Tweet 1356

    Tweet 1356
    March 1, 2026 • Sunday
    Post Header

    ഇമാം മുസ്‌ലിം(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺയുടെ അടുത്ത് ചെന്നു, അപ്പോൾ അവിടുന്ന് അനുചരന്മാരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിശപ്പ് കാരണം അവിടുന്നു വയറിൽ ഒരു പട്ടിണിപ്പട്ട ചുറ്റിയിരുന്നു. ഞാൻ അനുചരന്മാരിൽ ചിലരോട് ചോദിച്ചു: “എന്തിനാണ് തിരുനബിﷺ തുണി ചുറ്റിയിരിക്കുന്നത്?” അവർ പറഞ്ഞു: “വിശപ്പ് കാരണം.” ഉടനെ ഞാൻ അബൂ ത്വൽഹ(റ)യുടെ അടുത്ത് ചെന്ന് വിവരം പറഞ്ഞു. അദ്ദേഹം എന്റെ ഉമ്മ ഉമ്മു സുലൈമി(റ)ൻ്റെ അടുത്ത് ചെന്ന് ചോദിച്ചു: “കഴിക്കാൻ വല്ലതുമുണ്ടോ?” ഉമ്മ പറഞ്ഞു: “അതെ, എന്റെ അടുത്ത് കുറച്ച് റൊട്ടി കഷണങ്ങളും ഏതാനും ഈന്തപ്പഴങ്ങളുമുണ്ട്. തിരുനബിﷺ ഒറ്റയ്ക്കാണ് വരുന്നതെങ്കിൽ നമുക്ക് അദ്ദേഹത്തിന് വയറുനിറയെ നൽകാം. എന്നാൽ മറ്റാരെയെങ്കിലും കൂടെ കൂട്ടിയാൽ അത് തികയുകയില്ല.”

    അബൂ ത്വൽഹ(റ) എന്നോട് പറഞ്ഞു: “നീ തിരുനബിﷺയുടെ അടുത്ത് നിൽക്കുക. അവിടുന്ന് എഴുന്നേൽക്കുമ്പോൾ, ആളുകൾ പിരിഞ്ഞുപോകുന്നത് വരെ കാത്തുനിൽക്കുക. വീട്ടുവാതിൽക്കൽ എത്തുമ്പോൾ ‘എന്റെ പിതാവ് നിങ്ങളെ ക്ഷണിക്കുന്നു’ എന്ന് പറയുക.” ഞാൻ അപ്രകാരം ചെയ്തു. ഞാൻ ക്ഷണിച്ചതും തിരുനബിﷺ കൂടെയുള്ളവരോട് പറഞ്ഞു: “ജനങ്ങളേ, എല്ലാവരും വരൂ.” ശേഷം എന്റെ കൈ ചേർത്തുപിടിച്ചു. അനുചരന്മാരോടൊപ്പം നടന്നു. വീടിനടുത്തെത്തിയപ്പോൾ എന്റെ കൈ വിട്ടു. ഇത്രയധികം ആളുകളെ കൂട്ടി വന്നതിൽ ദുഃഖിതനായി ഞാൻ അകത്തേക്ക് കയറി.

    ഞാൻ പിതാവിനോട് പറഞ്ഞു: “ഉപ്പാ, താങ്കൾ പറഞ്ഞതുപോലെ ഞാൻ തിരുനബിﷺയെ ക്ഷണിച്ചു, എന്നാൽ അവിടുന്ന് എല്ലാവരെയും കൂട്ടി വന്നിരിക്കുകയാണ്.”
    അബൂ ത്വൽഹ(റ) പുറത്തിറങ്ങി പറഞ്ഞു: “അല്ലാഹുവിന്റെ പ്രവാചകരേﷺ, അങ്ങയെ ഒറ്റയ്ക്ക് ക്ഷണിക്കാനാണ് ഞാൻ അനസി(റ)നെ വിട്ടത്. എന്റെ അടുത്ത് ഈ കാണുന്നവർക്കെല്ലാം തികയുന്ന ഭക്ഷണം ഇല്ലല്ലോ.” അപ്പോൾ തിരുനബിﷺ പറഞ്ഞു: “അകത്തേക്ക് പ്രവേശിക്കൂ, നിന്റെ അടുത്തുള്ളതിൽ അല്ലാഹു ബറക്കത്ത് നൽകും.” ഞാൻ അകത്തു കയറി. തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ അടുത്തുള്ളതെല്ലാം ഒരുമിച്ച് കൂട്ടി മുന്നിൽ വെക്കുക.” ഞങ്ങൾ റൊട്ടിയും ഈന്തപ്പഴവും ഒരു പായയിൽ വെച്ചു. തിരുനബിﷺ അതിൽ ബറക്കത്തിനായി പ്രാർഥിച്ചു.

    ശേഷം പറഞ്ഞു: “എട്ടുപേർ വീതം അകത്തേക്ക് വരട്ടെ.” അങ്ങനെ എട്ടുപേർ കയറി. തിരുനബിﷺ ഭക്ഷണത്തിന് മുകളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു: “അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കഴിച്ചോളൂ.” അവർ അവിടുത്തെ വിരലുകൾക്കിടയിലൂടെ ഭക്ഷണം കഴിച്ച് തൃപ്തരായി. വീണ്ടും എട്ടുപേരെ വീതം വിളിക്കാൻ എന്നോട് കൽപ്പിച്ചു. അങ്ങനെ 80 പേർ വയറുനിറയെ ഭക്ഷണം കഴിച്ചു.
    ഒടുവിൽ തിരുനബിﷺ എന്നെയും ഉമ്മയെയും അബൂ ത്വൽഹ(റ)യെയും വിളിച്ചു പറഞ്ഞു: “നിങ്ങളും കഴിച്ചോളൂ.” ഞങ്ങൾ വയറുനിറയെ കഴിച്ചു. ശേഷം കൈ എടുത്തു. എന്നിട്ട് ചോദിച്ചു: “ഉമ്മു സുലൈം(റ), നീ ആദ്യം കൊണ്ടുവെച്ച ഭക്ഷണവുമായി ഇതിനെ താരതമ്യം ചെയ്താൽ എങ്ങനെയുണ്ട്?” അവർ പറഞ്ഞു: “എന്റെ മാതാപിതാക്കൾ അങ്ങേക്ക് പകരമാകട്ടെ! അവർ കഴിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നെങ്കിൽ നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒന്നും കുറഞ്ഞിട്ടില്ല എന്ന് ഞാൻ പറയുമായിരുന്നു.”

    ഇമാം അഹ്‌മദ്(റ), ബസ്സാർ(റ), ബൈഹഖി(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരു ഗ്രാമീണൻ തിരുനബിﷺയോട് എന്തോ ചോദിക്കാനായി വന്നു. അവിടുന്ന് മുറിക്കുള്ളിൽ പോയി നോക്കിയപ്പോൾ ഒരു കഷണം ഭക്ഷണം കണ്ടു. അത് എടുത്ത് കഷണങ്ങളാക്കി മുറിച്ചു. എന്നിട്ട് അതിന്മേൽ കൈ വെച്ചുകൊണ്ട് പറഞ്ഞു: “കഴിച്ചോളൂ.”
    ആ ഗ്രാമീണൻ അത് വയറുനിറയെ കഴിച്ചു. എന്നിട്ടും അതിൽ ബാക്കിയുണ്ടായിരുന്നു. ആ മനുഷ്യൻ ആശ്ചര്യത്തോടെ തിരുനബിﷺയെ നോക്കി പറഞ്ഞു: “തീർച്ചയായും അവിടുന്ന് ഒരു നല്ല മനുഷ്യൻ തന്നെ!” അപ്പോൾ തിരുനബിﷺ പറഞ്ഞു: “നീ ഇസ്‌ലാം സ്വീകരിക്കൂ.” എന്നാൽ അയാൾ അത് വിസമ്മതിച്ചുകൊണ്ട് വീണ്ടും പറഞ്ഞു: “അവിടുന്ന് നല്ലൊരു മനുഷ്യൻ തന്നെയാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...