Tweet 1319

    Tweet 1319
    January 23, 2026 • Friday
    Post Header

    മനുഷ്യരുടെ സംസാരത്തിൽ ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട്. കവികളുടെയും സാഹിത്യകാരന്മാരുടെയും രചനകൾ പരിശോധിച്ചാൽ അവയുടെ ശൈലിയിലും സാഹിത്യ നിലവാരത്തിലും മാറ്റങ്ങൾ കാണാം. ഒരേ കവിതയിൽ തന്നെ മികച്ച വരികളും തീർത്തും നിലവാരമില്ലാത്ത വരികളും കണ്ടെന്നു വരാം. മാത്രമല്ല, അവർ ഓരോ താഴ്‌വരയിലും അലഞ്ഞുതിരിയുന്നവരായതുകൊണ്ട് അഥവാ വിവിധ വിഷയങ്ങളിൽ സംസാരിക്കുന്നവരായതിനാൽ അവരുടെ ലക്ഷ്യങ്ങളും മാറിക്കൊണ്ടിരിക്കും. ഒരവസരത്തിൽ അവർ ദുനിയാവിനെ പുകഴ്ത്തും, മറ്റൊരിക്കൽ അതിനെ ഇകഴ്ത്തും. ചിലപ്പോൾ ഭീരുത്വത്തെ വിവേകമെന്ന് വിളിച്ചു പുകഴ്ത്തും, ചിലപ്പോൾ അതിനെ ബലഹീനതയെന്ന് വിളിച്ച് ആക്ഷേപിക്കും.
    മനുഷ്യ സഹജമായ ഈ വൈരുദ്ധ്യങ്ങളിൽ നിന്ന് ഒരു മനുഷ്യനും മുക്തനല്ല. കാരണം, മനുഷ്യന്റെ താല്പര്യങ്ങളും സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കും. മനോനില സന്തോഷകരമായിരിക്കുമ്പോൾ സാഹിത്യം നന്നായി വഴങ്ങുകയും സങ്കടപ്പെട്ടിരിക്കുമ്പോൾ അത് തടസ്സപ്പെടുകയും ചെയ്യും. ഇതാണ് മനുഷ്യ സംസാരത്തിൽ വൈരുദ്ധ്യങ്ങളുണ്ടാകാൻ കാരണം.

    ഖുർആൻ അവതരിക്കപ്പെട്ട ആ 23 വർഷക്കാലം ഒരേ ലക്ഷ്യത്തിലും ഒരേ ശൈലിയിലും സംസാരിക്കാൻ ഒരു മനുഷ്യനും സാധ്യമല്ല. പ്രവാചകൻﷺ ഒരു മനുഷ്യനായിരുന്നു, അവിടുത്തെ മനോനിലകളും സാഹചര്യങ്ങളും മാറി വന്നിട്ടുണ്ട്. എന്നിട്ടും ഖുർആനിൽ ഒരു മാറ്റവും വന്നില്ല. അതിനാൽ ഇത് അല്ലാഹുവിന്റെ അല്ലാത്ത മറ്റാരുടെയെങ്കിലും സംസാരമായിരുന്നുവെങ്കിൽ ഇതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു.

    അൽ-ബാർസി(റ) തന്റെ ‘അൻവാറുത്തഹ്‌സീൽ ഫീ അസ്‌റാറിത്തൻസീൽ’ എന്ന ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ഇപ്രകാരം പറയുന്നു:
    “ഒരു പ്രത്യേക അർഥത്തെ തന്നെ വ്യത്യസ്ത പദങ്ങളിലൂടെ പ്രകടിപ്പിക്കാൻ സാധിക്കും എന്ന് നീ മനസ്സിലാക്കണം. അവയിൽ ചിലത് മറ്റുള്ളവയെക്കാൾ മനോഹരമായിരിക്കും. അതുപോലെ തന്നെ, ഒരു വാചകത്തിലെ ഓരോ ഭാഗത്തെയും അതിനോട് ചേരുന്ന ഏറ്റവും സ്ഫുടമായ (Eloquent) പദങ്ങൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയും. എന്നാൽ ഇതിനായി വാചകങ്ങളുടെ അർഥങ്ങൾ പൂർണ്ണമായി മനസ്സിലാക്കുകയും, അവയോട് യോജിക്കുന്ന എല്ലാ പദങ്ങളെയും ഓർത്തെടുക്കുകയും, അതിൽ ഏറ്റവും അനുയോജ്യമായതും സ്ഫുടമായതും തിരഞ്ഞെടുക്കുകയും വേണം.
    മനുഷ്യനെ സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ഇത് അസാധ്യമാണ്. എന്നാൽ, അല്ലാഹുവിന്റെ അറിവിൽ ഇത് സദാ സജ്ജമാണ്. അതുകൊണ്ടാണ് ഖുർആൻ ഏറ്റവും ഉത്തമമായതും ഏറ്റവും സ്ഫുടമായതുമായ വർത്തമാനമായത്. ഖുർആനിൽ സ്ഫുടമായതും അതിനേക്കാൾ സ്ഫുടമായതും, മനോഹരമായതും അതിനേക്കാൾ മനോഹരമായതും അടങ്ങിയിരിക്കുന്നു.”

    ഇതിനുള്ള ചില ഉദാഹരണങ്ങൾ:
    1: ‘ജനാ’ vs ‘സമർ’
    സൂറത്തു റഹ്മാനിലെ “രണ്ട് തോട്ടങ്ങളിലെയും പഴങ്ങൾ പറിക്കാവുന്ന പാകത്തിൽ അടുത്താണ് എന്ന വചനത്തിൽ, ‘സമർ’ /ഫലം എന്നതിന് പകരം ‘ജനാ’/ പറിച്ചെടുക്കുന്ന ഫലം എന്ന് പ്രയോഗിച്ചത് മൂന്ന് കാരണങ്ങളാലാണ്:
    ‘ജനാ’, ‘ജന്നതൈൻ’ എന്നീ പദങ്ങൾ തമ്മിലുള്ള അക്ഷരസാമ്യം
    പഴം പറിച്ചെടുക്കാൻ പാകമായി എന്ന അർത്ഥം ‘സമർ’ എന്ന വാക്കിനേക്കാൾ ‘ജനാ’ നൽകുന്നു.
    വചനങ്ങളുടെ അവസാനത്തിലെ താളം /Rhyme നിലനിർത്താൻ ഇത് സഹായിക്കുന്നു.

    2: ‘തത്‌ലൂ’ vs ‘തഖ്‌റഉ’
    സൂറത്തുൽ അൻകബൂത്തിലെ ‘തഖ്‌റഉ’ നീ വായിക്കുന്നു എന്നതിനേക്കാൾ ‘തത്‌ലൂ’ ആണ് മനോഹരം. കാരണം ‘തഖ്‌റഉ’ എന്ന വാക്കിന്റെ അവസാനത്തിലെ ‘ഹംസ’ ഉച്ചരിക്കാൻ പ്രയാസകരമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...