Tweet 1311

    Tweet 1311
    January 15, 2026 • Thursday
    Post Header

    ഇമാം ഖത്താബി(റ) പറയുന്നു: ചിന്തകരായ മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആനിന്റെ അദ്വിതീയത /ഇഅ്ജാസ് അതിന്റെ ബലാഗത്തിൽ അഥവാ ഭാഷാപരമായ ഉന്നതി ആണെന്നാണ്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുക എന്നത് അവർക്ക് പ്രയാസകരമായി തോന്നി. അതിനാൽ അവർ ‘രുചി’ /ദൗഖ് – ആസ്വാദന ശേഷി എന്ന നിരീക്ഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
    സംഭാഷണ രീതികൾ വ്യത്യസ്തമാണ്. ആശയവിനിമയത്തിന്റെ തലങ്ങളിൽ അവ വിവിധ രീതിയിൽ വർഗീകരിക്കാം: ഏറ്റവും ഉന്നതമായതും കരുത്തുറ്റതും ഗാംഭീര്യമുള്ളതുമായ ശൈലി അഥവാ അൽ-ബലീഗ് അൽ-റസീൻ.
    അപരിചിതമല്ലാത്തതും എന്നാൽ സരളവും വ്യക്തവുമായ ശൈലി അഥവാ അൽ-ഫസീഹ് അൽ-ഗരീബ്. ലളിതവും ഒഴുക്കുള്ളതുമായ ശൈലി അഥവാ അൽ-ജാഇസ് അൽ-തൽഖ്.

    ഖുർആൻ ഈ ഓരോ വിഭാഗത്തിൽ നിന്നും കൃത്യമായ ഓഹരികൾ സ്വീകരിക്കുകയും അവയെ കോർത്തിണക്കി അതിമനോഹരമായ ഒരു ശൈലി രൂപപ്പെടുത്തുകയും ചെയ്തു.
    സാധാരണഗതിയിൽ ഗാംഭീര്യവും മാധുര്യവും ഒരേസമയം ഒത്തുചേരുക പ്രയാസകരമാണ്. കാരണം, മാധുര്യം ലാളിത്യത്തെ പിന്തുടരുന്നു. എന്നാൽ, ഗാംഭീര്യവും കാഠിന്യവും ഒരുതരം പരുക്കൻ സ്വഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ രണ്ട് വിപരീത ഗുണങ്ങളെയും അങ്ങേയറ്റം സ്വാഭാവികമായി ഖുർആൻ സമന്വയിപ്പിച്ചു എന്നത് പ്രവാചകൻﷺക്ക് നൽകപ്പെട്ട വ്യക്തമായ ദൃഷ്ടാന്തമാണ്.

    മനുഷ്യർക്ക് ഇത്തരമൊരു ഗ്രന്ഥം രചിക്കാൻ സാധിക്കാത്തത് പ്രധാനമായും മൂന്ന് കാര്യങ്ങൾ കൊണ്ടാണ്:
    ഒന്ന്. ഭാഷാപരമായ പരിമിതി: അറബി ഭാഷയിലെ മുഴുവൻ പദപ്രയോഗങ്ങളെയും അവയുടെ അർത്ഥതലങ്ങളെയും പൂർണ്ണമായി ഉൾക്കൊള്ളാൻ മനുഷ്യന് സാധിക്കില്ല.

    രണ്ട്. അർത്ഥതലങ്ങൾ: പദങ്ങൾ വഹിക്കുന്ന ആഴത്തിലുള്ള ആശയങ്ങൾ പൂർണ്ണമായി ഗ്രഹിക്കാൻ മനുഷ്യബുദ്ധിക്ക് കഴിയില്ല.

    മൂന്ന്. കോർവയുള്ള ശൈലി: പദങ്ങളെയും അർത്ഥങ്ങളെയും ഏറ്റവും ഉത്തമമായ രീതിയിൽ കൂട്ടിയിണക്കുന്ന ശൈലികൾ/നള്മ് പരിപൂർണ്ണമായി വശപ്പെടുത്താൻ മനുഷ്യന് സാധ്യമല്ല.

    ഖുർആൻ പരിശോധിച്ചാൽ അതിലെ പദങ്ങൾ ഏറ്റവും വ്യക്തവും മാധുര്യമുള്ളതുമാണെന്നും അതിന്റെ ശൈലി അങ്ങേയറ്റം ഇണക്കമുള്ളതാണെന്നും കാണാം. മനുഷ്യ സംസാരങ്ങളിൽ ഈ ഗുണങ്ങൾ ചിതറിക്കിടക്കാമെങ്കിലും ഇവയെല്ലാം ഒന്നിച്ച് കാണപ്പെടുന്നത് സർവ്വജ്ഞനായ അല്ലാഹുവിന്റെ വചനങ്ങളിൽ മാത്രമാണ്.

    നാല്. ഖുർആനിന്റെ ഉള്ളടക്കം: ഖുർആൻ അദ്വിതീയമായത് അത് ഏറ്റവും ഉത്തമമായ ശൈലിയിൽ ഏറ്റവും സത്യസന്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്നത് കൊണ്ടാണ്. അല്ലാഹുവിന്റെ ഏകത്വം, പരിശുദ്ധി, ആരാധനാ ക്രമങ്ങൾ, അനുവദിക്കപ്പെട്ടതും/ ഹലാൽ നിഷിദ്ധമായതും /ഹറാം, ഉപദേശങ്ങൾ, നന്മ കല്പിക്കൽ, തിന്മ തടയൽ, സൽസ്വഭാവങ്ങൾ, കഴിഞ്ഞുപോയ സമൂഹങ്ങളുടെ ചരിത്രവും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകളും.
    വിരോധികളും ശത്രുക്കളും ഇതിന്റെ പ്രഭാവം കണ്ട് ഒരിക്കൽ ഇത് ‘കവിത’യാണെന്നും മറ്റൊരിക്കൽ ഇത് ‘മന്ത്രവിദ്യ’യാണെന്നും പറഞ്ഞു. ഖുർആൻ കേൾക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ അത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. “ഇതിന് പ്രത്യേകമായൊരു മാധുര്യമുണ്ട്” എന്ന് സമ്മതിക്കാൻ അവർ നിർബന്ധിതരായി. അവരുടെ ശത്രുതയും അറിവില്ലായ്മയും കാരണം “ഇത് പണ്ടുള്ളവരുടെ കെട്ടുകഥകളാണ്” എന്ന് അവർ പരിഹസിച്ചപ്പോഴും, പ്രവാചകൻﷺ സാമ്പ്രദായികമായി എഴുത്തും വായനയും അഭ്യസിക്കാത്ത ആളാണെന്ന സത്യം അവർക്ക് അറിയാമായിരുന്നു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...