Tweet 1323

    Tweet 1323
    January 27, 2026 • Tuesday
    Post Header

    അബൂ ഇസ്ഹാഖ് അൽ-സജ്ജാജ്(റ) തന്റെ ‘അൽ-മആനി’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞു: മുസ്‌ലിം സമുദായത്തിലെ എതിരാളികളോട് യോജിക്കുന്ന ചില പുത്തൻവാദികൾ ചന്ദ്രൻ പിളർന്ന സംഭവത്തെ നിഷേധിച്ചു. എന്നാൽ ബുദ്ധിപരമായി ഇതിനെ നിഷേധിക്കേണ്ട യാതൊരു കാര്യവുമില്ല. കാരണം, ചന്ദ്രൻ അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണ്; പുനരുത്ഥാന നാളിൽ അതിനെ ചുരുട്ടിക്കൂട്ടുന്നതും ഇല്ലാതാക്കുന്നതും പോലെ താൻ ഉദ്ദേശിക്കുന്നത് അതിൽ പ്രവർത്തിക്കാൻ അവൻ കഴിവുള്ളവനാണല്ലോ!

    ചിലർ ചോദിക്കുന്നത്: “ഇങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കിൽ അത് ലോകമെങ്ങും അറിയപ്പെടുകയും എല്ലാവരും ഒരുപോലെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുമായിരുന്നില്ലേ എന്ന്? എന്തുകൊണ്ട് ഇത് മക്കക്കാർക്ക് മാത്രം പരിമിതമായി?” ഇതിനുള്ള മറുപടി ഇതാണ്: ഈ സംഭവം നടന്നത് രാത്രിയിലാണ്. ആ സമയത്ത് ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരിക്കും.
    അപൂർവ്വം ആളുകളല്ലാതെ ആകാശ നിരീക്ഷണം നടത്തുന്നവർ കാണില്ലല്ലോ!സാധാരണഗതിയിൽ രാത്രികാലങ്ങളിൽ ആകാശത്ത് വലിയ നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുകയോ ചന്ദ്രൻ തെളിയുകയോ ചെയ്യുമ്പോൾ ചുരുക്കം ചിലരല്ലാതെ അത് ശ്രദ്ധിക്കാറില്ല.
    അതുപോലെതന്നെ, ചന്ദ്രൻ പിളരുക എന്നത് ഒരു പ്രത്യേക വിഭാഗം ആളുകൾ അഥവാ മക്കയിലെ ഖുറൈശികൾ ആവശ്യപ്പെട്ടതനുസരിച്ച് നടന്ന ഒരു ദൃഷ്ടാന്തമായിരുന്നു. അതിനാൽ മറ്റുള്ളവർ അതിനായി തയ്യാറെടുത്തിട്ടുണ്ടാവില്ല.

    ചില മുൻകാല പണ്ഡിതന്മാർ “ചന്ദ്രൻ പിളർന്നു” എന്ന ഖുർആൻ സൂക്തത്തിന് “ഇനി പിളരും” എന്നാണ് അർഥമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
    “അല്ലാഹുവിന്റെ കൽപ്പന വന്നു കഴിഞ്ഞു” അതായത് വരാനിരിക്കുന്നു എന്ന അർഥത്തിൽ ഖുർആൻ മറ്റൊരിടത്ത് പറഞ്ഞതുപോലെ, ഒരു കാര്യം ഉറപ്പായും സംഭവിക്കും എന്ന് കാണിക്കാൻ അത് സംഭവിച്ചു കഴിഞ്ഞ രീതിയിൽ Past Tense-ഇൽ പ്രയോഗിച്ചതാണ് എന്നവർ വാദിക്കുന്നു. എങ്കിലും, ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായമാണ് കൂടുതൽ ശരി. ഇബ്നു മസ്ഊദ്(റ), ഹുദൈഫ(റ) തുടങ്ങിയ പ്രമുഖർ ഇത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇതിനെ ബലപ്പെടുത്തുന്നതാണ് തൊട്ടടുത്ത വചനം: “അവർ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തിരിഞ്ഞുകളയുകയും ഇത് വശ്യമോഹമായ മന്ത്രമാണെന്ന് പറയുകയും ചെയ്യും.”
    ഇമാം അൽ-ഹലീമി(റ) പരാമർശിക്കുന്നത് പ്രകാരം, അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ചന്ദ്രൻ പിളരുകയുണ്ടായെന്നും, മൂന്നാം രാവിൽ ചന്ദ്രക്കല രണ്ട് ഭാഗമായി പിളർന്ന നിലയിൽ അദ്ദേഹം കണ്ടുവെന്നും പറയപ്പെടുന്നു. നാലോ അഞ്ചോ രാവുകളിലെ ചന്ദ്രന്റെ അത്രയും വീതിയിൽ അവ കാണപ്പെട്ടുവെന്നും പിന്നീട് അവ കൂടിച്ചേർന്ന് ഒരു നാരങ്ങയുടെ രൂപത്തിലായി മറഞ്ഞുവെന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

    സൂര്യനുമായി ബന്ധപ്പെട്ട ഒരത്ഭുത സംഭവം കൂടി നമുക്ക് വായിക്കാം. ഇമാം ത്വബ്റാനി(റ) റിപ്പോർട്ട് ചെയ്യുകയും ഹാഫിള് അബുൽ ഹസൻ അൽ-ഹൈഥമി(റ) മജ്മഉസ്സവാഇദിലും, ഇബ്നു ഹജർ അൽ-അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിയിലും, അബൂ സുർഅ അൽ-ഇറാഖി(റ) എന്നിവർ ‘ഹസൻ’ എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ജാബിർ ബിൻ അബ്ദുല്ല(റ)യുടെ നിവേദനം ഇപ്രകാരം വായിക്കാം.”തിരുനബിﷺ പകൽ സമയത്ത് സൂര്യനോട് അല്പനേരം വൈകാൻ കൽപ്പിച്ചു, അങ്ങനെ പകലിന്റെ ഒരു ഭാഗം അത് വൈകി നിന്നു.”

    ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത മറ്റൊരു നിവേദനത്തിൽ ഇപ്രകാരം കാണാം:
    തിരുനബിﷺയുടെ ഇസ്റാഅ് – മിഅ്റാജ് കഴിഞ്ഞ വേളയിൽ അവിടുന്ന് അന്നത്തെ ജനതയോട് ഒരു യാത്രാസംഘത്തെക്കുറിച്ചും അതിലെ അടയാളങ്ങളെക്കുറിച്ചും വിവരിക്കുകയുണ്ടായി. അവർ ചോദിച്ചു: “ആ സംഘം എപ്പോഴാണ് വരിക?” ബുധനാഴ്ച വരുമെന്ന് അവിടുന്ന് മറുപടി നൽകി.
    ബുധനാഴ്ചയായപ്പോൾ ഖുറൈശികൾ കാത്തുനിന്നു. പകൽ സമയം അവസാനിക്കാറായിട്ടും യാത്രാസംഘം എത്തിയില്ല. അപ്പോൾ നബിﷺ പ്രാർഥിക്കുകയും, അവിടുത്തേക്ക് വേണ്ടി അല്ലാഹു പകൽ നീട്ടിക്കൊടുക്കുകയും സൂര്യൻ തടഞ്ഞുനിർത്തപ്പെടുകയും ചെയ്തു.

    ചരിത്രത്തിൽ രണ്ടുപേർക്ക് മാത്രമാണ് ഇത്തരത്തിൽ സൂര്യൻ തടഞ്ഞുനിർത്തപ്പെട്ടത്:
    മുഹമ്മദ് നബിﷺ: മുകളിൽ പറഞ്ഞ സംഭവത്തിൽ.
    യൂശഅ് ബിൻ നൂൻ(അ): അക്രമികളായ ജബ്ബാറുകളോട് വെള്ളിയാഴ്ച യുദ്ധം ചെയ്യുകയായിരുന്നു. യുദ്ധം അവസാനിക്കുന്നതിന് മുൻപ് സൂര്യൻ അസ്തമിക്കുമെന്നും ശനിയാഴ്ച തുടങ്ങുമെന്നും അവിടുന്ന് ഭയപ്പെട്ടു. കാരണം ശനിയാഴ്ച അവർക്ക് യുദ്ധം നിഷിദ്ധമായിരുന്നുവല്ലോ. അപ്പോൾ അല്ലാഹുവിനോട് പ്രാർഥിക്കുകയും യുദ്ധം ജയിക്കുന്നത് വരെ സൂര്യൻ അസ്തമിക്കാതെ തടഞ്ഞുനിർത്തപ്പെടുകയും ചെയ്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...