Tweet 1312

    Tweet 1312
    January 16, 2026 • Friday
    Post Header

    ഖുർആനിന്റെ പ്രഭാവവും അദ്വിതീയതയും
    ഖുർആൻ ഹൃദയങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെയുംക്കുറിച്ച് ഇമാം ഖത്താബി(റ) തുടരുന്നു: ഖുർആൻ അല്ലാതെ മറ്റൊരു സംസാരവും—അത് പദ്യമായാലും ഗദ്യമായാലും—ചെവിയിൽ പതിക്കുമ്പോൾ ഒരേസമയം ഹൃദയത്തിന് ആനന്ദവും മാധുര്യവും നൽകുന്നതോടൊപ്പം തന്നെ മറ്റൊരു വശത്ത് ഭയഭക്തിയും ഗാംഭീര്യവും ഉളവാക്കുന്നതായി നിങ്ങൾ കാണില്ല. അല്ലാഹു തആല പറയുന്നു:
    “ഈ ഖുർആനിനെ നാം ഒരു പർവ്വതത്തിന്മേലാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ അല്ലാഹുവെപ്പറ്റിയുള്ള ഭയത്താൽ അത് വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്ക് കാണാമായിരുന്നു.” അൽ ഹശ്ർ അധ്യായത്തിലെ ഇരുപത്തിയൊന്നാം സൂക്തത്തിന്റെ ആശയമാണിത്.

    അസ്സുമർ അദ്ധ്യായത്തിലെ 23 ആാം സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം.
    “അല്ലാഹു ഏറ്റവും ഉത്തമമായ വർത്തമാനം ഒരു ഗ്രന്ഥമായി ഇറക്കിയിരിക്കുന്നു. ആവർത്തിച്ചു പറയപ്പെടുന്ന വചനങ്ങളുള്ളതും പരസ്പരം സാദൃശ്യമുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചർമങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു.”

    ഖുർആനിന്റെ അദ്വിതീയത/ഇഅ്ജാസിൻ്റെ വശങ്ങളെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് ഇബ്നു സറാഖ(റ) പറയുന്നു. അവർ സൂചിപ്പിച്ച പല കാര്യങ്ങളും യുക്തിഭദ്രവും ശരിയുമാണ്. എങ്കിലും അതിന്റെ അദ്വിതീയതയുടെ പത്തിലൊന്നിന്റെ പത്തിലൊന്ന് അഥവാ ഒരു ശതമാനം പോലും വിവരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല.

    ചില പണ്ഡിതന്മാർ മുന്നോട്ടുവെച്ച വിശദീകരണങ്ങൾ ഇങ്ങനെയാണ്.
    ഒന്ന്, ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതും അഥവാ ഇീജാസും അതോടൊപ്പം പുലർത്തുന്ന ഭാഷാപരമായ തികവുമാണ് അതിന്റെ പ്രത്യേകത.
    രണ്ട്, ഖുർആനിലെ ആശയവ്യക്തതയും /ബയാൻ വാക്കുകളിലെ ശുദ്ധിയുമാണ് /ഫസാഹത്ത് അത്.
    മൂന്ന്, പദങ്ങളുടെയും വാചകങ്ങളുടെയും സവിശേഷമായ അടുക്കും ചിട്ടയുമാണത്.

    നാല്, ഖുർആൻ ഉപയോഗിച്ചിരിക്കുന്നത് അറബികൾക്ക് പരിചയമുള്ള അക്ഷരങ്ങളും പദങ്ങളും ആശയങ്ങളുമാണെങ്കിലും അതിന്റെ ശൈലി അവരുടെ പദ്യത്തിനോ ഗദ്യത്തിനോ പ്രസംഗത്തിനോ സമാനമല്ല. അത് തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. ഒരാൾ അതിന്റെ ആശയങ്ങൾ മാത്രം നിലനിർത്തി വാക്കുകൾ മാറ്റിയാൽ അതിന്റെ തിളക്കം നഷ്ടപ്പെടും; വാക്കുകൾ മാത്രം നിലനിർത്തി ആശയങ്ങൾ മാറ്റിയാൽ അതിന്റെ ഗുണം ഇല്ലാതാകും.

    അഞ്ച്, എത്ര തവണ ആവർത്തിച്ച് പാരായണം ചെയ്താലും ഓതുന്നവനോ കേൾക്കുന്നവനോ മടുപ്പ് തോന്നാത്ത ഒരേയൊരു ഗ്രന്ഥമാണിത്.
    ആറ്, കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നു എന്നത്.
    ഏഴ്, ഭാവി കാര്യങ്ങളെക്കുറിച്ചും അദൃശ്യ കാര്യങ്ങളെക്കുറിച്ചും തറപ്പിച്ചു പറയുന്നു എന്നത്.
    എട്ട്, വിവരിക്കാൻ പ്രയാസമേറിയ അനേകം വിജ്ഞാനങ്ങളുടെ കലവറയാണത്.

    ഇമാം സർക്കശി(റ) തന്റെ ‘അൽ-ബുർഹാൻ’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: ഖുർആനിന്റെ അദ്വിതീയത എന്നത് മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തുചേർന്നതാണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഇവ ഓരോന്നും തനിച്ച് നിൽക്കുന്നവയല്ല, മറിച്ച് ഇവയെല്ലാം ഒരുപോലെ ഖുർആനിൽ സമ്മേളിച്ചിരിക്കുന്നു. ഖുർആൻ കേൾക്കുന്ന വിശ്വാസിയായാലും അവിശ്വാസിയായാലും അവരുടെ ഹൃദയങ്ങളിൽ അത് ഉളവാക്കുന്ന ഒരു അലൗകികമായ ഒരു പ്രകമ്പനമുണ്ട്. അതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...