
തിരുനബിﷺ അകത്തേക്ക് പ്രവേശിച്ചിട്ട് പറഞ്ഞു: “നിങ്ങൾ പ്രവേശിക്കുക, തിരക്ക് കൂട്ടരുത്.” ശേഷം കുഴച്ചു വെച്ച മാവിൽ ഉമിനീർ പുരട്ടി ബർക്കത്തിനായി പ്രാർഥിച്ചു. അതുപോലെ അടുപ്പിലെ ഇറച്ചി പാത്രത്തിലും ഉമിനീർ പുരട്ടി പ്രാർഥിച്ചു. ശേഷം പറഞ്ഞു: “ജാബിർ(റ), ഒരു റൊട്ടിയുണ്ടാക്കുന്നവളെ വിളിക്കുക, അവൾ നിന്നോടൊപ്പം റൊട്ടിയുണ്ടാക്കട്ടെ. ഇറച്ചി പാത്രത്തിൽ നിന്ന് കോരിക്കൊടുക്കുക, അത് താഴെ ഇറക്കി വെക്കരുത്.” തിരുനബിﷺ തന്നെ നേരിട്ട് മാംസം വിളമ്പിക്കൊടുത്തു, ആളുകൾക്ക് നൽകിക്കൊണ്ടിരുന്നു. എല്ലാവരും വയറുനിറയെ കഴിച്ചു കഴിഞ്ഞിട്ടും തന്നൂരിലെ റൊട്ടിയും പാത്രത്തിലെ ഇറച്ചിയും പഴയതുപോലെ തന്നെ നിറഞ്ഞു നിൽക്കുന്നു!
ഓരോ സംഘം കഴിച്ചു കഴിയുമ്പോഴും അടുത്ത സംഘം വന്നു. അങ്ങനെ ഖന്തഖിലുണ്ടായിരുന്ന ആയിരത്തോളം പേരും കഴിച്ച് അവിടെനിന്നും പോയി. എന്നിട്ടും ഞങ്ങളുടെ ഇറച്ചി പാത്രം പഴയതുപോലെ തിളച്ചുകൊണ്ടിരുന്നു, മാവ് പഴയതുപോലെ ബാക്കിയുമുണ്ടായിരുന്നു. ശേഷം തിരുനബിﷺ പറഞ്ഞു: “നീ ഇത് കഴിക്കുകയും മറ്റുള്ളവർക്ക് സമ്മാനമായി നൽകുകയും ചെയ്യുക, കാരണം ആളുകൾ വലിയ ക്ഷാമത്തിലാണ്.” അങ്ങനെ അന്നത്തെ ദിവസം മുഴുവൻ ഞങ്ങൾ കഴിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്തു.
അബൂ യഅ്‌ല(റ), അബൂ നുഐം(റ), ഇബ്നു അസാകിർ(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്ത ഈ ഹദീസിന്റെ മലയാള പരിഭാഷ താഴെ നൽകുന്നു:
അനസ്(റ) പറയുന്നു: തിരുനബിﷺ സൈനബ് ബിൻത് ജഹ്‌ശി(റ)നെ വിവാഹം കഴിച്ചപ്പോൾ എന്റെ ഉമ്മ ഉമ്മു സുലൈം(റ) എന്നോട് പറഞ്ഞു: “അനസേ(റ),തിരുനബിﷺ ഇന്ന് പുത്തൻ മണവാളനായിരിക്കുകയാണ്. തിരുനബിﷺയുടെ പക്കൽ ഭക്ഷണമുണ്ടോ എന്ന് എനിക്കറിയില്ല. അതിനാൽ ആ നെയ്പ്പാത്രം ഇങ്ങെടുക്കൂ.” ഞാൻ നെയ്പ്പാത്രവും കുറച്ച് ഈത്തപ്പഴവും ഉമ്മയുടെ അടുത്ത് കൊണ്ടുവന്നു. ഉമ്മ അത് രണ്ടും ചേർത്ത് ‘ഹൈസ്’ അഥവാ ഈത്തപ്പഴവും നെയ്യും ചേർത്ത വിഭവം തയ്യാറാക്കി.
എന്നിട്ട് ഉമ്മ പറഞ്ഞു: “അനസേ(റ), നീ ഇത് തിരുനബിﷺയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അടുത്തേക്ക് കൊണ്ടുപോവുക.” ഒരു കൽപാത്രത്തിൽ ആ വിഭവവുമായി ഞാൻ തിരുനബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: “അത് വീടിന്റെ ഒരു മൂലയിൽ വെക്കുക. എന്നിട്ട് അബൂബക്കർ(റ), ഉമർ(റ), അലി(റ), ഉസ്മാൻ(റ) എന്നിവരെയും മറ്റു ചില സ്വഹാബികളെയും വിളിക്കുക. കൂടാതെ പള്ളിയിലുള്ളവരെയും വഴിയിൽ കാണുന്നവരെയൊക്കെയും എനിക്ക് വേണ്ടി വിളിക്കുക.”
ഭക്ഷണം കുറവായതും എന്നാൽ അത് കഴിക്കാൻ എന്നോട് നിർദ്ദേശിച്ച ആളുകളുടെ എണ്ണം കൂടുതലായതും കണ്ട് ഞാൻ അത്ഭുതപ്പെട്ടു. എങ്കിലും തിരുനബിﷺയെ അനുസരിക്കാതിരിക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല.
അങ്ങനെ വീടും മുറിയും ആളുകളെക്കൊണ്ട് നിറഞ്ഞു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ആ കൽപാത്രം ഇങ്ങെടുക്കൂ.”
ഞാൻ അത് കൊണ്ടുവന്നു മുന്നിൽ വെച്ചു. അവിടുന്നു മൂന്ന് വിരലുകൾ ആ പാത്രത്തിൽ മുക്കി. അപ്പോൾ അതിലെ ഈത്തപ്പഴം വർദ്ധിക്കാൻ തുടങ്ങി. ആളുകൾ ഓരോരുത്തരായി വന്ന് ഭക്ഷണം കഴിച്ച് പുറത്തേക്ക് പോയി. എല്ലാവരും തിന്നു കഴിഞ്ഞിട്ടും ആ പാത്രത്തിൽ ഞാൻ കൊണ്ടുവന്ന അത്രയും തന്നെ ബാക്കിയുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: “ഇത് സൈനബി(റ)ന്റെ മുന്നിൽ വെക്കുക.”
ഈ ഹദീസ് റിപ്പോർട്ട് ചെയ്ത സാബിത്(റ) ചോദിച്ചു: “ഹംസാ(റ), എത്രപേർ ആ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടാകുമെന്നാണ് നിങ്ങൾ കരുതുന്നത്?” അപ്പോൾ പറഞ്ഞു: “എഴുപത്തിയൊന്നോ എഴുപത്തിരണ്ടോ പേർ.”
