Tweet 1332

    Tweet 1332
    February 5, 2026 • Thursday
    Post Header

    സാലിം ബിൻ അബുൽ ജഅ്ദ്(റ), അഅ്മശ്(റ) എന്നിവർ വഴി ജാബിർ ബിൻ അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു:
    ഹുദൈബിയാ ദിവസം ജനങ്ങൾക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. അല്ലാഹുവിന്റെ റൂസൂലിﷺന്റെ മുന്നിൽ വുളൂഅ് എടുക്കാനായി വെള്ളമുള്ള ഒരു ചെറിയ പാത്രം അഥവാ റക്‌വ ഉണ്ടായിരുന്നു. ജനങ്ങൾ ആകുലതയോടെ അവിടുത്തെ അടുത്തേക്ക് കൂടി. തിരുനബിﷺ ചോദിച്ചു: “നിങ്ങൾക്ക് എന്തുപറ്റി?” അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരെﷺ, ഞങ്ങൾക്ക് വുളൂഅ് എടുക്കാനോ കുടിക്കാനോ അവിടുത്തെ കൈവശമുള്ള ഈ വെള്ളമല്ലാതെ മറ്റൊന്നുമില്ല.” അപ്പോൾ തിരുനബിﷺ തിരുകരം ആ പാത്രത്തിൽ വെച്ചു. ഉടൻ തന്നെ അവിടുത്തെ വിരലുകൾക്കിടയിലൂടെ ഉറവകളിൽ നിന്നെന്നപോലെ വെള്ളം കുതിച്ചുചാടാൻ തുടങ്ങി. അങ്ങനെ ഞങ്ങൾ എല്ലാവരും വെള്ളം കുടിക്കുകയും വുളൂഅ് എടുക്കുകയും ചെയ്തു. സാലിം(റ) ചോദിച്ചു: “അന്ന് നിങ്ങൾ എത്രപേരുണ്ടായിരുന്നു?” ജാബിർ(റ) പറഞ്ഞു: “ഞങ്ങൾ ഒരു ലക്ഷം പേരുണ്ടായിരുന്നെങ്കിലും ആ വെള്ളം മതിയാകുമായിരുന്നു. എന്നാൽ അന്ന് ഞങ്ങൾ ആയിരത്തഞ്ഞൂറ് പേരായിരുന്നു.”

    ഈ ഹദീസ് വായിക്കുമ്പോൾ ബറാഅ് ബിൻ ആസിബ്(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസുമായി ഇത് വൈരുദ്ധ്യമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതിൽ പറയുന്നത്: “ഞങ്ങൾ ഹുദൈബിയാ ദിവസം 1400 പേരായിരുന്നു. ഹുദൈബിയാ എന്നത് ഒരു കിണറാണ്. ഞങ്ങൾ അതിലെ വെള്ളം പൂർണ്ണമായും കോരിയെടുത്തു, ഒരു തുള്ളി പോലും ബാക്കിയുണ്ടായിരുന്നില്ല. ഇതറിഞ്ഞ തിരുനബിﷺ കിണറിനരികിൽ വരികയും ഒരു പാത്രം വെള്ളം വരുത്തി കുലുക്കുഴിഞ്ഞു കിണറ്റിലേക്ക് തുപ്പുകയും ചെയ്തു. അല്പസമയത്തിനുള്ളിൽ കിണർ വെള്ളം കൊണ്ട് നിറഞ്ഞു. ഞങ്ങൾക്കും ഞങ്ങളുടെ വാഹനങ്ങൾക്കും വേണ്ടുവോളം വെള്ളം ലഭിച്ചു.”

    ഇബ്നു ഹിബ്ബാൻ(റ) ഈ രണ്ട് റിപ്പോർട്ടുകളെയും യോജിപ്പിച്ചത് ഇപ്രകാരമാണ്: ഇവ രണ്ടും രണ്ട് വ്യത്യസ്ത സമയങ്ങളിൽ നടന്നതാണ്. ഹാഫിള് ഇബ്നു ഹജർ(റ) പറയുന്നു: “തിരുനബിﷺയൂടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവ എടുത്തപ്പോൾ എല്ലാവരും കുടിക്കുകയും വുളൂഅ് എടുക്കുകയും ചെയ്തു. അതിനുശേഷം ആ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന വെള്ളം കിണറ്റിലേക്ക് ഒഴിക്കാൻ അവിടുന്ന് കൽപ്പിച്ചിട്ടുണ്ടാകാം. അങ്ങനെയായിരിക്കാം കിണറ്റിലും വെള്ളം വർദ്ധിച്ചത്.”

    സ്വഹീഹ് ബുഖാരിയിൽ മിസ്‌വർ ബിൻ മഖ്‌റമ(റ), മർവാൻ ബിൻ ഹകം(റ) എന്നിവർ വഴി വന്ന ദീർഘമായ ഹദീസിൽ ഇപ്രകാരം പറയുന്നു: “തിരുനബിﷺ വളരെ കുറഞ്ഞ വെള്ളമുള്ള ഒരു ഉറവയുടെ അടുത്തെത്തി. ജനങ്ങൾ പെട്ടെന്നുതന്നെ അതിലെ വെള്ളം തീർത്തു. ദാഹത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അവിടുന്ന് അമ്പുകൂടയിൽ നിന്ന് ഒരു അമ്പെടുത്ത് കിണറ്റിൽ താഴ്ത്താൻ കൽപ്പിച്ചു. “അല്ലാഹു സത്യം! അവർ അവിടെ നിന്ന് മടങ്ങുന്നത് വരെ ആ വെള്ളം ഉറവയെടുത്തു കൊണ്ടിരുന്നു.” വാഖിദ്(റ) റിപ്പോർട്ട് ചെയ്യുന്നത്: “തിരുനബിﷺ ഒരു ബക്കറ്റിൽ വുളൂഅ് എടുത്ത് ആ വെള്ളം കിണറ്റിലേക്ക് ഒഴിക്കുകയും, അമ്പെടുത്ത് അതിൽ താഴ്ത്തുകയും ചെയ്തു.” അബൂ അസ്‌വദ്(റ) നിവേദനം ചെയ്യുന്നതും സമാനമായാണ്. കിണറ്റിലെ വെള്ളം ഇരച്ചു കയറിയപ്പോൾ ജനങ്ങൾ കിണറിന്റെ വക്കിലിരുന്ന് തന്നെ പാത്രങ്ങളിൽ വെള്ളം കോരിയെടുത്തു എന്ന് ഇബ്നു സഅ്ദ്(റ) കൂട്ടിച്ചേർക്കുന്നുണ്ട്.

    ഹാഫിള് ഇബ്നു ഹജർ(റ) ഉപസംഹരിക്കുന്നു: “ജാബിർ(റ) വിവരിച്ച വിരലുകൾക്കിടയിലൂടെ വെള്ളം വന്ന സംഭവം കിണറ്റിലെ അത്ഭുതം നടക്കുന്നതിന് മുൻപ് നടന്നതാണ്.”

    മറ്റൊരു വഴിയിലൂടെ അബൂ ഖതാദ(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതരോﷺടൊപ്പം ഒരു സൈനിക നീക്കത്തിലായിരുന്നു. യാത്രയ്ക്കിടയിൽ മനുഷ്യരുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും കഴുത്തറുക്കുന്ന അത്ര കഠിനമായ ദാഹം സൈന്യത്തിന് അനുഭവപ്പെട്ടു. അപ്പോൾ തിരുനബിﷺ വെള്ളമുള്ള ഒരു ചെറിയ പാത്രം വരുത്തി അവിടുത്തെ വിരലുകൾ അതിൽ വെച്ചു. ഉടൻ തന്നെ അവിടുത്തെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുക്കാൻ തുടങ്ങി. ജനങ്ങൾ ആ വെള്ളം കുടിക്കുകയും അത് കവിഞ്ഞൊഴുകുകയും ചെയ്തു. അങ്ങനെ അവരുടെ കുതിരകൾക്കും ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം നൽകാൻ അവർക്ക് സാധിച്ചു. അന്നത്തെ സൈന്യത്തിൽ പന്ത്രണ്ടായിരം ഒട്ടകങ്ങളും, മുപ്പതിനായിരം ആളുകളും പന്ത്രണ്ടായിരം കുതിരകളുമുണ്ടായിരുന്നു.
    അബൂ നുഐം(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്.

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...