Tweet 1351

    Tweet 1351
    February 24, 2026 • Tuesday
    Post Header

    അബൂ അയ്യൂബ് അൽ-അൻസ്വാരി(റ) നിവേദനം ചെയ്തതായി ജഅ്ഫർ അൽ-ഫരിയാബി(റ), ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:
    അബൂ അയ്യൂബ്(റ) പറഞ്ഞു: “ഞാൻ തിരുനബിﷺക്കും അബൂബക്കർ(റ)വിനും വേണ്ടി രണ്ടുപേർക്ക് മാത്രം മതിയാകുന്ന അളവിൽ ഭക്ഷണം തയ്യാറാക്കി. അത് ഞാൻ അവരുടെ അടുക്കൽ എത്തിച്ചപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നീ പോയി അൻസ്വാരി പ്രമുഖരിൽപെട്ട മുപ്പത് പേരെ ഇങ്ങോട്ട് ക്ഷണിക്കുക.’ ഇതെന്നെ വലിയ വിഷമത്തിലാക്കി. കാരണം അധികമായി നൽകാൻ എന്റെ പക്കൽ മറ്റൊന്നുമില്ലായിരുന്നു. ഞാൻ മടിച്ചുനിൽക്കുന്നത് കണ്ട് അവിടുന്ന് വീണ്ടും പറഞ്ഞു: ‘നീ പോയി മുപ്പത് അൻസ്വാരി പ്രമുഖരെ വിളിക്കുക.’
    അങ്ങനെ ഞാൻ അവരെ വിളിച്ചു, അവർ വന്നു.

    അവിടുന്ന് അവരോട് ഭക്ഷണം കഴിക്കാൻ പറഞ്ഞു. അവർ വയറുനിറയെ കഴിച്ചു, തൃപ്തിപ്പെട്ട് എഴുന്നേറ്റു. ശേഷം അവർ അല്ലാഹുവിന്റെ റസൂലാണെന്ന് സാക്ഷ്യം വഹിക്കുകയും തിരിച്ചുപോകുന്നതിന് മുൻപ് അവിടുത്തോട് അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പിന്നീട് അവിടുന്ന് പറഞ്ഞു: ‘നീ പോയി അറുപത് അൻസ്വാരി പ്രമുഖരെ വിളിക്കുക.’ അബൂ അയ്യൂബ്(റ) പറയുന്നു: ‘അല്ലാഹുവാണെ സത്യം! മുപ്പത് പേരെ വിളിച്ചതിനേക്കാൾ വലിയ താല്പര്യത്തോടെ ഞാൻ അറുപത് പേരെ വിളിക്കാൻ തയ്യാറായി.’ അവർ വരികയും അവിടുന്ന് അവരോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവരും വയറുനിറയെ ഭക്ഷിച്ചു. അവരും തിരിച്ചുപോകുന്നതിന് മുൻപ് അവിടുത്തെ പ്രവാചകത്വം അംഗീകരിക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു.

    തുടർന്ന് അവിടുന്ന് പറഞ്ഞു: ‘നീ പോയി അൻസ്വാരികളിൽ പെട്ട തൊണ്ണൂറ് പേരെ വിളിക്കുക.’ അബൂ അയ്യൂബ്(റ) പറയുന്നു: ‘തൊണ്ണൂറ് പേരെ വിളിക്കാൻ എനിക്ക് അതിലേറെ സന്തോഷമായിരുന്നു.’ ഞാൻ അവരെ വിളിച്ചു, അവരും വയറുനിറയെ ഭക്ഷിച്ചു. അവരും അവിടുത്തെ പ്രവാചകത്വം അംഗീകരിക്കുകയും ബൈഅത്ത് ചെയ്യുകയും ചെയ്തു. അങ്ങനെ എന്റെ ആ ഭക്ഷണത്തിൽ നിന്നും ആകെ 180 പേർ ഭക്ഷണം കഴിച്ചു. അവരെല്ലാവരും അൻസ്വാരികളിൽ പെട്ടവരായിരുന്നു.”

    അബൂ യഅ്‌ല(റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുകയും അത് അവിടുത്തേക്ക് പ്രയാസമാവുകയും ചെയ്തു. തിരുനബിﷺ പത്നിമാരുടെ വീടുകളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരിടത്തുനിന്നും ഒന്നും ലഭിച്ചില്ല. തുടർന്ന് അവിടുന്ന് മകൾ ഫാത്വിമ(റ)യുടെ അടുത്തെത്തി ചോദിച്ചു: “മകളേ, നിന്റെ അടുക്കൽ എനിക്ക് കഴിക്കാൻ എന്തെങ്കിലുമുണ്ടോ? എനിക്ക് വിശക്കുന്നു.” ഫാത്വിമ(റ) പറഞ്ഞു: “ഇല്ല, അല്ലാഹുവാണെ സത്യം! എന്റെ അടുക്കൽ ഒന്നുമില്ല.”

    തിരുനബിﷺ അവിടെനിന്ന് പുറത്തിറങ്ങിയപ്പോൾ ഫാത്തിമ(റ)യുടെ ഒരു അയൽവാസി രണ്ട് റൊട്ടിയും ഒരു കഷണം ഇറച്ചിയും അവർക്ക് കൊടുത്തയച്ചു. ഫാത്വിമ(റ) അത് വാങ്ങി ഒരു പാത്രത്തിൽ വെച്ച് മൂടിക്കെട്ടി. അവർ ഉള്ളിൽ പറഞ്ഞു: “അല്ലാഹുവാണെ സത്യം! എന്നെക്കാളും എന്റെ കൂടെയുള്ളവരെക്കാളും മുൻഗണന ഞാൻ തിരുനബിﷺക്ക് നൽകും.” ആ സമയത്ത് അവരെല്ലാവരും വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ പ്രയാസത്തിലായിരുന്നു.
    ഫാത്വിമ(റ) ഹസൻ(റ)നെയോ ഹുസൈൻ(റ)നെയോ തിരുനബിﷺയുടെ അടുത്തേക്ക് അയച്ചു.

    അവിടുന്ന് മടങ്ങി വന്നപ്പോൾ ഫാത്വിമ(റ) പറഞ്ഞു: “ഉപ്പാ, അല്ലാഹു എനിക്ക് എന്തോ ഒന്ന് നൽകിയിട്ടുണ്ട്, അത് ഞാൻ അവിടുത്തേക്കായി കരുതിവെച്ചിട്ടുണ്ട്.” തിരുനബിﷺ പറഞ്ഞു: “മകളേ, അത് ഇങ്ങോട്ട് കൊണ്ടുവരൂ.”
    അവർ ആ പാത്രം തുറന്നപ്പോൾ അത് നിറയെ റൊട്ടിയും ഇറച്ചിയുമായിരുന്നു. അത് കണ്ട് അവർ അത്ഭുതപ്പെട്ടുപോയി. ഇത് അല്ലാഹുവിൽ നിന്നുള്ള ബറക്കത്താണെന്ന് മനസ്സിലാക്കിയ അവർ അല്ലാഹുവിനെ സ്തുതിക്കുകയും തിരുനബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്തു. ശേഷം അത് മുന്നിൽ വെച്ചു. അത് കണ്ടപ്പോൾ തിരുനബിﷺ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ചോദിച്ചു: “മകളേ, നിനക്കിത് എവിടെ നിന്ന് ലഭിച്ചു?”ഫാത്വിമ(റ) പറഞ്ഞു: “ഉപ്പാ, ഇത് അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതാണ്. നിശ്ചയമായും അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ ഭക്ഷണം നൽകുന്നു.”

    അപ്പോൾ തിരുനബിﷺ പറഞ്ഞു: “നിന്നെ ഇസ്രായീൽ വംശജരിലെ സ്ത്രീകളുടെ നേതാവ് മർയം ബീവി(അ)യോട് സാദൃശ്യമുള്ളവളാക്കിയ അല്ലാഹുവിന് സ്തുതി. അവർക്കും അല്ലാഹു എന്തെങ്കിലും നൽകുമ്പോൾ അതിനെക്കുറിച്ച് ചോദിച്ചാൽ ‘ഇത് അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതാണ്, അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകുന്നു’ എന്ന് പറയുമായിരുന്നു.” തുടർന്ന് തിരുനബിﷺ അലി(റ)യെ വിളിച്ചുവരുത്തി. റസൂൽﷺ, അലി(റ), ഫാത്വിമ(റ), ഹസൻ(റ), ഹുസൈൻ(റ), നബിﷺയുടെ എല്ലാ പത്നിമാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം വയറുനിറയെ കഴിച്ചു. എന്നിട്ടും ആ പാത്രത്തിലെ ഭക്ഷണം പഴയതുപോലെ തന്നെ ബാക്കിയുണ്ടായിരുന്നു. ബാക്കി വന്ന ഭക്ഷണം ഫാത്വിമ(റ) അയൽവാസികൾക്കെല്ലാം നൽകി. അല്ലാഹു ആ ഭക്ഷണത്തിൽ വലിയ ബറക്കത്തും നന്മയും ചൊരിഞ്ഞു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...