
ഏഴ് ഈത്തപ്പഴം കൊണ്ട് ഒരു സംഘം ആളുകൾ വയറുനിറച്ച സംഭവം കൂടി വായിക്കാം.
അബൂ നുഐമും(റ) ഇബ്നു അസാക്കിറും(റ) അർബാള് ബിൻ സരിയ(റ)വിൽ നിന്ന് ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “തബൂഖ് യുദ്ധവേളയിൽ ഞാൻ തിരുനബിﷺക്കൊപ്പം ഉണ്ടായിരുന്നു. ഒരു രാത്രിയിൽ അവിടുന്ന് ബിലാലി(റ)നോട് ചോദിച്ചു: ‘രാത്രി ഭക്ഷണത്തിന് വല്ലതുമുണ്ടോ?’ ബിലാൽ(റ) മറുപടി പറഞ്ഞു: ‘അങ്ങയെ സത്യവുമായി അയച്ചവൻ തന്നെയാണെ സത്യം! ഞങ്ങളുടെ ഭാണ്ഡങ്ങളെല്ലാം ഞങ്ങൾ കുടഞ്ഞു തീർത്തതാണ്, ഭക്ഷണം ഒന്നുമില്ല. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നീ ഒന്നുകൂടി നോക്കൂ, വല്ലതും ലഭിച്ചേക്കാം.’
അങ്ങനെ അദ്ദേഹം ഓരോ സഞ്ചിയായി പരിശോധിക്കാൻ തുടങ്ങി. ഓരോ സഞ്ചി കുടയുമ്പോഴും ഒന്നോ രണ്ടോ ഈത്തപ്പഴങ്ങൾ വീണുകൊണ്ടിരുന്നു. അങ്ങനെ ആകെ ഏഴ് ഈത്തപ്പഴങ്ങൾ തികയുന്നത് ഞാൻ കണ്ടു. ശേഷം തിരുനബിﷺ ഒരു പാത്രം ആവശ്യപ്പെടുകയും ആ ഈത്തപ്പഴങ്ങൾ അതിൽ വെക്കുകയും ചെയ്തു. അവിടുന്ന് തിരുകരം ആ ഈത്തപ്പഴങ്ങൾക്ക് മുകളിൽ വെച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിച്ചു കൊള്ളുക.’ അങ്ങനെ ഞങ്ങൾ മൂന്ന് പേർ ചേർന്ന് ഭക്ഷിച്ചു. ഞാൻ ഓരോ ഈത്തപ്പഴവും എണ്ണി നോക്കിയിരുന്നു; അമ്പത്തിനാല് ഈത്തപ്പഴം വരെ ഞാൻ എണ്ണി. അതിന്റെ കുരുക്കൾ എന്റെ മറ്റൊരു കയ്യിൽ ഞാൻ പിടിച്ചിരുന്നു. എന്റെ കൂടെയുള്ള രണ്ട് കൂട്ടുകാരും അതുപോലെ തന്നെ ഭക്ഷിച്ചു. ഒടുവിൽ ഞങ്ങൾ വയറുനിറഞ്ഞ് കൈകൾ പിൻവലിച്ചു. നോക്കിയപ്പോൾ ആ ഏഴ് ഈത്തപ്പഴങ്ങൾ മാറ്റമൊന്നുമില്ലാതെ അവിടെത്തന്നെയുണ്ട്!
അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘ബിലാൽ(റ), ഇത് എടുത്തു വെക്കുക. ഇനി ആര് ഇതിൽ നിന്ന് ഭക്ഷിച്ചാലും വയറുനിറയെ തിന്നാൻ ഇത് മതിയാകും.’ പിറ്റേദിവസം ആയപ്പോൾ നബിﷺ ബിലാലി(റ)നോട് ആ ഈത്തപ്പഴങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്ന് വീണ്ടും അവിടുത്തെ കൈ അതിൽ വെച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ ഭക്ഷിച്ചു കൊള്ളുക.’ അങ്ങനെ ഞങ്ങൾ പത്തുപേർ ചേർന്ന് വയറുനിറയെ ഭക്ഷിച്ചു. എന്നിട്ടും ആ ഈത്തപ്പഴങ്ങൾ ബാക്കിയായിരുന്നു.”
അങ്ങനെ ആ ഈത്തപ്പഴങ്ങൾ മാറ്റമില്ലാതെ അവിടെത്തന്നെ ഇരിക്കുന്നത് കണ്ട് തിരുദൂതർﷺ പറഞ്ഞു: “എന്റെ രക്ഷിതാവിനോടുള്ള ലജ്ജ തടസ്സമായില്ലായിരുന്നുവെങ്കിൽ, മദീനയിൽ തിരിച്ചെത്തുന്നത് വരെ നമ്മുടെ സൈന്യത്തിലെ അവസാനത്തെ ആൾക്കും തിന്നാൻ പാകത്തിൽ ഈ ഈത്തപ്പഴങ്ങളിൽ നിന്ന് നാം ഭക്ഷിക്കുമായിരുന്നു.” ശേഷം അവിടുന്ന് ആ ഈത്തപ്പഴങ്ങൾ ഒരു ബാലന് നൽകി. അവൻ അത് നുണഞ്ഞുകൊണ്ട് മടങ്ങിപ്പോയി.
മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം. മുഹമ്മദ് ബിൻ അംറ് അൽ-അസ്‌ലമി(റ)യിൽ നിന്ന് അബൂ നുഐം(റ) റിപ്പോർട്ട് ചെയ്യുന്നു. ബനൂ സഅദ് ഗോത്രക്കാരനായ ഒരാൾ പറഞ്ഞു: “ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അന്ന് കൂടെയുള്ള ഏഴുപേരിൽ ഒരാളായി ഞാനും ഇസ്‌ലാം സ്വീകരിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ബിലാൽ(റ), ഞങ്ങൾക്ക് ഭക്ഷണം നൽകുക.’ ഉടനെ അദ്ദേഹം ഒരു വിരിപ്പ് വിരിച്ചു. ശേഷം തന്റെ കയ്യിലുള്ള ഭാണ്ഡത്തിൽ നിന്ന് നെയ്യും പാൽക്കട്ടിയും ചേർത്തുകുഴച്ച കുറച്ച് ഈത്തപ്പഴം പുറത്തെടുത്തു. തിരുനബിﷺ പറഞ്ഞു: ‘ഭക്ഷിച്ചു കൊള്ളുക.’ ഞങ്ങൾ വയറു നിറയുന്നത് വരെ തിന്നു. ഞാൻ ആശ്ചര്യത്തോടെ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, ഇത്രയും ഭക്ഷണം ഞാൻ ഒറ്റയ്ക്ക് കഴിക്കാറുള്ളതാണല്ലോ അഥവാ ഇപ്പോൾ ഞങ്ങൾ എട്ടുപേർക്ക് ഇത് എങ്ങനെ തികഞ്ഞു!’
പിറ്റേദിവസം ഞാൻ വീണ്ടും അവിടുത്തെ അടുക്കൽ ചെന്നു. അപ്പോൾ അവിടുത്തെ ചുറ്റും പത്തുപേരുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: ‘ബിലാൽ, ഞങ്ങൾക്ക് ഭക്ഷണം നൽകുക.’ അപ്പോൾ ബിലാൽ(റ) തന്റെ ഭാണ്ഡത്തിൽ നിന്ന് ഓരോ പിടി ഈത്തപ്പഴമായി പുറത്തെടുക്കാൻ തുടങ്ങി. ഇത് കണ്ട് നബിﷺ പറഞ്ഞു:
“ബിലാൽ, നിങ്ങൾ നന്നായി കൊടുത്തോളൂ, അർശിന്റെ ഉടമസ്ഥനായ അല്ലാഹുവിൽ നിന്ന് കുറവ് സംഭവിക്കുമെന്ന് നീ ഭയപ്പെടേണ്ട.”
ബിലാൽ(റ) ആ ഭാണ്ഡം മുഴുവനായി അവിടെ ചൊരിഞ്ഞു. അത് ഏകദേശം രണ്ട് ‘മുദ്ദ്’ അഥവാ രണ്ട് കൈക്കുമ്പിൾ അളവ് വരുമെന്ന് ഞാൻ കണക്കാക്കി. തിരൂനബിﷺയുടെ തിരുകരം ആ ഈത്തപ്പഴത്തിന് മുകളിൽ വെച്ചിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചു കൊള്ളുക.’ ഞാനും ആ സംഘവും വയറുനിറയെ തിന്നു. എനിക്ക് ഇനി ഒരിറക്ക് പോലും ഇറക്കാൻ കഴിയില്ല എന്ന അവസ്ഥ വരെ ഞാൻ തിന്നു. എങ്കിലും, ആ വിരിപ്പിൽ ആദ്യം എത്ര ഈത്തപ്പഴം ഉണ്ടായിരുന്നോ അത്രയും തന്നെ ബാക്കിയുണ്ടായിരുന്നു! ഞങ്ങൾ അതിൽ നിന്ന് ഒരു ഈത്തപ്പഴം പോലും കഴിക്കാത്തതുപോലെ അത് അവിടെത്തന്നെയുണ്ട്.
അടുത്ത ദിവസവും ഞങ്ങൾ അവിടെ ചെന്നു. അന്ന് പത്തോ പന്ത്രണ്ടോ ആളുകളുണ്ടായിരുന്നു. അവിടുന്ന് വീണ്ടും പറഞ്ഞു: ‘ബിലാൽ(റ), ഞങ്ങൾക്ക് ഭക്ഷണം നൽകുക.’ അദ്ദേഹം അതേ സഞ്ചി തന്നെ കൊണ്ടുവന്ന് ചൊരിഞ്ഞു. തിരുനബിﷺ അതിൽ കൈ വെച്ച് പറഞ്ഞു: ‘അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചു കൊള്ളുക.’ ഞങ്ങൾ തിന്നു കഴിഞ്ഞപ്പോൾ ബാക്കിയുണ്ടായിരുന്നത് ആദ്യം ചൊരിഞ്ഞ അത്രയും തന്നെയായിരുന്നു. തുടർച്ചയായി മൂന്ന് ദിവസം ഇപ്രകാരം തന്നെ സംഭവിച്ചു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
