
ഇമാം അഹ്മദ്(റ), ബസ്സാർ(റ) എന്നിവർ ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ഒരു ദിവസം രാവിലെ അല്ലാഹുവിന്റെ ദൂതർﷺ എഴുന്നേറ്റപ്പോൾ സൈന്യത്തിന്റെ പക്കൽ ഒട്ടും വെള്ളമുണ്ടായിരുന്നില്ല. ഒരാൾ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, സൈന്യത്തിന്റെ പക്കൽ വെള്ളമില്ല.” തിരുനബിﷺ ചോദിച്ചു: “നിന്റെ പക്കൽ എന്തെങ്കിലുമുണ്ടോ?” അദ്ദേഹം പറഞ്ഞു: “ഉണ്ട്.” തുടർന്ന് അല്പം വെള്ളമുള്ള ഒരു പാത്രം അവിടെ കൊണ്ടുവന്നു.
തിരുനബിﷺ അവിടുത്തെ വിരലുകൾ ആ പാത്രത്തിലിറക്കി വെക്കുകയും വിരലുകൾ വിടർത്തുകയും ചെയ്തു. അപ്പോൾ നബിﷺയുടെ വിരലുകൾക്കിടയിലൂടെ ഉറവകൾ പൊട്ടിയൊഴുകുന്നത് ഞാൻ കണ്ടു. തുടർന്ന് “അനുഗൃഹീതമായ വുളുവിനായി” ജനങ്ങളെ വിളിക്കാൻ ബിലാൽ(റ)നോട് കൽപ്പിച്ചു.
ദാരിമി(റ)യും അബൂ നുഐമും(റ) ഇപ്രകാരം ഉദ്ധരിക്കുന്നു: തിരുനബിﷺ ബിലാൽ(റ)നെ വിളിച്ച് വെള്ളം അന്വേഷിക്കാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവാണെ സത്യം! എനിക്ക് വെള്ളം കണ്ടെത്താനായില്ല.” തിരുനബിﷺ ചോദിച്ചു: “എന്തെങ്കിലും ഉണ്ടോ?” അപ്പോൾ അദ്ദേഹം അല്പം വെള്ളം കൊണ്ടുവന്നു. നബിﷺ അവിടുത്തെ കൈപ്പത്തി അതിൽ വെച്ചു. ഉടൻ തന്നെ കൈക്കടിയിൽ നിന്നും ഒരു ഉറവ പുറപ്പെട്ടു. ഇബ്നു മസ്ഊദ്(റ) അതിൽ നിന്ന് കുടിക്കുകയും മറ്റുള്ളവർ വുളൂഅ് ചെയ്യുകയും ചെയ്തു.
ഇങ്ങനെ മറ്റൊരു സംഭവംകൂടി വായിക്കാം. അബൂ ലൈല അൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതർﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. അന്ന് ഞങ്ങൾക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. ഞങ്ങൾ നബിﷺയോട് ഇതിനെക്കുറിച്ച് പരാതി പറഞ്ഞു. അപ്പോൾ അവിടുന്ന് ഒരു ചെറിയ കുഴി ഉണ്ടാക്കാൻ കൽപ്പിക്കുകയും അതിന് മുകളിലായി ഒരു തോൽ വിരിക്കുകയും തിരു കൈ അതിൽ വെക്കുകയും ചെയ്തു. തുടർന്ന് ചോദിച്ചു: “ആരുടെയെങ്കിലും പക്കൽ വെള്ളമുണ്ടോ?” അപ്പോൾ അല്പം വെള്ളം അവിടെ കൊണ്ടുവന്നു. പാത്രം കൈവശം വെച്ചിരുന്ന ആളോട് തിരുനബിﷺ പറഞ്ഞു: “ബിസ്മി ചൊല്ലിക്കൊണ്ട് എന്റെ കൈപ്പത്തിയിലേക്ക് വെള്ളം ഒഴിക്കുക.” അദ്ദേഹം അപ്രകാരം ചെയ്തു. അബൂ ലൈല(റ) പറയുന്നു: “തിരുനബിﷺയുടെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം ഉറവയായി ഒഴുകുന്നത് ഞാൻ കണ്ടു. കൂടെയുണ്ടായിരുന്ന ആളുകളെല്ലാം ദാഹം തീർക്കുവോളം കുടിക്കുകയും അവരുടെ വാഹനമൃഗങ്ങളെ നനയ്ക്കുകയും ചെയ്യുന്നത് വരെ അത് തുടർന്നു.”
ത്വബറാനി(റ)യും അബൂ നുഐമും(റ) ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവം ജാബിർ(റ) വീണ്ടും നിവേദനം ചെയ്യുന്നു: ഞങ്ങൾ അല്ലാഹുവിന്റെ ദൂതർﷺക്കൊപ്പം ഒരു യുദ്ധത്തിലായിരുന്നു. അന്ന് ഞങ്ങൾ ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകളുണ്ടായിരുന്നു. നിസ്കാര സമയമായപ്പോൾ തിരുനബിﷺ ചോദിച്ചു: “ജനങ്ങളുടെ പക്കൽ വെള്ളമുണ്ടോ?”
തുടർന്ന് അല്പം വെള്ളം കൊണ്ടുവന്നു. നബിﷺ അത് ഒരു പാത്രത്തിലേക്ക് ഒഴിക്കുകയും അതിൽ നിന്ന് വളരെ നല്ല രീതിയിൽ വുളൂഅ് ചെയ്യുകയും ചെയ്തു. ശേഷം ആ പാത്രം അവിടെ വെച്ചു. അപ്പോൾ ജനങ്ങൾ ആ പാത്രത്തിലേക്ക് തിരക്ക് കൂട്ടുകയും “അനുഗ്രഹത്തിനായി ദേഹത്ത് തടകൂ, തടകൂ” എന്ന് പരസ്പരം പറയുകയും ചെയ്തു. ഇത് കേട്ടപ്പോൾ നബിﷺ പറഞ്ഞു: “നിങ്ങൾ ശാന്തരാകൂ.”
തുടർന്ന് റസൂൽﷺ അവിടുത്തെ കൈപ്പത്തി ആ വെള്ളത്തിൽ വെച്ചു കൊണ്ട് “സുബ്ഹാനല്ലാഹ്” എന്ന് ചൊല്ലി. ശേഷം പറഞ്ഞു: “നിങ്ങൾ പൂർണ്ണരൂപത്തിൽ വുളൂഅ് ചെയ്യുക.” ജാബിർ(റ) പറയുന്നു: “എന്റെ കാഴ്ചശക്തി നൽകി എന്നെ പരീക്ഷിച്ച അല്ലാഹുവാണെ സത്യം! അന്ന് തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവകളായി പുറപ്പെടുന്നത് ഞാൻ കണ്ടു. എല്ലാവരും വുളൂഅ് ചെയ്തു തീരുന്നത് വരെ അവിടുന്ന് കൈകൾ പിൻവലിച്ചില്ല.”
ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്‌ലിമും(റ) ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാഫിള് ഇബ്നു കസീർ(റ) പറയുന്നു: “മുമ്പ് വിവരിച്ച സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു സംഭവമാണിതെന്ന് ഇതിന്റെ ബാഹ്യരൂപത്തിൽ നിന്ന് മനസ്സിലാക്കാമല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
