Tweet 1330

    Tweet 1330
    February 3, 2026 • Tuesday
    Post Header

    മുഹമ്മദ് ബിൻ ഉമർ അൽ-അസ്‌ലമി(റ) തന്റെ ഗുരുനാഥന്മാരെ ഉദ്ധരിച്ച് അബൂ നുഐം(റ) റിപ്പോർട്ട് ചെയ്യുന്നു: ഹിജ്റ പത്താം വർഷം ശവ്വാൽ മാസത്തിൽ ‘സലാമാൻ’ ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ വന്നു. അല്ലാഹുവിന്റെ ദൂതൻﷺ അവരോട് ചോദിച്ചു: “നിങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ എങ്ങനെയുണ്ട്?” അവർ പറഞ്ഞു: “നാട് വരൾച്ചയിലാണ്. ഞങ്ങളുടെ നാട്ടിൽ മഴ ലഭിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർഥിച്ചാലും.”

    അപ്പോൾ തിരുനബിﷺ പ്രാർഥിച്ചു: “അല്ലാഹുവേ, അവരുടെ നാട്ടിൽ മഴ വർഷിപ്പിക്കേണമേ.” അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേﷺ, അവിടുത്തെ കൈകൾ ഉയർത്തി പ്രാർഥിക്കൂ, അത് കൂടുതൽ ഉത്തമവും അനുഗ്രഹീതവുമാണ്.” ഇതുകേട്ട് പ്രവാചകൻﷺ പുഞ്ചിരിക്കുകയും കക്ഷത്തിലെ വെളുപ്പ് കാണുമാറ് കൈകൾ ഉയർത്തി പ്രാർഥിക്കുകയും ചെയ്തു. പിന്നീട് അവർ സ്വന്തം നാട്ടിലേക്ക് മടങ്ങിയപ്പോൾ, പ്രവാചകൻﷺ പ്രാർഥിച്ച അതേ ദിവസവും അതേ സമയത്തും അവിടെ മഴ പെയ്തതായി അവർ കണ്ടു.
    ഈ വിഷയത്തിൽ ഇനിയും ധാരാളം ഹദീസുകളുണ്ട്,

    സമാന സ്വഭാവമുള്ള നിരവധി നിവേദനങ്ങൾ വായിക്കാൻ ലഭിക്കുമ്പോഴും വ്യത്യസ്ത നാടുകളിലും വ്യത്യസ്ത സന്ദർഭങ്ങളുമായിരുന്നു ഓരോന്നും സംഭവിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കാനുള്ളതാണ്. ഈ രംഗങ്ങളെ മനോഹരമായി വർണ്ണിച്ചുകൊണ്ട് അൽ-സറഖുസ്തി എന്ന കവി പാടിയ വരികൾ എത്ര അർഥവത്താണ് എന്നു നോക്കൂ..

    > “വരൾച്ചയുടെ കാലത്ത് അങ്ങ് സൃഷ്ടികൾക്കായി വിനീതനായി പ്രാർഥിച്ചു; പ്രാർഥിക്കുന്നവരിൽ വെച്ച് ഏറ്റവും ഉത്തമരായ അങ്ങേക്കായി എന്റെ ജീവൻ ഞാൻ സമർപ്പിക്കുന്നു.

    > മേഘങ്ങൾ മഴ തടഞ്ഞുവെച്ചപ്പോൾ അങ്ങ് കൈകൾ ഉയർത്തി; അവിടുന്ന് കൈകൾ താഴ്ത്തിയപ്പോഴേക്കും സമൃദ്ധമായ മഴ ചൊരിയുകയായി.

    > ഭൂമിക്ക് അങ്ങയുടെ പ്രാർഥന ഒരു ആശ്വാസമായി മാറി; അത് ഭൂമിക്ക് മനോഹരമായ പട്ടു വസ്ത്രങ്ങൾ അണിയിച്ചു അഥവാ നാട് പച്ചപ്പണിഞ്ഞു.

    > ആ പ്രാർഥനയുടെ ഫലമായി തോട്ടങ്ങൾ പൂത്തുലഞ്ഞു; പ്രകാശപൂർണ്ണമായ സസ്യങ്ങൾ പൂർണ്ണതയോടെ വളർന്നു.

    > തളിർത്ത പച്ചപ്പും ഈർപ്പമുള്ള പൂക്കളും നാടെങ്ങും നിറഞ്ഞു.

    > വലിയ പ്രയാസങ്ങൾക്ക് ശേഷം ‘മുളർ’ ഗോത്രക്കാരെ ആ പ്രാർഥന പുനർജീവിപ്പിച്ചു; തോടുകൾ മഴവെള്ളത്താൽ നിറഞ്ഞു കവിഞ്ഞു.

    > ഏഴു ദിവസത്തോളം ആ മഴ തോരാതെ പെയ്തു; അങ്ങ് വീണ്ടും പ്രാർഥിച്ചില്ലായിരുന്നെങ്കിൽ അത് നിലയ്ക്കാതെ തുടരുമായിരുന്നു.”

    ഈ ചരിത്ര സംഭവങ്ങൾ തിരുനബിﷺയുടെ പ്രാർഥനയുടെ ശക്തിയും അവിടുത്തേക്ക് അനുചരന്മാരോടുള്ള കാരുണ്യവുമാണ് വ്യക്തമാക്കുന്നത്.

    അനുബന്ധമായ മറ്റൊരു അധ്യായത്തിലേക്ക് കൂടി നാം പ്രവേശിക്കുകയാണ്. തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ ശുദ്ധജലം ഉറവയെടുത്ത സംഭവങ്ങൾ ഉൾക്കൊള്ളുന്ന അധ്യായമാണിത്.

    ഇമാം അൽ-ബുൽഖീനി(റ) തന്റെ ‘അൽ-തദ്‌രീബ്’ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചത് പോലെ, തിരുനബിﷺയുടെ വിരലുകൾക്കിടയിലൂടെ പുറത്തുവന്ന ആ ജലമാണ് ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ ജലം. അബൂ അബ്ബാസ് അൽ-ഖുർതുബി(റ) പറയുന്നു: “നബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുത്ത സംഭവം വലിയ ജനക്കൂട്ടങ്ങൾ സാക്ഷിയായ നിരവധി സന്ദർഭങ്ങളിൽ ആവർത്തിച്ചുണ്ടായിട്ടുണ്ട്. ധാരാളം നിവേദക പരമ്പരകളിലൂടെ സ്ഥിരപ്പെട്ട ഈ കാര്യം അനിഷേധ്യമായ അറിവാണ് നൽകുന്നത്.”

    അദ്ദേഹം തുടർന്നു: “നമ്മുടെ നബിﷺ അല്ലാതെ മറ്റൊരു പ്രവാചകനിൽ നിന്നും ഇത്ര മഹത്തായൊരു അത്ഭുതം കേട്ടിട്ടില്ല. കാരണം, പ്രവാചകൻ്റെﷺ അസ്ഥികൾക്കും ഞരമ്പുകൾക്കും മാംസത്തിനും രക്തത്തിനുമിടയിൽ നിന്നാണ് ആ ജലം പ്രവഹിച്ചത്.”

    ഇബ്നു അബ്ദിൽ ബർ(റ), ഇമാം അൽ-മുസനി(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു: “മൂസാ നബി(അ) വടികൊണ്ട് കല്ലിലടിച്ചപ്പോൾ വെള്ളം പുറപ്പെട്ടതിനെക്കാൾ വലിയ അത്ഭുതമാണ് മുഹമ്മദ് നബിﷺയുടെ വിരലുകൾക്കിടയിലൂടെ വെള്ളം വന്നത്. കാരണം, കല്ലുകളിൽ നിന്ന് വെള്ളം വരുന്നത് സ്വാഭാവികമാണ്, എന്നാൽ മാംസത്തിനും രക്തത്തിനുമിടയിലൂടെ വെള്ളം വരിക എന്നത് തികച്ചും അസാധാരണമാണ്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...