Tweet 1369

    Tweet 1369
    March 14, 2026 • Saturday
    Post Header

    വൃദ്ധനായ ഒട്ടകത്തിന്റെ കഥ കൂടി വായിക്കാം.
    ഇമാം അഹ്മദും(റ) ബൈഹഖി(റ)യും ജാബിർ ബിൻ അബ്ദുള്ള(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു ഒട്ടകം തിരുനബിﷺയുടെ അരികിൽ വരികയും സമീപമെത്തിയപ്പോൾ സുജൂദ് ചെയ്യുകയും ചെയ്തു. തിരുനബിﷺ ചോദിച്ചു: “ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥൻ?” അൻസ്വാരികളായ ചില യുവാക്കൾ പറഞ്ഞു: “അത് ഞങ്ങളുടേതാണ്.” അവിടുന്നു ചോദിച്ചു: “ഇതിന് എന്തുപറ്റി?” അവർ പറഞ്ഞു: “ഇരുപത് വർഷത്തോളം ഞങ്ങൾ ഇതിനെ ജോലിക്ക് ഉപയോഗിച്ചു. ഇപ്പോൾ ഇതിന് പ്രായമായിരിക്കുന്നു, അതിനാൽ ഇതിനെ അറുക്കാൻ ഞങ്ങൾ തീരുമാനിച്ചു.” തിരുനബിﷺചോദിച്ചു: “നിങ്ങൾ ഇതിനെ എനിക്ക് വിൽക്കുമോ?” അവർ പറഞ്ഞു: “ഇത് അവിടുത്തേക്ക് നൽകിയിരിക്കുന്നു.” തിരുനബിﷺ പറഞ്ഞു: “ഇതിന്റെ മരണം വരുന്നത് വരെ ഇതിനോട് കരുണ കാണിക്കണം, നന്നായി നോക്കണം.” മൃഗങ്ങൾ പോലും സുജൂദ് ചെയ്യുന്നത് കണ്ട് സ്വഹാബികൾ തങ്ങൾക്കും അനുവാദം ചോദിച്ചപ്പോൾ തിരുനബിﷺ അത് വിലക്കുകയും അല്ലാഹുവിനെ മാത്രം ആരാധിക്കാൻ കൽപ്പിക്കുകയും ചെയ്തു.

    മറ്റൊരു സംഭവംഇമാം അഹ്മദ്(റ), അബൂ നുഐം(റ) തുടങ്ങിയവർ ആഇശ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അനുചരന്മാരോടൊപ്പം ഇരിക്കുമ്പോൾ ഒരു ഒട്ടകം വന്ന് തിരുനബിﷺക്ക് സുജൂദ് ചെയ്തു. അപ്പോൾ അനുചരന്മാർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, മൃഗങ്ങളും മരങ്ങളും തങ്ങൾക്ക് സുജൂദ് ചെയ്യുന്നു. അപ്പോൾ ഞങ്ങൾക്കും അതിന് അവകാശമില്ലേ?” അപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുക, നിങ്ങളുടെ സഹോദരനെ അഥവാ നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയെ ആദരിക്കുക. ഒരാൾ മറ്റൊരാൾക്ക് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നെങ്കിൽ, ഭർത്താവിനോടുള്ള കടമ മുൻനിർത്തി ഭാര്യയോട് അത് ചെയ്യാൻ ഞാൻ പറയുമായിരുന്നു.”

    ഇമാം അഹ്മദും(റ) ബൈഹഖി(റ)യും റിപ്പോർട്ട് ചെയ്തതും, ഇമാം ദഹബി(റ) മുസ്‌ലിമി(റ)ന്റെ നിബന്ധനകൾ ഒത്തുവരുന്ന സ്വഹീഹായ ഹദീസാണെന്ന് സാക്ഷ്യപ്പെടുത്തിയതുമായ സംഭവം: അബ്ദുള്ളാഹിബ്നു ജഅ്ഫർ(റ) നിവേദനം ചെയ്യുന്നു: ഒരിക്കൽ തിരുനബിﷺ അൻസ്വാരികളിൽപ്പെട്ട ഒരാളുടെ തോട്ടത്തിൽ പ്രവേശിച്ചു. അവിടെ ഒരു ഒട്ടകം നബിﷺയെ കണ്ടപ്പോൾ കരയാനും ദീനമായ ശബ്ദമുണ്ടാക്കാനും തുടങ്ങി. തിരുനബിﷺ അതിന്റെ അടുത്തുചെന്ന് അതിന്റെ തലയിലും മുതുകിലും തലോടിയപ്പോൾ അത് ശാന്തമായി. ശേഷം തിരുനബിﷺ ചോദിച്ചു: “ആരാണ് ഈ ഒട്ടകത്തിന്റെ ഉടമ?” അൻസ്വാരിയായ ഒരു യുവാവ് വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അത് എന്റേതാണ്.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അല്ലാഹു നിനക്ക് അധീനപ്പെടുത്തിത്തന്ന ഈ മൂകജീവിയുടെ കാര്യത്തിൽ നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? നീ അതിനെ പട്ടിണിക്കിടുന്നുവെന്നും അമിതമായി ജോലി ചെയ്യിപ്പിച്ചു ബുദ്ധിമുട്ടിക്കുന്നുവെന്നും അത് എന്നോട് പരാതിപ്പെട്ടിരിക്കുന്നു.”

    ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അൻസ്വാരിയായ ഒരാൾക്ക് രൗദ്രഭാവം പൂണ്ട മദമിളകിയ രണ്ട് ഒട്ടകങ്ങളുണ്ടായിരുന്നു. അവ നിയന്ത്രണം വിട്ടപ്പോൾ അദ്ദേഹം അവയെ ഒരു തോട്ടത്തിനുള്ളിലാക്കി വാതിലടച്ചു. ശേഷം തിരുനബിﷺയുടെ അടുത്തുചെന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, എന്റെ രണ്ട് ഒട്ടകങ്ങൾ മദമിളകിയിരിക്കുകയാണ്. ഞാൻ അവയെ ഒരു തോട്ടത്തിലിട്ട് പൂട്ടിയിരിക്കുകയാണ്. അവയെ മെരുക്കിത്തരാൻ അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കണം.”

    തിരുനബിﷺ തന്റെ അനുചരന്മാരോട് പറഞ്ഞു: “വരൂ, നമുക്ക് അങ്ങോട്ട് പോകാം.” തോട്ടത്തിലെത്തിയപ്പോൾ വാതിൽ തുറക്കാൻ തിരുനബിﷺ പറഞ്ഞു. നബിﷺക്ക് അപകടം സംഭവിക്കുമോ എന്ന് ഉടമ ഭയപ്പെട്ടെങ്കിലും തിരുനബിﷺ വീണ്ടും ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വാതിൽ തുറന്നു. തിരുനബിﷺയെ കണ്ട ഉടനെ ഒരു ഒട്ടകം അടുത്തേക്ക് വരികയും തിരുനബിﷺക്ക് മുന്നിൽ ശിരസ്സ് നമിക്കുകയും ചെയ്തു. തിരുനബിﷺ പറഞ്ഞു: “ഇതിനെ കെട്ടാൻ എന്തെങ്കിലും തരൂ.” അതിന്റെ തല കെട്ടി ഉടമയെ ഏൽപ്പിച്ചു. തുടർന്ന് തോട്ടത്തിന്റെ അങ്ങേ അറ്റത്തുള്ള രണ്ടാമത്തെ ഒട്ടകത്തിന്റെ അടുത്തേക്ക് പോയി. അതും തിരുനബിﷺയെ കണ്ടപ്പോൾ സുജൂദിൽ വീണു. അതിനെയും കെട്ടി ഉടമക്ക് നൽകിയിട്ട് പറഞ്ഞു: “ഇനി നീ കൊണ്ടുപോയ്ക്കൊള്ളുക, ഇവ രണ്ടും നിന്നെ ധിക്കരിക്കുകയില്ല.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...