
തിരുനബിﷺയിലൂടെ പ്രകടമായ അസാധാരണ സംഭവങ്ങളിൽ ചിലത് നമുക്ക് വായിക്കാം.
ഒന്ന്,
അബൂ ഉമാമ(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ പകൽ സമയത്ത് തിരുനബിﷺ പള്ളിയിൽ എഴുന്നേറ്റു നിന്നു. ശേഷം അവിടുന്ന് മൂന്ന് തവണ തക്ബീർ ചൊല്ലി ഇപ്രകാരം പ്രാർഥിച്ചു: “അല്ലാഹുവേ, ഞങ്ങൾക്ക് നെയ്യും പാലും കൊഴുപ്പും ഇറച്ചിയും നൽകി അനുഗ്രഹിക്കേണമേ.
അന്ന് ആകാശത്ത് ഒരു മേഘശകലം പോലുമുണ്ടായിരുന്നില്ല. പെട്ടെന്ന് കാറ്റടിക്കുകയും പൊടിപടലങ്ങൾ ഉയരുകയും ചെയ്തു. തുടർന്ന് മേഘങ്ങൾ ഒന്നിച്ചുകൂടുകയും ശക്തമായി മഴ പെയ്യുകയും ചെയ്തു. തിരുനബിﷺ അവിടെത്തന്നെ നിൽക്കെ അങ്ങാടിയിലുള്ളവർ മഴ കണ്ട് ആർത്തുവിളിച്ചു. റോഡുകളിലൂടെ വെള്ളം കുത്തിയൊലിച്ചു.
അബൂ ഉമാമ(റ) പറയുന്നു: “ആ വർഷത്തേക്കാൾ കൂടുതൽ പാലും നെയ്യും കൊഴുപ്പും ഇറച്ചിയും ലഭ്യമായ മറ്റൊരു വർഷം ഞാൻ കണ്ടിട്ടില്ല. തെരുവുകളിൽ അത്രയേറെ ഇവ സുലഭമായിരുന്നു. ആർക്കും ഒന്നും വിലകൊടുത്തു വാങ്ങേണ്ടി വന്നിരുന്നില്ല.”
അബൂ നുഐമും(റ) ബൈഹഖി(റ)യും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട്,
ഇമാം അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. റുബയ്യ് ബിൻത് മുഅവ്വിദ്(റ) പറഞ്ഞു: ഒരിക്കൽ ഞങ്ങൾ ഒരു യാത്രയിൽ തിരുനബിﷺയുടെ കൂടെയായിരുന്നു. ആ സമയത്ത് ജനങ്ങൾക്ക് വെള്ളത്തിന് കടുത്ത ആവശ്യമുണ്ടാകുകയും യാത്രാസംഘത്തിൽ അവർ വെള്ളം തിരയുകയും ചെയ്തു. എന്നാൽ എവിടെയും വെള്ളം കണ്ടെത്താനായില്ല. അപ്പോൾ നബിﷺ അല്ലാഹുവിനോട് പ്രാർഥിച്ചു. ഉടൻ തന്നെ മഴ പെയ്യുകയും ജനങ്ങൾ കുടിക്കാനും മൃഗങ്ങൾക്ക് നൽകാനും ആവശ്യമായ വെള്ളം ശേഖരിക്കുകയും ചെയ്തു.
മൂന്ന്,
ഇമാം അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ മഴ ലഭിക്കാത്തതിനെക്കുറിച്ച് ജനങ്ങൾ നബിﷺയോട് പരാതിപ്പെട്ടു. തുടർന്ന് അവിടുന്ന് ഈദ് മുസ്വല്ലയിലേക്ക് പുറപ്പെടുകയും മിമ്പറിൽ ഇരിക്കുകയും ചെയ്തു. ശേഷം അവിടുത്തെ ഇരു കൈകളും അവിടുന്ന് ഉയർത്തി പ്രാർഥിച്ചു. എത്രത്തോളമെന്നാൽ തിരുനബിﷺയുടെ കക്ഷങ്ങളിലെ വെളുപ്പ് പുറത്തുകാണാമായിരുന്നു.
ഉടൻ തന്നെ അല്ലാഹു മേഘങ്ങളെ സൃഷ്ടിക്കുകയും ഇടിമിന്നലോടെ മഴ പെയ്യാൻ തുടങ്ങുകയും ചെയ്തു. തിരുനബിﷺ പള്ളിയിലേക്ക് തിരികെ എത്തുന്നതിന് മുൻപ് തന്നെ അവിടെ വെള്ളം കുത്തിയൊലിക്കാൻ തുടങ്ങിയിരുന്നു. ഇത് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു:
“അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും, ഞാൻ അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.”
നാല്,
ഇബ്‌നു മാജ(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. കഅ്ബ് ബിൻ മുർറ(റ) അല്ലെങ്കിൽ മുർറ ബിൻ കഅ്ബ് അൽ-ബഹ്‌സി(റ) പറഞ്ഞു. ഒരിക്കൽ നബിﷺ നിഷേധാത്മക നിലപാട് കാരണം മുളർ ഗോത്രത്തിന് വിരുദ്ധമായി പ്രാർഥിച്ചു. തുടർന്ന് വരൾച്ച കഠിനമായപ്പോൾ അബൂ സുഫ്‌യാൻ നബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “അവിടുത്തെ ജനത നശിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിച്ചാലും.”
അപ്പോൾ തിരുനബിﷺ ഇപ്രകാരം പ്രാർഥിച്ചു:
“അല്ലാഹുവേ, ഞങ്ങൾക്ക് മഴ നൽകേണമേ; ആശ്വാസപ്രദവും, സമൃദ്ധവും, സർവ്വവ്യാപിയും, ഫലഭൂയിഷ്ഠവും, ഉപകാരപ്രദവും ഉപദ്രവകരമല്ലാത്തതും, ഒട്ടും വൈകാത്തതുമായ മഴ നൽകേണമേ.”
അനന്തരം ഒരാഴ്ച തികയുന്നതിന് മുൻപേ ഞങ്ങൾക്ക് മഴ ലഭിച്ചു. എന്നാൽ മഴ കഠിനമായപ്പോൾ ജനങ്ങൾ വീണ്ടും നബിﷺയുടെ അടുക്കൽ വന്ന് പരാതിപ്പെട്ടു: “വീടുകളെല്ലാം തകർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.” അപ്പോൾ അവിടുന്ന് പ്രാർഥിച്ചു:
“അല്ലാഹുവേ! ഇത് ഞങ്ങളുടെ മേലെയല്ല, ഞങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളിൽ പെയ്യിക്കേണമേ.”
ഉടൻ തന്നെ മേഘങ്ങൾ വലത്തോട്ടും ഇടത്തോട്ടുമായി ചിന്നിച്ചിതറി മാറിപ്പോയി.
