യാൻ അർഹർ ഞങ്ങളാണല്ലോ.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു പരിശുദ്ധൻ! അല്ലാഹുവിനല്ലാതെ സുജൂദ് ചെയ്യുകയോ? അല്ലാഹുവല്ലാത്ത മറ്റാർക്കും സുജൂദ് ചെയ്യാൻ ഒരാൾക്കും പാടുള്ളതല്ല. അല്ലാഹു അല്ലാത്ത മറ്റാർക്കെങ്കിലും സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നെങ്കിൽ, സ്ത്രീകളോട് അവരുടെ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നു.'”
സഅ്ലബ ബിൻ അബീ മാലിക്കി(റ)ൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു: “ബനൂ സലമ ഗോത്രക്കാരനായ ഒരാൾ വെള്ളം കോരാൻ ഒരു ഒട്ടകത്തെ വാങ്ങി. അദ്ദേഹം അതിനെ ഒരു തൊഴുത്തിൽ കെട്ടി. അതിൻമേൽ ഭാരം കയറ്റാനായി അദ്ദേഹം അടുത്തു ചെന്നപ്പോൾ ആരെയും അത് അടുക്കാൻ അനുവദിച്ചില്ല. ഈ വിവരം തിരുനബിﷺയെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: ‘അതിന്റെ വാതിൽ തുറക്കൂ.’ അവർ പറഞ്ഞു: ‘അത് അങ്ങയെ ഉപദ്രവിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.’ അപ്പോൾ വീണ്ടും പറഞ്ഞു: ‘അത് തുറക്കൂ.’ അവർ അത് തുറന്നപ്പോൾ തിരുനബിﷺയെ കണ്ട ഉടനെ ആ ഒട്ടകം സാഷ്ടാംഗം വീണു. അത് കണ്ട് ജനങ്ങൾ അത്ഭുതത്തോടെ അല്ലാഹുവിനെ സ്തുതിച്ചു. അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഈ മൃഗത്തേക്കാൾ അവിടുത്തേക്ക് സുജൂദ് ചെയ്യാൻ അർഹർ ഞങ്ങളാണല്ലോ.’ അപ്പോൾ പറഞ്ഞു: ‘ ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയെ സുജൂദ് ചെയ്യേണ്ടതുണ്ടായിരുന്നെങ്കിൽ, ഒരു സ്ത്രീ തന്റെ ഭർത്താവിനെ സുജൂദ് ചെയ്യാനായിരുന്നു ഞാൻ കൽപ്പിക്കുമായിരുന്നത്.'”
അസ്മ(റ)യിൽ നിന്ന് ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: “അൻസ്വാരികളിൽപ്പെട്ട ഒരു അനാഥ കുട്ടിയുടെ ഒട്ടകം വിരണ്ടോടി. അതിനെ പിടിക്കാൻ അവർക്ക് സാധിച്ചില്ല. ഈ വിവരം തിരുനബിﷺയെ അറിയിച്ചപ്പോൾ അവിടുന്ന് ഞങ്ങളോടൊപ്പം ആ തോട്ടത്തിലേക്ക് വന്നു. തിരുനബിﷺയെ കണ്ടതും ഒട്ടകം അടുത്തു വരികയും സുജൂദ് ചെയ്യുകയും ചെയ്തു. ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, രാജാക്കന്മാർക്ക് സുജൂദ് ചെയ്യുന്നത് പോലെ അങ്ങേക്കും സുജൂദ് ചെയ്യാൻ അങ്ങ് ഞങ്ങളോട് കൽപ്പിച്ചിരുന്നെങ്കിൽ!’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘എന്റെ ഉമ്മത്തിൽ അങ്ങനെയൊന്നില്ല. ഞാൻ അപ്രകാരം ചെയ്യുമായിരുന്നെങ്കിൽ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർക്ക് സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു.'”
ഇമാം അഹ്മദും(റ) ബൈഹഖി(റ)യും യഅ്ലാ ബിൻ മുർറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഒരു ദിവസം ഞാൻ തിരുനബിﷺക്കൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഒട്ടകം കരഞ്ഞുകൊണ്ട് വരികയും തിരുനബിﷺയുടെ മുന്നിൽ തന്റെ കഴുത്ത് നിലത്ത് വെക്കുകയും ചെയ്തു. അതിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ചുറ്റും നനഞ്ഞു. അപ്പോൾ തിരുനബിﷺ ചോദിച്ചു: ‘ഈ ഒട്ടകം എന്താണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമോ? അതിന്റെ ഉടമസ്ഥൻ അതിനെ അറുക്കാൻ ഉദ്ദേശിക്കുന്നു എന്ന് അത് പരാതിപ്പെടുകയാണ്.’ തുടർന്ന് പറഞ്ഞു: ‘കഷ്ടം! ഈ ഒട്ടകത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് നോക്കൂ.’ അങ്ങനെ ഞാൻ അതിന്റെ ഉടമസ്ഥനെ തിരഞ്ഞു പോവുകയും അദ്ദേഹം ഒരു അൻസ്വാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
