
പ്രവാചകന്മാർക്കുണ്ടാകുന്ന അമാനുഷിക വ്യവഹാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ഇമാം ഖാളി ഇയാള്(റ) പറഞ്ഞു: അല്ലാഹു അവനെക്കുറിച്ചുള്ള അറിവും അഥവാ മഅ്‌രിഫത്തും തന്റെ സത്തയെയും അത്യുന്നതമായ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള ജ്ഞാനവും, അവൻ അവർക്ക് നിർബന്ധമാക്കിയ നിയമങ്ങളെയും ബോധ്യങ്ങളും അവന്റെ ദാസന്മാരുടെ ഹൃദയങ്ങളിൽ നേരിട്ട് സൃഷ്ടിക്കാൻ കഴിവുള്ളവനാണ്. അപ്പോൾ മറ്റൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ തന്നെ തങ്ങൾക്ക് എല്ലാ പൂർണ്ണതകളുമുള്ള ഒരു രക്ഷിതാവുണ്ടെന്ന് ദാസന്മാർക്ക് അറിയാൻ സാധിക്കുമായിരുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഒരു വഴികാട്ടിയോ വിശദീകരിക്കുന്ന ആളോ ഇല്ലാതെ തന്നെ അവർക്ക് ഇത് നൽകാൻ അവന് കഴിയുമായിരുന്നു. ചില പ്രവാചകന്മാരുടെ കാര്യത്തിൽ അല്ലാഹു ഇത് ഇൽഹാമായോ ബോധോദയമായോ, അല്ലെങ്കിൽ സ്വപ്നത്തിലൂടെയോ സൃഷ്ടിച്ചിട്ടുമുണ്ട്.
ഇബ്രാഹിം നബി(അ) തന്റെ മകനെ അറുക്കുന്നതായി സ്വപ്നം കണ്ടത് ഇതിന് ഉദാഹരണമാണ്. പ്രവാചകന്മാരുടെ സ്വപ്നങ്ങൾ വഹ്‌യ് അഥവാ ദൈവിക സന്ദേശമാണ്. “വഹ്‌യ് വഴിയോ അല്ലെങ്കിൽ മറയ്ക്ക് പിന്നിലൂടെയോ അല്ലാതെ ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല എന്ന ശൂറ അധ്യായത്തിലെ 51 ആം വചനത്തിന് വ്യാഖ്യാതാക്കൾ നൽകിയ ഒരു വ്യാഖ്യാനം ഇതാണ്. അതായത്, വഹ്‌യ് എന്നാൽ ഇവിടെ ഉദ്ദേശിക്കുന്നത് ഇൽഹാമോ അല്ലെങ്കിൽ സ്വപ്നമോ ആണ്. മൂസാ നബി(അ)യുടെ ഉമ്മയ്ക്ക് നൽകിയ ‘അദ്ദേഹത്തിന് മുലയൂട്ടുക’ എന്ന സന്ദേശവും ഒരു മാധ്യമവുമില്ലാതെ ഹൃദയത്തിൽ നൽകപ്പെട്ടതായിരുന്നു.
അല്ലാഹു നേരിട്ട് ഹൃദയങ്ങളിൽ ഇത്തരം അറിവുകൾ നൽകാൻ കഴിവുള്ളവനാണെങ്കിലും, ഒരു മാധ്യമം മുഖേന സന്ദേശങ്ങൾ ദാസന്മാരിലേക്ക് എത്തിക്കാനും അവന് സാധിക്കും. ആ മാധ്യമം ഒന്നുകിൽ മലക്കുകൾ പ്രവാചകന്മാർക്ക് സന്ദേശം നൽകുന്നത് പൊലെ മനുഷ്യവർഗ്ഗത്തിൽ നിന്നല്ലാത്തവരാകാം. അല്ലെങ്കിൽ പ്രവാചകന്മാർ ജനതയ്ക്ക് സന്ദേശം നൽകുന്നത് പോലെ മനുഷ്യവർഗ്ഗത്തിൽ നിന്നുള്ളവരുമാകാം. ഇങ്ങനെ നേരിട്ടോ മാധ്യമം വഴിയോ സന്ദേശം ലഭിക്കുക എന്നത് ബുദ്ധിപരമായി അസാധ്യമല്ല.
ഇത് അസാധ്യമല്ലാത്ത സ്ഥിതിക്ക്, പ്രവാചകന്മാർ തങ്ങളുടെ സത്യസന്ധത തെളിയിക്കുന്ന ‘മുഅ്ജിസത്തു’കളുമായി കടന്നുവന്നാൽ, അവർ അല്ലാഹുവിൽ നിന്ന് എത്തിച്ചുതരുന്ന സന്ദേശങ്ങളെ വിശ്വസിക്കൽ ജനങ്ങൾക്ക് നിർബന്ധമാണ്. കാരണം, ഒരു പ്രവാചകൻ വെല്ലുവിളിയോടൊപ്പം മുഅ്ജിസത്ത് കാണിക്കുന്നത് “എന്റെ ദാസൻ സത്യമാണ് പറയുന്നത്, അതിനാൽ അവനെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുക” എന്ന് അല്ലാഹു നേരിട്ട് പറയുന്നതിന് തുല്യമാണ്. ആ പ്രവാചകന്റെ അവകാശവാദങ്ങൾ സത്യമാണെന്നതിന്റെ സാക്ഷ്യമാണത്. മുഅ്ജിസത്തുകൾ പ്രവാചകന്മാരുടെ സത്യസന്ധതയെക്കുറിച്ചുള്ള ‘ഇൽമുൻ ളറൂരി’ അഥവാ നിർബന്ധിത ബോധ്യം ജനങ്ങളിൽ ഉണ്ടാക്കുന്നു.
ഖാളി(റ) തുടരുന്നു: പ്രവാചകന്മാർ കൊണ്ടുവന്ന അത്ഭുതങ്ങളെ നാം ‘മുഅ്ജിസത്ത്’ എന്ന് വിളിക്കാനുള്ള കാരണം, അവയ്ക്ക് സമാനമായ ഒന്ന് കൊണ്ടുവരാൻ സൃഷ്ടികൾ അശക്തരായി എന്നുള്ളതാണ്. സൃഷ്ടികളുടെ ഈ അശക്തിയാണ് ഇതിന് ‘മുഅ്ജിസത്ത്’ എന്ന പേര് വരാൻ കാരണം. ‘അജസ്’ എന്നാൽ കഴിവിന് വിപരീതമായ അവസ്ഥയാണ്.
‘ഇഅ്ജാസ്’ എന്നതിന്റെ യഥാർത്ഥ അർത്ഥം സന്ദേശം ലഭിച്ചവരുടെ അശക്തിയെ തെളിയിക്കുക എന്നതാണ്. അവരുടെ അശക്തി വെളിപ്പെടുത്താൻ വേണ്ടി ഈ വാക്ക് കടമെടുക്കുകയും, പിന്നീട് ആ അശക്തിക്ക് കാരണമായ അത്ഭുതകൃത്യങ്ങളെ സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
