Tweet 1310

    Tweet 1310
    January 14, 2026 • Wednesday
    Post Header

    ഖുർആനിന്റെ അലൗകികത/ഇഅ്ജാസിനെയും ഭാഷാപരമായ പ്രത്യേകതകളെയും കുറിച്ച് പ്രമുഖ പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങളുടെ ഒരു തുടർച്ച കൂടി പറയാം. ഇമാം അസ്സമൽക്കാനി(റ) പറഞ്ഞു:
    “ഖുർആനിന്റെ അലൗകികത അതിന്റെ പ്രത്യേകമായ രചനാശൈലി/തഅ്ലീഫിലാണ്, വെറും രചനയിലല്ല. വാക്കുകളുടെ ഘടനയിലും തൂക്കത്തിലും /റിഥമിൽ അത് തുലനം പാലിക്കുന്നു. ഓരോ ആശയത്തെയും പദപ്രയോഗത്തിലും അർഥതലത്തിലും അതിന്റെ ഏറ്റവും ഉന്നതമായ തലത്തിൽ അവതരിപ്പിച്ചുകൊണ്ട് ഖുർആനിലെ വാചകഘടനകൾ അർത്ഥവ്യാപ്തിയുള്ളതാകുന്നു.”
    ഹാസിം(റ) തന്റെ ‘മിൻഹാജുൽ ബുലഗാ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: “ഖുർആനിലെ അലൗകികതയുടെ വശം എന്നത്, അതിലുടനീളം യാതൊരു തടസ്സവുമില്ലാതെ ഭാഷാപരമായ ശുദ്ധി/ഫസാഹതും അലങ്കാരത്തികവും /ബലാഗതും നിലനിൽക്കുന്നു എന്നതാണ്. മനുഷ്യർക്ക് ആർക്കും ഇത് സാധ്യമല്ല. അറബികളുടെയും അവരുടെ ഭാഷ സംസാരിക്കുന്നവരുടെയും സംസാരത്തിൽ, ഏറ്റവും മികച്ച കൃതികളിൽ പോലും ഇത്തരം ഉന്നത നിലവാരം ചെറിയൊരു ഭാഗത്ത് മാത്രമേ കാണാൻ കഴിയൂ. പിന്നീട് മനുഷ്യസഹജമായ വീഴ്ചകൾ സംഭവിക്കുകയും സംസാരത്തിന്റെ ഭംഗിയും തിളക്കവും നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ അവരുടെ സംസാരത്തിലുടനീളം ഈ മികവ് നിലനിൽക്കില്ല, മറിച്ച് ചിതറിക്കിടക്കുന്ന ഭാഗങ്ങളിൽ മാത്രമേ അത് കാണപ്പെടുകയുള്ളൂ.”

    ഇബ്നു അത്വിയ്യ(റ) പറഞ്ഞു: “ഖുർആനിന്റെ അലൗകികതയെ സംബന്ധിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും സൂക്ഷ്മജ്ഞാനികളും പറയുന്ന ശരിയായ അഭിപ്രായം ഇതാണ്: അത് ഖുർആനിന്റെ പദഘടനയും ആശയങ്ങളുടെ കൃത്യതയും വാക്കുകളുടെ തുടർച്ചയായ അലങ്കാരത്തികവുമാണ്. കാരണം, അല്ലാഹു എല്ലാ വാക്കുകളെയും കുറിച്ചുള്ള പരിപൂർണ്ണ അറിവുള്ളവനാണ്. ഖുർആനിലെ ഒരു വാക്ക് ക്രമീകരിക്കുമ്പോൾ, അതിന് തൊട്ടുപിന്നാലെ വരാൻ ഏറ്റവും അനുയോജ്യമായ വാക്ക് ഏതാണെന്നും, ആശയങ്ങൾ ഒന്നിനുപുറകെ ഒന്നായി വ്യക്തമാക്കാൻ എന്ത് വേണമെന്നും അവന്റെ അറിവിനാൽ അവൻ നിശ്ചയിക്കുന്നു. ഖുർആനിന്റെ ആരംഭം മുതൽ അവസാനം വരെ ഇത് നിലനിൽക്കുന്നു. എന്നാൽ മനുഷ്യൻ അജ്ഞതയും ഓർമക്കുറവും അശ്രദ്ധയും ബാധിച്ചവനാണ്. ഒരു മനുഷ്യനും ഈ രീതിയിൽ ഭാഷയെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്.

    ഇക്കാരണത്താൽ, ഖുർആനിന്റെ ക്രമീകരണം ഭാഷാശുദ്ധിയുടെ പരമകാഷ്ഠയിലാണ്. അറബികൾക്ക് ഇതിന് തുല്യമായത് കൊണ്ടുവരാൻ കഴിയുമായിരുന്നുവെന്നും എന്നാൽ അവർ അതിൽ നിന്ന് തടയപ്പെടുകയായിരുന്നുവെന്നും പറയുന്നവരുടെ സർഫഃ വാദം ഇതോടെ ദുർബലമാകുന്നു. ഖുർആന് സമാനമായതു കൊണ്ടുവരാൻ മനുഷ്യ കഴിവിന് സാധ്യമല്ല എന്നതാണല്ലോ യാഥാർത്ഥ്യം. ഒരു ഭാഷാ പണ്ഡിതൻ തന്റെ കവിതയോ പ്രസംഗമോ ഒരു വർഷത്തോളം ഇരുന്ന് മിനുക്കുന്നത് നിങ്ങൾ കാണാറില്ലേ? പിന്നീട് അതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. എന്നാൽ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു വാക്ക് മാറ്റിവെച്ചിട്ട് പകരം വെക്കാൻ അറബി ഭാഷയിൽ നിന്ന് അതിനേക്കാൾ മികച്ച മറ്റൊരു വാക്ക് തിരഞ്ഞാൽ അത് കണ്ടെത്താൻ കഴിയില്ല.

    ഖുർആനിലെ മിക്ക ഭാഗങ്ങളിലെയും പ്രാവീണ്യം നമുക്ക് വ്യക്തമാണ്. എന്നാൽ ചിലയിടങ്ങളിൽ അത് നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്തത് അന്നത്തെ അറബികളുടെ അത്ര ഭാഷാപരമായ രുചിയും സർഗ്ഗവാസനയും നമുക്കില്ലാത്തതുകൊണ്ടാണ്. അന്ന് ഭാഷാ പ്രയോഗത്തിൽ അഗ്രഗണ്യന്മാരായിരുന്ന അറബികളെ കൊണ്ടാണ് ലോകത്തിന് മുന്നിൽ ഇതിന്റെ തെളിവ് സ്ഥാപിതമായത്. ഇത് മൂസാ നബി(അ)യുടെ കാലത്ത് മന്ത്രവാദികളിലൂടെയും ഈസാ നബി(അ)യുടെ കാലത്ത് വൈദ്യന്മാരിലൂടെയും അമാനുഷികത തെളിയിക്കപ്പെട്ടത് പോലെയാണ്. ഓരോ പ്രവാചകന്റെയും കാലത്ത് ഏത് മേഖലയാണോ ഉന്നതിയിൽ നിൽക്കുന്നത്, ആ മേഖലയിലാണ് അല്ലാഹു പ്രവാചകന്മാർക്ക് മുഅ്ജിസത്തുകൾ നൽകിയത്. മൂസാ നബി(അ)യുടെ കാലത്ത് മന്ത്രവാദവും ഈസാ നബി(അ)യുടെ കാലത്ത് വൈദ്യശാസ്ത്രവും മുഹമ്മദ് നബിﷺയുടെ കാലത്ത് ഭാഷാ നൈപുണ്യവും അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...