
ഹമ്മാദ് ബിൻ സലമ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ഖൈസ് ഗോത്രക്കാരനായ ഒരു വൃദ്ധൻ തന്റെ പിതാവിനെ ഉദ്ധരിച്ച് പറഞ്ഞു: “ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കൽ വന്നു. ഞങ്ങളുടെ പക്കൽ ആർക്കും കീഴടങ്ങാത്ത, മെരുങ്ങാത്ത ഒരു പെൺ ഒട്ടകം ഉണ്ടായിരുന്നു. തിരുനബിﷺ അതിന്റെ അടുത്തേക്ക് ചെന്ന് അതിന്റെ അകിടിൽ ഒന്ന് തടവി. ഉടനെ അതിൽ പാൽ നിറയുകയും അവിടുന്ന് പാൽ കറന്നെടുക്കുകയും ചെയ്തു.”
ജാബിർ ബിൻ അബ്ദില്ലാഹി(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഒരു യാത്ര കഴിഞ്ഞ് തിരുനബിﷺയോടൊപ്പം മടങ്ങുകയായിരുന്നു. ബനൂ നജ്ജാർ ഗോത്രത്തിന്റെ ഒരു തോട്ടത്തിന് സമീപം എത്തിയപ്പോൾ, അവിടെയുള്ള ഒരു ഒട്ടകത്തെക്കുറിച്ച് അറിഞ്ഞു. ആര് ആ തോട്ടത്തിൽ പ്രവേശിച്ചാലും ആ ഒട്ടകം അവരെ ആക്രമിക്കുമായിരുന്നു. ഈ വിവരം തിരുനബിﷺയോട് പറഞ്ഞപ്പോൾ അവിടുന്ന് ആ തോട്ടത്തിന് അടുത്തേക്ക് ചെന്നു. ആ ഒട്ടകത്തെ വിളിച്ചു. ഉടനെ ആ ഒട്ടകം അതിന്റെ ചുണ്ട് നിലത്ത് ഉരസിക്കൊണ്ട് വിനയത്തോടെ വരികയും അവിടുത്തെ മുന്നിൽ മുട്ടുകുത്തുകയും ചെയ്തു. തിരുനബിﷺ: ‘ഇതിന്റെ മൂക്കുകയർ കൊണ്ടുവരൂ’. അത് ഉടമസ്ഥന് നൽകി. പിന്നീട് ജനങ്ങളിലേക്ക് തിരിഞ്ഞ് ഇപ്രകാരം പറഞ്ഞു:
‘മനുഷ്യരിലും ജിന്നുകളിലുമുള്ള അനുസരണയില്ലാത്തവരൊഴികെ, ആകാശഭൂമികൾക്കിടയിലുള്ള സകല ചരാചരങ്ങൾക്കും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് അറിയാം.'”
അബൂബക്കർ ബിൻ അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ബസ്സാർ(റ) എന്നിവരും സമാനമായ രീതിയിൽ വിശ്വസ്തരായ വ്യക്തികളിൽ നിന്ന് ഇത് നിവേദനം ചെയ്തിട്ടുണ്ട്.
തിരുനബിﷺയുടെ സന്നിധിയിൽ ഒട്ടകങ്ങൾ വിനയാന്വിതരായി സുജൂദ് ചെയ്തതിനെക്കുറിച്ചും അവയുടെ സങ്കടങ്ങൾ ബോധിപ്പിച്ചതിനെക്കുറിച്ചുമുള്ള ഹദീസുകൾ കൂടി വായിക്കാം. ഇമാം അഹ്മദും(റ) നസാഈ(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: അൻസ്വാരികളിൽപ്പെട്ട ഒരു കുടുംബത്തിന് വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന ഒരു ഒട്ടകമുണ്ടായിരുന്നു. അത് അവർക്ക് വഴങ്ങാതെയാവുകയും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവർ തിരുനബിﷺയെ സമീപിച്ച് പറഞ്ഞു: “ഞങ്ങൾക്ക് വെള്ളം കോരാൻ ഒരു ഒട്ടകമുണ്ടായിരുന്നു, അതിപ്പോൾ അനുസരണക്കേട് കാണിക്കുന്നു. ഞങ്ങളുടെ കൃഷിയും ഈന്തപ്പനകളും ദാഹിച്ചുണങ്ങുകയാണ്.
അവിടുന്ന് അനുചരന്മാരോട് “എഴുന്നേൽക്കൂ” എന്ന് പറഞ്ഞ് ആ തോട്ടത്തിലേക്ക് ചെന്നു. ഒട്ടകം ഒരു മൂലയിൽ നിൽക്കുകയായിരുന്നു. തിരുനബിﷺ അതിന്റെ അടുത്തേക്ക് നടന്നു. അൻസ്വാരികൾ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അത് ഒരു ഭ്രാന്തൻ നായയെപ്പോലെ അക്രമാസക്തമായിട്ടുണ്ട്, അത് തങ്ങളെ ആക്രമിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.” തിരുനബിﷺ പറഞ്ഞു: “അതിൽ നിന്ന് എനിക്ക് അപകടമൊന്നുമില്ല.”
ആ ഒട്ടകം തിരുനബിﷺയെ കണ്ടപ്പോൾ, മുന്നിലേക്ക് വരികയും തിരുനബിﷺക്ക് സാഷ്ടാംഗം ചെയ്യുകയും ചെയ്തു. തിരുനബിﷺ അതിന്റെ നെറ്റിയിലെ മുടിയിൽ പിടിച്ച് മുമ്പെങ്ങുമില്ലാത്തവിധം അതിനെ ശാന്തനാക്കി ജോലിക്ക് നിയോഗിച്ചു. ഇതുകണ്ട് സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ, ബുദ്ധിയില്ലാത്ത ഒരു മൃഗം പോലും അവിടുത്തേക്ക് സുജൂദ് ചെയ്യുന്നുവെങ്കിൽ, തങ്ങൾക്ക് സുജൂദ് ചെയ്യാൻ ഏറ്റവും അർഹർ ഞങ്ങളല്ലേ?” തിരുനബിﷺ മറുപടി നൽകി:
“ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യുന്നത് അനുവദനീയമായിരുന്നുവെങ്കിൽ, ഭാര്യക്ക് ഭർത്താവിനോടുള്ള അവകാശത്തിന്റെ വലിപ്പം കാരണം അവളോട് സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
