Tweet 1329

    Tweet 1329
    February 2, 2026 • Monday
    Post Header

    ഇബ്നു മാജ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു ഗ്രാമീണൻ നബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ആട്ടിടയന്മാർക്ക് ആഹാരമില്ലാത്തതും കന്നുകാലികൾക്ക് മേയാൻ ഒന്നുമില്ലാത്തതുമായ ഒരു ജനതയുടെ അടുത്തുനിന്നാണ് ഞാൻ വരുന്നത്.” ഉടനെ നബിﷺ മിമ്പറിൽ കയറി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പ്രാർഥിച്ചു: “അല്ലാഹുവേ, ഞങ്ങൾക്ക് സമൃദ്ധമായതും, സർവ്വവ്യാപിയായതും, ഫലഭൂയിഷ്ഠമായതും, താമസമില്ലാതെ പെട്ടെന്ന് ലഭിക്കുന്നതുമായ മഴ നൽകേണമേ.” അദ്ദേഹം പ്രാർഥന കഴിഞ്ഞ് താഴെയിറങ്ങിയപ്പോഴേക്കും പല ഭാഗങ്ങളിൽ നിന്നും ആളുകൾ വന്ന് “ഞങ്ങൾ രക്ഷപ്പെട്ടു അഥവാ മഴ ലഭിച്ചു” എന്ന് അറിയിച്ചു.

    ഇബ്നു ഖുസൈമ(റ), ഹാകിം(റ) തുടങ്ങിയവർ റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവം. ഉമർ ബിൻ ഖത്താബ്(റ) പറയുന്നു: കഠിനമായ ചൂടുള്ള സമയത്ത് ഞങ്ങൾ തബൂഖിലേക്ക് പുറപ്പെട്ടു. ഒരു സ്ഥലത്ത് തങ്ങിയപ്പോൾ ഞങ്ങൾക്ക് ദാഹം അസഹനീയമായി, ഞങ്ങളുടെ കഴുത്തുകൾ മുറിഞ്ഞുപോയേക്കുമെന്ന് പോലും ഞങ്ങൾ കരുതി. ദാഹം കാരണം ചിലർ തങ്ങളുടെ ഒട്ടകങ്ങളെ അറുത്ത് അതിനുള്ളിലെ ദ്രാവകം /ഫർഥ് പിഴിഞ്ഞ് കുടിക്കുകയും ബാക്കി ഭാഗം കരളിന് മുകളിൽ വെച്ച് തണുപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അപ്പോൾ അബൂബക്കർ സിദ്ദീഖ്(റ) പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അവിടുത്തെ പ്രാർഥനകൾ അല്ലാഹു എപ്പോഴും സ്വീകരിക്കാറുണ്ടല്ലോ, അതിനാൽ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചാലും.” തിരുനബിﷺ ചോദിച്ചു: “നിങ്ങൾക്ക് അത് ഇഷ്ടമാണോ?” അദ്ദേഹം “അതെ” എന്ന് മറുപടി നൽകി. തിരുനബിﷺ ആകാശത്തേക്ക് കൈകളുയർത്തി പ്രാർഥിച്ചു. കൈകൾ താഴ്ത്തുന്നതിന് മുമ്പ് തന്നെ ആകാശം മേഘാവൃതമാവുകയും മഴ പെയ്യുകയും ചെയ്തു. എല്ലാവരും തങ്ങളുടെ പാത്രങ്ങൾ നിറച്ചു. ഞങ്ങൾ നോക്കിയപ്പോൾ ആ സൈന്യം തങ്ങിയ സ്ഥലത്തിന് പുറത്ത് മഴ പെയ്തിരുന്നില്ല. ഇമാം വാഖിദി(റ) പറയുന്നു: ഈ യുദ്ധത്തിൽ മുസ്‌ലിംകളുടെ കൂടെ പന്തീരായിരം ഒട്ടകങ്ങളും അത്ര തന്നെ കുതിരകളുമുണ്ടായിരുന്നു. ആകെ മുപ്പതിനായിരം പോരാളികളാണ് ഉണ്ടായിരുന്നത്.

    മറ്റൊരു സംഭവം കൂടി വായിക്കാം. ബനൂ മുറ ഗോത്രത്തിന്റെ ഒരു പ്രതിനിധി സംഘം തിരുനബിﷺയുടെ അടുക്കൽ വന്നു. നബിﷺ ചോദിച്ചു: “നാട്ടിലെ വിശേഷങ്ങൾ എങ്ങനെയുണ്ട്?” അവർ പറഞ്ഞു: “അല്ലാഹുവാണെ സത്യം! ഞങ്ങൾ വരൾച്ചയിലാണ്, കന്നുകാലികൾ മെലിഞ്ഞുണങ്ങി, അതിനാൽ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചാലും”. തിരുനബിﷺ പ്രാർഥിച്ചു: “അല്ലാഹുവേ, അവർക്ക് മഴ നൽകേണമേ”. അവർ നാട്ടിൽ തിരിച്ചെത്തിയപ്പോൾ, നബിﷺ അവർക്കായി പ്രാർഥിച്ച അതേ ദിവസം അവിടെ മഴ പെയ്തതായി അറിഞ്ഞു. പിന്നീട് ഹജ്ജത്തുൽ വിദാഅ് സമയത്ത് അവരിൽ ഒരാൾ തിരുനബിﷺയോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, അന്ന് അങ്ങ് പ്രാർഥിച്ച ദിവസം തന്നെ ഞങ്ങൾക്ക് മഴ ലഭിച്ചു. ഭൂമി പച്ചപിടിക്കുകയും കന്നുകാലികൾക്ക് സമൃദ്ധമായി തീറ്റ ലഭിക്കുകയും ചെയ്തു”. അപ്പോൾ തിരുനബിﷺ പറഞ്ഞു: “അപ്രകാരം ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും”.

    ഇമാം അബൂ നുഐം(റ) റിപ്പോർട്ട് ചെയ്ത ഒരു സംഭവം കൂടി. ഇബ്നു അബ്ബാസ്(റ) പറയുന്നു: മുളർ ഗോത്രത്തിൽപ്പെട്ട ചിലർ നബിﷺയുടെ അടുക്കൽ വന്ന് മഴയ്ക്കായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പ്രാർഥിച്ചു: “അല്ലാഹുവേ, സന്തോഷപ്രദവും ഗുണകരവും ഉപദ്രവമില്ലാത്തതുമായ സമൃദ്ധമായ മഴ ഞങ്ങൾക്ക് നൽകേണമേ”. തുടർന്ന് തുടർച്ചയായി ഏഴ് ദിവസം അവർക്ക് മഴ ലഭിച്ചു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...