Tweet 1304

    Tweet 1304
    January 8, 2026 • Thursday
    Post Header

    “കഴിഞ്ഞുപോയ അത്ഭുതങ്ങൾ അഥവാ മുഅ്ജിസത്തുകൾ സ്വാലിഹ് നബി(അ)യുടെ ഒട്ടകം, മൂസാ നബി(അ)യുടെ വടി എന്നിവയെപ്പോലെയുള്ളത് കണ്ണുകൾ കൊണ്ട് നേരിട്ട് കാണാൻ കഴിയുന്നവയായിരുന്നു. എന്നാൽ, ഖുർആൻ എന്ന അത്ഭുതം ഉൾക്കാഴ്ച കൊണ്ട് ദർശിക്കേണ്ടതാണ്. അതിനാൽ തന്നെ അത് കാരണം ഖുർആനെ പിന്തുടരുന്നവർ വർദ്ധിച്ചുകൊണ്ടേയിരിക്കും. കാരണം, ഭൗതികമായ കണ്ണുകൾ കൊണ്ട് കാണുന്ന കാര്യങ്ങൾ അത് കണ്ടവർ മരിക്കുന്നതോടെ ഇല്ലാതാകുന്നു. എന്നാൽ ബുദ്ധിപരമായ ഉൾക്കാഴ്ചയോടെ ദർശിക്കുന്ന കാര്യങ്ങൾ ആദ്യകാലത്തുള്ളവർക്ക് ശേഷം വരുന്ന എല്ലാവർക്കും നിരന്തരമായി ദർശിക്കാൻ സാധിക്കും.

    ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ) പറഞ്ഞു: ഈ അഭിപ്രായങ്ങളെയെല്ലാം ഒരൊറ്റ ആശയത്തിൽ കോർത്തിണക്കാൻ സാധിക്കും. അവ പരസ്പരം വിരുദ്ധമല്ല. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ‘അന്ത്യനാളിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള പ്രവാചകൻ ഞാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ ഖുർആൻ എന്ന മുഅ്ജിസത്തിന്റെ തുടർച്ചയായ പ്രഭാവം, അതിന്റെ അഗാധമായ ഗുണഫലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. ഖുർആനിൽ പ്രബോധനവും തെളിവുകളും ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകളും അടങ്ങിയിരിക്കുന്നു. അത് അവിടെ സന്നിഹിതരായവർക്കും ഇല്ലാത്തവർക്കും നിലവിലുള്ളവർക്കും ഇനി ജനിക്കാനിരിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. അതിനാൽ തന്നെ അത്തരമൊരു പ്രതീക്ഷ അവിടെ തികച്ചും അനുയോജ്യമാണ്. ആ പ്രതീക്ഷ യാഥാർത്ഥ്യമാവുകയും ചെയ്തിട്ടുണ്ട്; കാരണം ഏറ്റവും കൂടുതൽ അനുയായികളുള്ളത് അവിടുത്തേക്കാണ്.

    അല്ലാഹുവിന്റെ കിതാബ് അഥവാ ഖുർആൻ ഒരു അത്ഭുതമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ തർക്കമില്ല. അതിനെ വെല്ലുവിളിച്ചിട്ടും അതിന് തുല്യമായ ഒന്ന് കൊണ്ടുവരാൻ ആർക്കും സാധിച്ചിട്ടില്ല. അല്ലാഹു പറഞ്ഞു: ‘ബഹുദൈവ വിശ്വാസികളിൽ ആരെങ്കിലും അഭയം തേടിയാൽ അല്ലാഹുവിന്റെ വചനം കേൾക്കുന്നത് ഉപകരിക്കും വിധം അയാൾക്ക് അഭയം നൽകുക’ അത്തൗബ അധ്യായത്തിലെ ആറാം സൂക്തത്തിൻ്റെ ആശയമണിത്. ഖുർആൻ കേൾക്കുന്നത് അവർക്കെതിരെയുള്ള വ്യക്തമായ തെളിവായതുകൊണ്ടാണ് അല്ലാഹു അങ്ങനെ കൽപ്പിച്ചത്. അതൊരു തെളിവാകണമെങ്കിൽ അതൊരു അത്ഭുതം /മുഅ്ജിസത്ത് ആയിരിക്കണമല്ലോ.”

    അൻകബൂത്ത് അധ്യായത്തിലെ അൻപതാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. അവർ പറഞ്ഞു “ആ പ്രവാചകന് രക്ഷിതാവിങ്കൽ നിന്ന് എന്തെങ്കിലും ദൃഷ്ടാന്തങ്ങൾ /അത്ഭുതങ്ങൾ ഇറക്കിക്കൊടുക്കപ്പെടാത്തതെന്താണ്? പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ മാത്രമാണ്. ഞാൻ വ്യക്തമായ താക്കീതുകാരൻ മാത്രമാകുന്നു.’ ‘അവർക്ക് ഓതിക്കേൾപ്പിക്കപ്പെടുന്ന ഈ വേദഗ്രന്ഥം തങ്ങൾക്ക് നാം ഇറക്കിതന്നു എന്നത് അവർക്ക് മതിയാകുന്നില്ലേ?’

    മറ്റ് പ്രവാചകന്മാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങൾക്കും അത്ഭുതങ്ങൾക്കും പകരമായി നിൽക്കുന്ന ഒന്നാണ് ഈ ഗ്രന്ഥമെന്ന് അല്ലാഹു ഇതിലൂടെ അറിയിച്ചു. തിരുനബിﷺ ഈ ഖുർആനുമായി ചെന്നത് ഏറ്റവും വലിയ സാഹിത്യകാരന്മാരും വാഗ്മികളുമായ അറബികൾക്കിടയിലേക്കാണ്. ഇതിന് സമാനമായ ഒന്ന് കൊണ്ടുവരാൻ പ്രവാചകൻﷺ അവരെ വെല്ലുവിളിക്കുകയും വർഷങ്ങളോളം അവർക്ക് സമയം നൽകുകയും ചെയ്തു. എന്നാൽ അവർക്ക് അതിന് സാധിച്ചില്ല. പിന്നീട് ഇതിലെ പത്ത് അധ്യായങ്ങൾ കൊണ്ടുവരാൻ വെല്ലുവിളിച്ചു, പിന്നീട് ഒരു അദ്ധ്യായം കൊണ്ടുവരാൻ വെല്ലുവിളിച്ചു.

    പ്രഗത്ഭരായ ഒട്ടനവധി പ്രസംഗകരും സാഹിത്യകാരന്മാരുമുണ്ടായിട്ടും ഖുർആനിനെ പ്രതിരോധിക്കാനോ അതിന് തുല്യമായ ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാനോ അവർ പരാജയപ്പെട്ടപ്പോൾ, ഖുർആൻ അവരുടെ അശക്തിയെയും ഖുർആനിന്റെ അജയ്യതയെയും /ഇഅ്ജാസ് വിളംബരം ചെയ്തു.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...