Tweet 1343

    Tweet 1343
    February 16, 2026 • Monday
    Post Header

    ശേഷം അവിടുന്ന് കൽപ്പിച്ചു:
    അവളുടെ പാത്രം അവൾക്ക് തന്നെ തിരിച്ചുനൽകുക.
    അവർ അത് തിരികെ നൽകിയപ്പോൾ പാത്രം നെയ്യ് കൊണ്ട് നിറഞ്ഞിരുന്നു! അപ്പോൾ തിരുനബിﷺ തൻ്റെ സമ്മാനം സ്വീകരിച്ചില്ലെന്ന് അവർക്ക് തോന്നി. അവർ കരഞ്ഞുകൊണ്ട് പ്രവാചകന്റെﷺ അടുത്തെത്തി പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേﷺ, അങ്ങേക്ക് കഴിക്കാനായി ഞാൻ ഉരുക്കിയെടുത്ത നെയ്യാണിത്.’

    പ്രാർഥനക്ക് ഉത്തരം ലഭിച്ചുവെന്ന് അപ്പോൾ പ്രവാചകന്ﷺ മനസ്സിലായി. അവിടുന്ന് പറഞ്ഞു:
    നിങ്ങൾ പോയി അവളോട് പറയുക; അവൾ ആ നെയ്യ് ഭക്ഷിക്കട്ടെ, ബറകത്തിനായി പ്രാർത്ഥിക്കുകയും ചെയ്യട്ടെ.

    അങ്ങനെ തിരുനബിﷺ പരലോകത്തേക്ക് യാത്രയാവുന്നത് വരെയും, പിന്നീട് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരുടെ ഭരണകാലം വരെയും അവർ ആ നെയ്യ് ഉപയോഗിച്ചു. അലി(റ), മുആവിയ(റ) എന്നിവർക്കിടയിലുള്ള പ്രശ്നങ്ങളുണ്ടായ കാലം വരെയും ആ നെയ്യ് അവസാനിച്ചിരുന്നില്ല.”

    നബിﷺയിൽ നിന്ന് ബാർലിയിൽ ബർക്കത്ത് ലഭിച്ച ഒരു സംഭവം വായിക്കാം. ഇമാം അഹ്മദും(റ) മുസ്‌ലിമും(റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: ഒരാൾ നബിﷺയുടെ അടുത്ത് വന്ന് ഭക്ഷണം ചോദിച്ചു. അപ്പോൾ തിരുനബിﷺ അദ്ദേഹത്തിന് അര വസഖ് ബാർലി നൽകി. അദ്ദേഹവും ഭാര്യയും അതിഥികളും അതിൽ നിന്ന് ദീർഘകാലം കഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവർ അത് അളന്നു നോക്കി. ഇക്കാര്യം തിരുനബിﷺയെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “നിങ്ങൾ അത് അളക്കാതിരുന്നിരുന്നെങ്കിൽ നിങ്ങൾക്കത് ഇനിയും ഭക്ഷിക്കാമായിരുന്നു, അത് അവിടെ അവശേഷിക്കുമായിരുന്നു.”

    നബിﷺ ഈത്തപ്പഴത്തിൽ ബറകത്ത് നൽകിയ സംഭവം ഇമാം അഹ്മദ്(റ), ഇബ്‌നു സഅദ്(റ), തിർമിദി(റ), ഇബ്‌നു ഹിബ്ബാൻ(റ), ബൈഹഖി(റ) എന്നിവർ അബൂഹുറൈറ(റ)വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഇസ്‌ലാമിൽ എനിക്ക് മൂന്ന് വലിയ വിപത്തുകൾ ബാധിച്ചു, അവയ്ക്ക് തുല്യമായ മറ്റൊന്നും എനിക്കുണ്ടായിട്ടില്ല: ഒന്ന്, തിരുനബിﷺയുടെ വിയോഗം. രണ്ട്, ഉസ്‌മാൻ(റ)വിന്റെ വധം. മൂന്ന്, ‘മിസ്‌വദ്’ അഥവാ ഭക്ഷണം സൂക്ഷിക്കുന്ന തോൽപാത്രം.”

    സൈദ് ബിൻ അബീ മൻസൂർ(റ) തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു: ഞാൻ ചോദിച്ചു: “അബൂഹുറൈറ(റ), എന്താണ് ആ മിസ്‌വദ്?” അദ്ദേഹം പറഞ്ഞു: “ഒരിക്കൽ ഒരു യുദ്ധവേളയിൽ തിരുനബിﷺയോടൊപ്പം ആയിരിക്കെ സൈന്യത്തിന് ഭക്ഷണക്ഷാമം നേരിട്ടു. അപ്പോൾ നബിﷺ ചോദിച്ചു: ‘അബൂഹുറൈറ(റ), നിന്റെ അടുക്കൽ വല്ലതുമുണ്ടോ?’ ഞാൻ പറഞ്ഞു: ‘എന്റെ മിസ്‌വദിൽ കുറച്ച് ഈത്തപ്പഴമുണ്ട്.’ തിരുനബിﷺ പറഞ്ഞു: ‘അത് ഇങ്ങോട്ട് കൊണ്ടുവരിക.’ ഞാൻ അത് കൊണ്ടുവന്നു. നബിﷺ പറഞ്ഞു: ‘ഒരു വിരിപ്പ് കൊണ്ടുവരിക.’ ഞാൻ ഒരു തോൽവിരിപ്പ് കൊണ്ടുവന്നു വിരിച്ചു.

    തിരുനബിﷺ തിരുകരങ്ങൾ അതിലിട്ട് ഈത്തപ്പഴം വാരിയെടുത്തു. നോക്കിയപ്പോൾ അത് കൃത്യം ഇരുപത്തിയൊന്ന് ഈത്തപ്പഴങ്ങളായിരുന്നു. തിരുനബിﷺ ഓരോ ഈത്തപ്പഴവും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് വിരിപ്പിൽ വെച്ചു. ശേഷം അവയെല്ലാം ഒന്നിച്ചു ചേർത്ത് വെച്ചിട്ട് പറഞ്ഞു: ‘പത്തുപേരെ വീതം വിളിക്കുക.’ ഞാൻ പത്തുപേരെ വിളിച്ചു, അവർ വയറു നിറയെ ഭക്ഷിച്ചു. അങ്ങനെ സൈന്യം മുഴുവൻ ഭക്ഷിച്ചു കഴിഞ്ഞിട്ടും കുറച്ച് ഈത്തപ്പഴം ബാക്കിയുണ്ടായിരുന്നു. ഞാൻ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേﷺ, ഇതിൽ എനിക്ക് ബറകത്തിന് വേണ്ടി പ്രാർഥിച്ചാലും.’ അവിടുന്ന് അവ കൈയ്യിലെടുത്ത് ബറകത്തിന് വേണ്ടി പ്രാർഥിച്ചു. ശേഷം പറഞ്ഞു: ‘ഇവയെടുത്ത് നിന്റെ മിസ്‌വദിൽ തന്നെ ഇടുക. നിനക്ക് അതിൽ നിന്ന് വല്ലതും എടുക്കണമെന്ന് തോന്നുമ്പോൾ കൈ അകത്തേക്ക് ഇട്ട് എടുത്തു കൊള്ളുക. അത് പുറത്തേക്ക് കുടഞ്ഞിടരുത്, അങ്ങനെ ചെയ്താൽ അത് നിലച്ചുപോകും.'”

    അബൂഹുറൈറ(റ) തുടരുന്നു: “പിന്നീട് എപ്പോൾ എനിക്ക് ഈത്തപ്പഴം വേണമെങ്കിലും ഞാൻ ആ സഞ്ചിയിൽ കൈയിട്ട് എടുക്കുമായിരുന്നു. അതിൽ നിന്ന് അമ്പതോളം ‘വസഖ്’/ഒട്ടകച്ചുമട് ഞാൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ദാനം ചെയ്തിട്ടുണ്ട്. തിരുനബിﷺയുടെ കാലത്തും, അബൂബക്കർ(റ), ഉമർ(റ), ഉസ്‌മാൻ(റ) എന്നിവരുടെ കാലഘട്ടത്തിലും ഞങ്ങൾ അതിൽ നിന്ന് തിന്നുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്തിരുന്നു. അത് എന്റെ ഒട്ടകക്കട്ടിലിന് പിന്നിൽ തൂക്കിയിടാറായിരുന്നു പതിവ്. എന്നാൽ ഉസ്‌മാൻ(റ) വധിക്കപ്പെട്ട ദിവസം എന്റെ വീട്ടിലെ സാധനങ്ങൾ കൊള്ളയടിക്കപ്പെട്ട കൂട്ടത്തിൽ ആ സഞ്ചിയും നഷ്ടപ്പെട്ടു.”

    മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: “ശാമിന്റെ ആളുകൾ മദീന ആക്രമിക്കുന്നത് വരെ ഞങ്ങൾ അതിൽ നിന്ന് ഭക്ഷിച്ചുകൊണ്ടേയിരുന്നു. ഞാൻ അതിൽ നിന്ന് എത്രത്തോളം ഭക്ഷിച്ചു എന്ന് നിങ്ങൾക്ക് അറിയാമോ? ഇരുന്നൂറിലധികം ‘വസഖ്’ ഏകദേശം 26,000 കിലോയിലധികം ഈത്തപ്പഴം ഞാൻ അതിൽ നിന്ന് എടുത്തിട്ടുണ്ട്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...