Tweet 1305

    Tweet 1305
    January 9, 2026 • Friday
    Post Header

    ഇസ്‌ലാമിന്റെ പ്രകാശത്തെ കെടുത്താനും അതിന്റെ കാര്യങ്ങൾ മറച്ചുവെക്കാനും ഏറ്റവും കൂടുതൽ ആഗ്രഹിച്ച സാഹിത്യ പ്രതിഭകളോടായിരുന്നു ഖുർആൻ വെല്ലുവിളി ഉയർത്തിയത്. ഇതിനെ സാഹിത്യപരമായി നേരിടാൻ അവർക്ക് കഴിയുമായിരുന്നെങ്കിൽ തങ്ങളുടെ വാദങ്ങൾ ജയിപ്പിക്കാൻ അവർ തീർച്ചയായും ആ വഴി തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ അവരാരും അതിന് തുനിഞ്ഞതായോ അതിനായി ശ്രമിച്ചതായോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പകരം അവർ വാശിയിലേക്കും പരിഹാസത്തിലേക്കുമാണ് തിരിഞ്ഞത്. ചിലപ്പോൾ അതിന്റെ വശ്യതയും അർത്ഥഗാംഭീര്യവും കണ്ട് അവർ അതിനെ ‘മന്ത്രവാദം’ എന്ന് വിളിച്ചു. മറ്റു ചിലപ്പോൾ ഖുർആനിലെ അപൂർവ്വമായ അറിവുകൾ കണ്ട് അത്ഭുതപ്പെട്ട് ഇത് ‘പഴങ്കഥകൾ’ ആണെന്ന് പറഞ്ഞു. മറ്റു ചിലർ ഇതിനെക്കുറിച്ച് എന്ത് പറയണമെന്നറിയാതെ പരിഭ്രമിച്ച് ‘ജോത്സ്യന്മാരുടെ വാക്ക്’ എന്ന് വിളിച്ചു. ഇതെല്ലാം അവരുടെ ആശയക്കുഴപ്പത്തെയും തോൽവിയെയുമാണ് കാണിക്കുന്നത്.

    ഒടുവിൽ, ഖുർആനിന് സമാനമായ ഒന്ന് കൊണ്ടുവരുന്നതിന് പകരം തങ്ങളുടെ കഴുത്തിന് മേൽ വാൾ വരുന്നതിനും മക്കളും സ്ത്രീകളും തടവിലാക്കപ്പെടുന്നതിനും സമ്പത്ത് നഷ്ടപ്പെടുന്നതിനും അവർ തയ്യാറായി. അങ്ങേയറ്റം അഭിമാനികളും തറവാടിത്തം കാത്തുസൂക്ഷിക്കുന്നവരുമായിരുന്നു അവർ. ഖുർആനിന് തുല്യമായ ഒന്ന് നിർമിക്കൽ തങ്ങൾക്ക് സാധ്യമാണെന്ന് അവർക്ക് അറിയാമായിരുന്നുവെങ്കിൽ തീർച്ചയായും അവർ അത് ചെയ്യുമായിരുന്നു. കാരണം യുദ്ധത്തേക്കാൾ അവർക്ക് എളുപ്പമുള്ള കാര്യം അതായിരുന്നു.”

    ചില പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞു: തിരുനബിﷺ അറബികൾക്ക് മുന്നിൽ അവതരിപ്പിച്ചതും അവർക്ക് സമാനമായ ഒന്ന് കൊണ്ടുവരാൻ കഴിയാത്തതുമായ ആ വചനങ്ങൾ അഥവാ ഖുർആൻ, കടൽ പിളരുന്നതിനേക്കാളും മരിച്ചവരെ ജീവിപ്പിക്കുന്നതിനേക്കാളും ജന്മനാ കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്നതിനേക്കാളും അത്ഭുതകരവും പ്രവാചകത്വത്തിന് വ്യക്തമായ തെളിവുമാണ്. കാരണം, സാഹിത്യത്തിന്റെയും ഭാഷാശുദ്ധിയുടെയും വാഗ്മിയുടെയും മർമ്മമറിയുന്നവരും ഭാഷാ പ്രയോഗങ്ങളിൽ അഗ്രഗണ്യരുമായ ആളുകളുടെ അടുത്തേക്കാണ് അർത്ഥം വ്യക്തമായി മനസ്സിലാക്കാവുന്ന ആ വചനങ്ങളുമായി അവിടുന്ന് വന്നത്.

    മരിച്ചവരെ ജീവിപ്പിക്കുന്നത് കണ്ട ഈസാ നബി(അ)യുടെ കാലത്തെ ആളുകളുടെ അശക്തതയേക്കാൾ അത്ഭുതകരമാണ് അറബികളുടെ ഈ പരാജയം. കാരണം, മരിച്ചവരെ ജീവിപ്പിക്കാനോ രോഗം ഭേദമാക്കാനോ തങ്ങൾക്ക് കഴിയുമെന്ന് ഈസാ നബി(അ)യുടെ കാലത്തുള്ളവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, അതിനുള്ള വിദ്യ അവർക്കറിയുമായിരുന്നുമില്ല. എന്നാൽ ഖുറൈശികളാകട്ടെ, അന്നും ഇന്നും പ്രസംഗകലയിലും സാഹിത്യത്തിലും കഴിവും താൽപ്പര്യവുമുള്ളവരായിരുന്നു. എന്നിട്ടും ഖുർആനിന് മുന്നിൽ അവർ പരാജയപ്പെട്ടു.
    ഖാളി ഇയാള്(റ) പറഞ്ഞു: പ്രവാചകന്മാരുടെ അത്ഭുതങ്ങൾ /മുഅ്ജിസത്തുകൾ അവരുടെ കാലഘട്ടത്തിലെ ആളുകളുടെ അവസ്ഥകൾക്കും അവർക്കിടയിൽ പ്രശസ്തമായ വിദ്യകൾക്കും അനുസരിച്ചാണ് നൽകപ്പെട്ടത്.

    മുഹമ്മദ് നബിﷺ നിയോഗിക്കപ്പെട്ട അറബികളുടെ ജ്ഞാനവും ശാസ്ത്രവും പ്രധാനമായും നാല് കാര്യങ്ങളിലായിരുന്നു. അതിൽ ഒന്നാമത്തേത് ബലാഗത്ത് /സാഹിത്യത്തികവാണ്. സംസാരിക്കുന്ന ഒരു വ്യക്തിക്ക് താൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ, ഓരോ വാചകഘടനയുടെയും പ്രത്യേകതകൾ പാലിച്ച് അങ്ങേയറ്റം കൃത്യതയോടെ പ്രകടിപ്പിക്കാൻ കഴിയുന്ന കഴിവാണത്.”

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...