
മൂന്നാമത്തെ നിബന്ധന: വെല്ലുവിളിക്കുന്നയാൾ അഥവാ പ്രവാചകൻﷺ കൊണ്ടുവന്നതുപോലൊന്ന് കൊണ്ടുവരാൻ മറ്റാർക്കും സാധിക്കാതിരിക്കുക. അതോടൊപ്പം അതിനെ എതിർക്കാനുള്ള അതായത് സമാനമായ ഒന്ന് കൊണ്ടുവരാനുള്ള സാഹചര്യം നിലനിൽക്കുകയും വേണം. “എതിർപ്പുകൾ ഉണ്ടായില്ല” എന്ന് പറയുന്നതിനേക്കാൾ എതിർക്കാൻ സാധിച്ചില്ല” എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം. കാരണം, വെറുതെ ഒരാൾ എതിർത്തില്ല എന്നത് അത് അസാധ്യമാണെന്ന് അർത്ഥമാക്കുന്നില്ല. എന്നാൽ മുഅ്ജിസത്തിന്റെ കാര്യത്തിൽ അത് സാധ്യമല്ല എന്നത് തന്നെയാണ് നിബന്ധന.
ഈ നിർവചനപ്രകാരം വെല്ലുവിളിയുടെ ഭാഗമല്ലാതെ സംഭവിക്കുന്ന അത്ഭുതകൃത്യങ്ങൾ ഇതിൽ ഉൾപ്പെടില്ല. അത് ഔലിയാക്കളിൽ നിന്നുണ്ടാകുന്ന ‘കറാമത്തുകൾ’ ആണ്.
വെല്ലുവിളിയുടെ സഹചര്യമില്ലാതെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുൻപുണ്ടാകുന്ന അസാധാരണ സംഭവങ്ങൾ. ഉദാഹരണത്തിന്, നമ്മുടെ പ്രവാചകൻﷺയുടെ മേൽ മേഘം തണൽ വിരിച്ചതും നെഞ്ച് പിളർത്തിയ സംഭവവും ഈസാ നബി(അ) തൊട്ടിലിൽ കിടന്ന് സംസാരിച്ചതും തുടങ്ങിയവ. പ്രവാചകത്വത്തിന്റെ മുന്നോടിയായുള്ള ‘ഇർഹാസുകൾ’ അഥവാ അടിസ്ഥാനമിടലാണ്. ഔലിയാക്കൾക്ക് കറാമത്ത് അനുവദനീയമായത് പോലെ, പ്രവാചകത്വത്തിന് മുൻപ് പ്രവാചകന്മാർക്കും ഇത്തരം കാര്യങ്ങൾ സംഭവിക്കും.
വെല്ലുവിളി കഴിഞ്ഞ് ദീർഘകാലത്തിന് ശേഷം സംഭവിക്കുന്ന അത്ഭുതങ്ങൾ. ഉദാഹരണത്തിന്, നബിﷺയുടെ വഫാത്തിന് ശേഷം ചില മരണപ്പെട്ടവർ ശഹാദത്ത് കലിമ ഉച്ചരിച്ചതായി സ്ഥിരപ്പെട്ട വാർത്തകൾ മുഅ്ജിസതിൻ്റെ സാങ്കേതികപ്രയോഗത്തിന്റെ പരിധിയിൽ വരികയില്ല.
സിഹ്‌ർ അഥവാ ദുർമന്ത്രവാദം വഴി പല അത്ഭുതങ്ങളും സാധിക്കുമെങ്കിലും നേരിടാൻ ജനങ്ങൾക്ക് സാധിക്കും.
നാലാമത്തെ നിബന്ധന: അത്ഭുതകൃത്യം, വെല്ലുവിളിക്കുന്നയാളുടെ പ്രവാചകത്വം വാദിക്കുന്ന വ്യക്തിയുടെ അവകാശവാദത്തിന് അനുസൃതമായി സംഭവിക്കണം. ഉദാഹരണത്തിന്, ഒരാൾ പ്രവാചകത്വം വാദിക്കുകയും “എന്റെ പ്രവാചകത്വത്തിനുള്ള തെളിവ് എന്റെ കയ്യിലുള്ള ഈ മൃഗം സംസാരിക്കുക എന്നതാണ്” എന്ന് പറയുകയും ചെയ്തു എന്നിരിക്കട്ടെ. അപ്പോൾ ആ മൃഗം സംസാരിക്കുകയും എന്നാൽ അത് ഇയാൾ പറഞ്ഞതിന് വിപരീതമായി “ഇയാൾ നുണയനാണ്, ഇയാൾ പ്രവാചകനല്ല” എന്ന് പറയുകയും ചെയ്താൽ അത് മുഅ്ജിസത്താവില്ല. കാരണം, അല്ലാഹു അവിടെ ആ സംസാരം സൃഷ്ടിച്ചത് ആ വ്യക്തിയുടെ അവകാശവാദം സത്യമാണെന്ന് തെളിയിക്കാനല്ല, മറിച്ച് അയാൾ നുണയനാണെന്ന് വ്യക്തമാക്കാനാണ്.
മുസൈലിമത്തുൽ കദ്ദാബിന്റെ ചരിത്രത്തിൽ വന്നതുപോലെയാണിത്. കിണറ്റിലെ വെള്ളം വർദ്ധിക്കാൻ വേണ്ടി അയാൾ അതിൽ തുപ്പിയപ്പോൾ ഉള്ള വെള്ളം കൂടി വറ്റിപ്പോകുകയാണുണ്ടായത്. ഇവിടെയും അയാളുടെ ഉദ്ദേശ്യത്തിന് വിപരീതമായാണ് സംഭവിച്ചത്.
മേൽപ്പറഞ്ഞ നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെട്ടാൽ അത് മുഅ്ജിസത്താവുകയില്ല.
ഈ നാല് നിബന്ധനകളും ഒത്തുവരുന്ന അത്ഭുതങ്ങൾ സച്ചരിതരായ പ്രവാചകന്മാരിലൂടെ മാത്രമേ വെളിപ്പെടൂ എന്ന് നിങ്ങൾ പറയുകയാണെങ്കിൽ, ‘ദജ്ജാലിന്റെ’ കാര്യമെന്താണ് എന്നൊരു സംശയമുണ്ടാകാമല്ലോ! സ്വഹീഹായ ഹദീസുകളിൽ വന്നതുപോലെ വലിയ അത്ഭുതങ്ങൾ ദജ്ജാലിലൂടെയും വെളിപ്പെടുമല്ലോ എന്ന് ഒരാൾ ചോദിച്ചേക്കാം. മുഅ്ജിസത്തിന്റെ നിബന്ധനകൾ പ്രവാചകത്വം വാദിക്കുന്നവർക്കുള്ളതാണ്. എന്നാൽ ദജ്ജാൽ വാദിക്കുന്നത് താൻ ദൈവമാണെന്നാണ്. ദജ്ജാലിന്റെ വാദം അസംബന്ധമാണെന്ന് ബുദ്ധിപരമായ തെളിവുകൾ കൊണ്ട് തന്നെ വ്യക്തമാണ്. കാരണം ദൈവത്തിന് മാറ്റങ്ങൾ സംഭവിക്കുകയില്ല. ദജ്ജാൽ ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറുന്നവനാണ്. സൃഷ്ടികൾക്ക് മാത്രം ചേരുന്ന ഗുണങ്ങളാണ് അവനുള്ളത്. പ്രപഞ്ചനാഥനായ അല്ലാഹു ഇത്തരം ന്യൂനതകളിൽ നിന്നെല്ലാം പരിശുദ്ധനാണ്. അതിനാൽ തന്നെ ദജ്ജാലിന്റെ അത്ഭുതങ്ങൾ മുഅ്ജിസത്തുകളുടെ പരിധിയിൽ വരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
