Tweet 1328

    Tweet 1328
    February 1, 2026 • Sunday
    Post Header

    യസീദ് ബിൻ ഉബൈദില്ലാഹി അസ്സൽമി(റ)യിൽ നിന്നും ബൈഹഖി(റ) ‘ഹസനായ’/മികച്ച പരമ്പരയോടെ അബൂ ലുബാബ ബിൻ അബ്ദിൽ മുൻദിറി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു:
    തബൂഖ് യുദ്ധം കഴിഞ്ഞ് മടങ്ങിവന്ന തിരുനബിﷺയുടെ അടുത്തേക്ക് ബനൂ ഫസാറ ഗോത്രത്തിന്റെ ഒരു സംഘം ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് കടന്നുവന്നു. അവർ മെലിഞ്ഞുണങ്ങിയ ഒട്ടകപ്പുറത്താണ് വന്നത്. തിരുനബിﷺ അവരുടെ നാടിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഞങ്ങളുടെ നാട് വരൾച്ചയിലാണ്, തോട്ടങ്ങൾ ഉണങ്ങി നശിച്ചു, കുട്ടികൾ പട്ടിണിയിലായി, കന്നുകാലികൾ ചത്തൊടുങ്ങി. അതിനാൽ ഞങ്ങൾക്ക് മഴ നൽകാനായി അല്ലാഹുവോട് പ്രാർഥിച്ചാലും. ഞങ്ങൾക്ക് വേണ്ടി അവിടുത്തെ രക്ഷിതാവിനോട് ശിപാർശ /ശഫാഅത്ത് ചെയ്താലും.”

    അപ്പോൾ നബിﷺ പറഞ്ഞു: “സുബ്ഹാനല്ലാഹ്! നിനക്ക് നാശം! ഞാൻ എന്റെ രക്ഷിതാവിനോട് ശിപാർശ ചെയ്യാം, എന്നാൽ അല്ലാഹുവിന്റെ അടുക്കൽ ആർക്കാണ് ശിപാർശ ചെയ്യാനാവുക? അത്യുന്നതനും മഹാനുമായ അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. അവന്റെ കുർസിയ്യ് ആകാശഭൂമികളെക്കാൾ വിശാലമാണ്. ഒരു ഒട്ടകക്കട്ടിൽ ഭാരം കൊണ്ട് ശബ്ദിക്കുന്നത് പോലെ, അവന്റെ മഹത്വം ഭയന്ന് അത് ശബ്ദിക്കുന്നു.”

    തുടർന്ന് തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ അവശത കണ്ടും മഴയുടെ സാമീപ്യം അറിഞ്ഞും അല്ലാഹു പുഞ്ചിരിക്കുന്നു. അല്ലാഹുവിൻ്റെ പുഞ്ചിരി എന്ന പ്രയോഗം ആലങ്കാരികമാണ് സൃഷ്ടിപരമായ ഏതെങ്കിലും വിശേഷണങ്ങളോട് ചേർത്ത് മനസ്സിലാക്കേണ്ടതല്ല.” അപ്പോൾ ഒരു ഗ്രാമീണൻ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേﷺ, നമ്മുടെ രക്ഷിതാവ് പുഞ്ചിരിക്കുമോ?” തിരുനബിﷺ പറഞ്ഞു: “അതെ.” അപ്പോൾ ആ ഗ്രാമീണൻ പറഞ്ഞു: “പുഞ്ചിരിക്കുന്ന ഒരു രക്ഷിതാവിൽ നിന്ന് നമുക്ക് നന്മയല്ലാതെ മറ്റൊന്നും ലഭിക്കില്ല.” ഇത് കേട്ട് നബിﷺ ചിരിച്ചു.

    പിന്നീട് നബിﷺ മിമ്പറിൽ കയറി പ്രാർഥിച്ചു. കക്ഷത്തിലെ വെള്ള നിറം കാണുന്നത് വരെ അവിടുന്ന് കൈകൾ ഉയർത്തിപ്പിടിച്ചു. അവിടുന്ന് പ്രാർഥിച്ചത് ഇപ്രകാരമായിരുന്നു: “അല്ലാഹുവേ, നിന്റെ നാടിനും കന്നുകാലികൾക്കും വെള്ളം നൽകേണമേ, നിന്റെ കാരുണ്യം ചൊരിയേണമേ, ഉണങ്ങിപ്പോയ നാടിനെ ജീവിപ്പിക്കേണമേ. അല്ലാഹുവേ, ഉപകാരപ്രദമായതും ഉപദ്രവമില്ലാത്തതുമായ മഴ ഞങ്ങൾക്ക് നൽകേണമേ. ശിക്ഷയോ നാശമോ മരണമോ ഇല്ലാത്ത കാരുണ്യത്തിന്റെ മഴ നൽകേണമേ…”

    അപ്പോൾ അബൂ ലുബാബ(റ) എഴുന്നേറ്റ് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, ഉണക്കാനിട്ട ഈന്തപ്പഴങ്ങൾ മുറ്റത്തുണ്ട്.” അപ്പോൾ നബിﷺ പറഞ്ഞു: “അബൂ ലുബാബ(റ) തന്റെ ഉടുവസ്ത്രം കൊണ്ട് ഈന്തപ്പഴക്കളത്തിന്റെ ദ്വാരം അടയ്ക്കുന്നത് വരെ മഴ പെയ്യട്ടെ.”
    അബൂ ലുബാബ(റ) പറയുന്നു: “അല്ലാഹുവാണെ സത്യം! അപ്പോൾ ആകാശത്ത് ഒരു മേഘശകലവും ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് പരിചയുടെ ആകൃതിയിലുള്ള ഒരു മേഘം സൽഅ് മലയ്ക്ക് പിന്നിൽ നിന്ന് ഉയർന്നുവന്നു. അത് ആകാശത്തിന്റെ മധ്യത്തിലെത്തിയപ്പോൾ പടർന്നു പന്തലിക്കുകയും മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു.” ആറ് ദിവസത്തോളം അവർ സൂര്യനെ കണ്ടില്ല. അബൂ ലുബാബ(റ) തന്റെ ഈന്തപ്പഴങ്ങൾ മഴ നനയാതിരിക്കാൻ വസ്ത്രം കൊണ്ട് ദ്വാരം അടച്ചുപിടിച്ചു.

    പിന്നീട് ആളുകൾ വന്ന് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേﷺ, സ്വത്തുക്കൾ നശിക്കുന്നു, വഴികൾ തടസ്സപ്പെട്ടിരിക്കുന്നു.” അപ്പോൾ തിരുനബിﷺ വീണ്ടും മിമ്പറിൽ കയറി കൈകൾ ഉയർത്തി പ്രാർഥിച്ചു: “അല്ലാഹുവേ, ഞങ്ങളുടെ മുകളിലല്ല, ഞങ്ങൾക്ക് ചുറ്റുമുള്ള കുന്നുകളിലും കാടുകളിലും മലകളിലും നീ മഴ പെയ്യിക്കേണമേ.” ഉടനെ തന്നെ മേഘങ്ങൾ വസ്ത്രം കീറുന്നത് പോലെ മദീനയിൽ നിന്ന് മാറിപ്പോയി.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...