Tweet 1298

    Tweet 1298
    January 2, 2026 • Friday
    Post Header

    മനുഷ്യർക്ക് ചെയ്യാൻ കഴിയുന്നവയും കഴിയാത്തവയും എന്ന അടിസ്ഥാനത്തിൽ മുഅ്ജിസത്തുകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്.
    അഥവാ മനുഷ്യർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളിലെ അത്ഭുതം: മനുഷ്യരുടെ കഴിവിൽ പെട്ടതും അവർക്ക് ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്തവണ്ണം അല്ലാഹു അവരെ അശക്തരാക്കുക /തഅ്‌ജീസ്‌. ഇത് അല്ലാഹുവിന്റെ ഒരു പ്രവൃത്തിയാണ്. ഇത് പ്രവാചകന്റെ സത്യസന്ധതയ്ക്കുള്ള തെളിവാണ്. “പ്രവാചകത്വ വാദത്തിൽ എന്റെ ദാസൻ സത്യവാനാണ്” എന്ന് അല്ലാഹു നേരിട്ട് പറയുന്നതിന് തുല്യമാണിത്. ഇത്തരം സന്ദർഭങ്ങളിൽ അല്ലാഹു ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രവാചകൻ സത്യവാനാണെന്ന ‘ഇൽമുൻ ളറൂരി’ അല്ലെങ്കിൽ നിർബന്ധിത ജ്ഞാനം സൃഷ്ടിക്കുന്നു.

    ഉദാഹരണങ്ങൾ ഇങ്ങനെ പരിചയപ്പെടാം. ഒരു ജനക്കൂട്ടത്തോട് ഒരാൾ “ഞാൻ അല്ലാഹുവിന്റെ ദൂതനാണ്” എന്ന് പറയുകയും അവരുടെ തലയ്ക്ക് മുകളിൽ ഒരു പർവ്വതം ഉയർത്തുകയും ചെയ്യുന്നു എന്ന് സങ്കൽപ്പിക്കുക. എന്നിട്ട് അദ്ദേഹം പറയുന്നു: “നിങ്ങൾ എന്നെ കളവാക്കിയാൽ ഇത് നിങ്ങളുടെ മേൽ വീഴും, വിശ്വസിച്ചാൽ ഇത് നീങ്ങിപ്പോകും.” അവർ അദ്ദേഹത്തെ വിശ്വസിക്കാൻ തുടങ്ങുമ്പോഴെല്ലാം പർവ്വതം അകലുകയും കളവാക്കാൻ തുനിയുമ്പോൾ അത് അടുത്ത് വരികയും ചെയ്താൽ, അദ്ദേഹം സത്യവാനാണെന്ന് അവർക്ക് ബോധ്യപ്പെടും. ഒരു കള്ളം പറയുന്ന ആൾക്കും ഇങ്ങനെയൊന്ന് സംഭവിക്കില്ല എന്നത് പ്രപഞ്ച നിയമമാണ്. യഹൂദികൾക്ക് മരണം ആഗ്രഹിക്കാൻ സാധിക്കുമായിരുന്നിട്ടും അതിൽ നിന്ന് അവരെ അശക്തരാക്കിയ സംഭവവും ഇതിന് ഉദാഹരണമാണ്. ഇതിലൂടെ നബിﷺ സത്യ പ്രഖ്യാപനമാണ് നടത്തുന്നത് എന്ന് അവർക്ക് ബോധ്യമായി.

    “മറ്റൊരു വിഭാഗം അത്ഭുതങ്ങൾ /മുഅ്ജിസത്തുകൾ മനുഷ്യരുടെ കഴിവിനും അപ്പുറത്തുള്ളവയാണ്. മരിച്ചവരെ ജീവിപ്പിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ചെയ്യാൻ അവർക്ക് സാധ്യമല്ല; കാരണം അത് അവരുടെ പ്രവർത്തനങ്ങളിൽ പെട്ടതല്ല. എന്നാൽ ഈസാ നബി(അ)യുടെ കൈകളാൽ മരിച്ചവർക്ക് ജീവൻ നൽകിയത് അവിടുത്തെ മുഅ്ജിസത്തായിരുന്നു. അത് അന്നത്തെ സമുദായത്തിന് അല്ലാഹു നൽകിയ ഒരു സാക്ഷ്യപ്പെടുത്തൽ പോലെയായിരുന്നു. അല്ലാഹുവിന്റെ അനുമതിയോടെയാണ് മരിച്ചവർ ജീവിപ്പിക്കപ്പെട്ടത്. എന്റെ അനുമതിയോടെ തങ്ങൾ മരിച്ചവരെ പുറത്തുകൊണ്ടുവരുന്നു എന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. വടി പാമ്പായി മാറിയത് മൂസാ നബി(അ)യുടെ മുഅ്ജിസത്തായി അറിയപ്പെടുന്നു. യാതൊരു ഇടനിലക്കാരോ സാധാരണ കാരണങ്ങളോ ഇല്ലാതെ പാറയിൽ നിന്ന് ഒട്ടകത്തെ പുറത്തുകൊണ്ടുവന്നത് സ്വാലിഹ് നബി(അ)യുടെ മുഅ്ജിസത്തായിരുന്നു. മരം സംസാരിച്ചതും വിരലുകൾക്കിടയിലൂടെ വെള്ളം ഉറവയെടുത്തതും ചന്ദ്രൻ പിളർന്നതും നമ്മുടെ നബിﷺയുടെ മുഅ്ജിസത്തുകളിൽ പെട്ടതാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണിവ. സത്യത്തിൽ ഇവ അല്ലാഹുവിന്റെ പ്രവൃത്തി തന്നെയാണ്. നബിമാരുടെ കൈകളിലൂടെ അത് വെളിപ്പെടുന്നു എന്ന് മാത്രം. തങ്ങളെ വ്യാജനാക്കുന്നവരോട് ഇതിന് സമാനമായത് കൊണ്ടുവരാൻ വെല്ലുവിളിക്കുന്നത് അവരെ അശക്തരാക്കാനാണ്.

    അറിയുക, നമ്മുടെ നബിﷺയുടെ കൈകളിലൂടെ വെളിപ്പെട്ട മുഅ്ജിസത്തുകളും അവിടുത്തെ പ്രവാചകത്വത്തിന്റെ തെളിവുകളും ഈ രണ്ട് വിഭാഗത്തിലും പെട്ടവയാണ്: അതായത് മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പെട്ടവയും മനുഷ്യ കഴിവിന് പുറത്തുള്ളവയും. പ്രവാചകന്മാരിൽ വെച്ച് ഏറ്റവും കൂടുതൽ മുഅ്ജിസത്തുകളുള്ളവരും ഏറ്റവും തിളക്കമാർന്ന അടയാളങ്ങളും വ്യക്തമായ തെളിവുകളുമുള്ളവരും തിരുനബിﷺ ആണ്. അവയുടെ ആധിക്യം കാരണം അവയെ പൂർണ്ണമായി ക്രോഡീകരിക്കുക അസാധ്യമാണ്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...