Tweet 1331

    Tweet 1331
    February 4, 2026 • Wednesday
    Post Header

    ഖതാദ(റ)യും മറ്റുള്ളവരും അനസ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: “അല്ലാഹുവിന്റെ ദൂതർﷺ ‘സൗറാഅ്’ എന്ന സ്ഥലത്തായിരുന്നപ്പോൾ അസർ നിസ്കാരത്തിന് സമയമായി. ആളുകൾ വുളൂഇനായി വെള്ളം തിരഞ്ഞെങ്കിലും അവർക്ക് ലഭിച്ചില്ല. തുടർന്ന് തിരുനബിﷺയുടെ അടുക്കൽ അല്പം വെള്ളം എത്തിച്ചു. അവിടുന്ന് തിരുകരം ആ പാത്രത്തിൽ വെച്ചു. വിരലുകൾ വിടർത്തിപ്പിടിച്ച ശേഷം അവിടുന്ന് വിരലുകൾ അല്പം മടക്കിപ്പിടിക്കുകയും അതിൽ നിന്ന് വുളൂഅ് ചെയ്യാൻ ആളുകളോട് നിർദ്ദേശിക്കുകയും ചെയ്തു. തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവെടുക്കുന്നത് ഞാൻ കണ്ടു. അങ്ങനെ അവരിലെ അവസാനത്തെ ആൾ വരെ വുളൂഅ് ചെയ്തു.”
    ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്തു. ഖതാദ(റ) പറയുന്നു: ഞാൻ അനസ്(റ)വിനോട് ചോദിച്ചു: “നിങ്ങൾ അന്ന് എത്രപേരുണ്ടായിരുന്നു?” അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഏകദേശം മുന്നൂറോളം ആളുകളുണ്ടായിരുന്നു.”

    ഇതാ അബ്ദുല്ലഹിബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത മറ്റൊരു അത്ഭുതകരമായ സംഭവം:
    അബ്ദുല്ലഹിബ്നു മസ്ഊദ്(റ) പറയുന്നു: “ഞങ്ങൾ തിരുനബിﷺയുടെ അടുത്തിരിക്കുമ്പോൾ ഞങ്ങളുടെ പക്കൽ വെള്ളമുണ്ടായിരുന്നില്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: ‘ആരുടെയെങ്കിലും പക്കൽ ബാക്കിയുള്ള വെള്ളമുണ്ടോ എന്ന് നോക്കുക.’ അങ്ങനെ അല്പം വെള്ളം കൊണ്ടുവരികയും അത് ഒരു പാത്രത്തിൽ ഒഴിക്കുകയും ചെയ്തു. അവിടുന്ന് തിരുകരം അതിൽ വെച്ചു. അപ്പോൾ വെള്ളം പ്രവഹിക്കാൻ തുടങ്ങി. മറ്റൊരു നിവേദന പ്രകാരം വിരലുകൾക്കിടയിലൂടെ പുറത്തേക്ക് വരാൻ തുടങ്ങി.

    തുടർന്ന് അവിടുന്ന് പറഞ്ഞു: ‘അനുഗൃഹീതമായ ഈ ശുദ്ധജലത്തിലേക്ക് വരുവിൻ, അനുഗ്രഹം അല്ലാഹുവിൽ നിന്നുള്ളതാകുന്നു.’ അങ്ങനെ ആളുകൾ വുളൂഅ് ചെയ്യുകയും ആ വെള്ളം കുടിക്കുകയും ചെയ്തു.”
    നസാഈ(റ), ബൈഹഖി(റ), ഇബ്നു മർദവൈഹി(റ) എന്നിവർ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ്(റ) തുടർന്നു പറഞ്ഞു: “ഭക്ഷണം കഴിക്കുമ്പോൾ അത് തസ്ബീഹ് ചൊല്ലുന്നത് അഥവാ അല്ലാഹുവിനെ സ്തുതിക്കുന്നത് ഞങ്ങൾ കേൾക്കാറുണ്ടായിരുന്നു.”

    അനസ്(റ)വിൽ നിന്ന് ഹസൻ ബസരി(റ) റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവം ഇപ്രകാരമാണ്. ഹസൻ ബസരി(റ) അനസ്(റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: “ഒരിക്കൽ തിരുനബിﷺ അനുചരന്മാരോടൊപ്പം ഒരു യാത്രയിലായിരുന്നു. അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ നിസ്കാര സമയമായി. എന്നാൽ വുളൂഅ് ചെയ്യാൻ അവരുടെ പക്കൽ വെള്ളമുണ്ടായിരുന്നില്ല. അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവാണെ സത്യം! വുളൂഅ് ചെയ്യാൻ ഞങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല.’ ഇത് കേട്ടപ്പോൾ തിരുനബിﷺ അനുചരന്മാരുടെ മുഖത്ത് പ്രകടമായ വിഷമം അവിടുന്ന് നേരിട്ട് കണ്ടു. അപ്പോൾ ഒരാൾ പോയി ഒരു ചെറിയ പാത്രത്തിൽ അല്പം വെള്ളവുമായി വന്നു. അല്ലാഹുവിന്റെ ദൂതർﷺ അത് വാങ്ങി വുളൂഅ് ചെയ്തു. ശേഷം അവിടുത്തെ നാല് വിരലുകൾ ആ പാത്രത്തിലേക്ക് നീട്ടിവെച്ചുകൊണ്ട് പറഞ്ഞു: ‘വരൂ, നിങ്ങൾ ഇതിൽ നിന്നും വുളൂഅ് ചെയ്യുവിൻ.’ അങ്ങനെ ആസംഘത്തിലുള്ളവർക്കെല്ലാം മതിയാകുന്നതുവരെ അവർ വുളൂഅ് ചെയ്തു.” ഹസൻ ബസരി ചോദിച്ചു: “അന്ന് അവർ എത്രപേരുണ്ടായിരുന്നു എന്ന് അനസ്(റ)വിനോട് ചോദിക്കപ്പെട്ടോ?” അദ്ദേഹം പറഞ്ഞു: “അവർ എഴുപതോ എൺപതോ ആളുകളുണ്ടായിരുന്നു.” ഇമാം അഹ്മദ്(റ), ബുഖാരി(റ), മുസ്‌ലിം(റ) എന്നിവർ റിപ്പോർട്ട് ചെയ്ത സംഭവമാണിത്.

    ഹാരിസ് ബിൻ അബീ ഉസാമ(റ), ത്വബ്റാനി(റ), അബൂ നുഐം(റ), ബൈഹഖി(റ) എന്നിവർ റിപ്പോർട്ട് ചെയ്ത ഒരു സംഭവം കൂടി വായിച്ചു നോക്കൂ. സിയാദ് ബിൻ ഹാരിസ്(റ) പറയുന്നു: “അദ്ദേഹം ഒരിക്കൽ അല്ലാഹുവിന്റെ റസൂൽﷺയോടൊപ്പം ഒരു യാത്രയിലായിരുന്നു. അവിടുന്ന് ചോദിച്ചു: ‘നിന്റെ അടുക്കൽ വെള്ളമുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഇല്ല, അങ്ങേക്ക് തികയാത്ത വിധം വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഉള്ളൂ.’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘അതൊരു പാത്രത്തിലാക്കി എന്റെ അടുക്കൽ കൊണ്ടുവരിക.’ ഞാൻ അപ്രകാരം ചെയ്തു. അവിടുന്ന് ഉള്ളംകൈ ആ വെള്ളത്തിൽ വെച്ചു. അപ്പോൾ അവിടുത്തെ രണ്ട് വിരലുകൾക്കിടയിലൂടെ ഒരു ഉറവ പോലെ വെള്ളം കുതിച്ചുചാടുന്നത് ഞാൻ കണ്ടു. ശേഷം അവിടുന്ന് പറഞ്ഞു: ‘വെള്ളം ആവശ്യമുള്ളവരോട് വരാൻ എന്റെ അനുചരന്മാരോട് വിളിച്ചു പറയുക.’ ഞാൻ അവരെ വിളിച്ചു പറയുകയും ആവശ്യമുള്ളവരെല്ലാം വന്ന് വെള്ളം എടുക്കുകയും ചെയ്തു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...