Tweet 1290

    Tweet 1290
    December 25, 2025 • Thursday
    Post Header

    ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്ത മനുഷ്യജീവിതത്തെയും പ്രതീക്ഷകളെയും കുറിച്ച് പ്രതിപാദിക്കുന്ന ഈ പ്രശസ്തമായ ഹദീസിന്റെ ലളിതസാരം ഇങ്ങനെ വായിക്കാം.

    തിരുനബിﷺ ഒരു ചതുരം വരച്ചു. ആ ചതുരത്തിന്റെ മധ്യത്തിലൂടെ ഒരു വരയും വരച്ചു. മധ്യത്തിലുള്ള ആ വരയുടെ വശങ്ങളിലായി മറ്റു ചില ചെറിയ വരകളും അവിടുന്ന് വരച്ചു. ശേഷം ആ ചതുരത്തിന് പുറത്തേക്ക് പോകുന്ന രീതിയിൽ മറ്റൊരു വരയും വരച്ചു.
    എന്നിട്ട് അവിടുന്ന് ചോദിച്ചു: “ഇതെന്താണെന്ന് നിങ്ങൾക്കറിയാമോ?” സ്വഹാബികൾ പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിﷺനുമാണ് കൂടുതൽ അറിവുള്ളത്.”
    അപ്പോൾ അവിടുന്ന് പറഞ്ഞു: “ഇത് മനുഷ്യനാണ് അഥവാ നടുവിലുള്ള വര. അവന്റെ വശങ്ങളിലുള്ള ഈ ചെറിയ വരകൾ അവനെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം തുടങ്ങിയ പ്രതിസന്ധികളും വിപത്തുകളുമാണ്. എല്ലാ ഭാഗത്തുനിന്നും അവ അവനെ ബാധിക്കുന്നു. ഒന്നിൽ നിന്ന് അവൻ രക്ഷപ്പെട്ടാൽ മറ്റൊന്ന് അവനെ പിടികൂടുന്നു. അവനെ വലയം ചെയ്തിരിക്കുന്ന ഈ ചതുരം അവന്റെ ആയുസ്സാണ് അഥവാ മരണം. പുറത്തേക്ക് പോയിരിക്കുന്ന ആ വരയാകട്ടെ അവന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്.”

    തിരുനബിﷺയുടെ അധ്യാപനങ്ങളിൽ നിന്ന് ഒരു അധ്യായമാണിത്. മനുഷ്യരിൽ വെച്ച് ഏറ്റവും മികച്ച അധ്യാപനങ്ങളായിരുന്നല്ലോ തിരുനബിﷺയുടെത്. അവിടുത്തെ അനുയായികളുടെ മുന്നിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങളെ മുൻനിർത്തിയും ഉദാഹരണങ്ങൾ നിരത്തിയും കാര്യങ്ങൾ പഠിപ്പിക്കുമായിരുന്നു. ഐഹികവും പാരത്രികവുമായ വിജയത്തിലേക്ക് അവരെ നയിക്കാനാണ് ഇത് ചെയ്തിരുന്നത്.

    അബ്ദുല്ലാഹി ബിൻ മസ്ഊദ്(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിൽ, നബിﷺ ഭൂമിയിൽ ഒരു ചതുരം വരച്ചു. എന്നിട്ട് അതിന്റെ നടുവിലൂടെ ചതുരത്തിന് പുറത്തേക്ക് പോകുന്ന രീതിയിൽ ഒരു വരയും വരച്ചു. പിന്നീട് ആ ചതുരത്തിന് അകത്തുള്ള വരയിലേക്ക് വന്നു ചേരുന്ന രീതിയിൽ ചില ചെറിയ വരകളും അവിടുന്ന് വരച്ചു. ശേഷം ഇപ്രകാരം വിശദീകരിച്ചു.

    മനുഷ്യൻ: നടുവിലുള്ള ആ വരയാണ് മനുഷ്യൻ.
    ആയുസ്സ് അഥവാ അജൽ: അവനെ ചുറ്റിവരിഞ്ഞിരിക്കുന്ന ആ ചതുരമാണ് അവന്റെ ആയുസ്സ്. അതായത് മരണം അവനെ എല്ലാ ഭാഗത്തുനിന്നും വലയം ചെയ്തിരിക്കുന്നു.
    പ്രതീക്ഷകൾ അഥവാ അമൽ: ചതുരത്തിന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന ആ നീണ്ട വരയാണ് മനുഷ്യന്റെ പ്രതീക്ഷകൾ. ഒരു മനുഷ്യന്റെ ആയുസ്സിനേക്കാൾ വലുതാണ് അവന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമെന്ന് ഇത് സൂചിപ്പിക്കുന്നു.
    പ്രതിസന്ധികൾ അഥവാ അഅ്റാകൾ: നടുവിലുള്ള വരയിലേക്ക് തിരിഞ്ഞുനിൽക്കുന്ന ചെറിയ വരകൾ മനുഷ്യനെ ബാധിക്കുന്ന രോഗം, ദാരിദ്ര്യം തുടങ്ങിയ വിപത്തുകളാണ്.

    മനുഷ്യൻ്റെ ഭൗതിക ജീവിതത്തെയും അതിൻ്റെ യാഥാർത്ഥ്യങ്ങളെയും അതി ലളിതമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ. മനുഷ്യൻ അവൻ്റെ ജീവിതത്തിൻ്റെ ദൈർഘത്തേക്കാൾ എത്രയോ മടങ്ങ് അധികം സ്വപ്നങ്ങളും ആഗ്രഹങ്ങളുമായിട്ടാണ് ജീവിക്കുന്നത്. ആഗ്രഹങ്ങൾ പൂർത്തീകരിച്ചുകൊണ്ട് ഒരാൾക്ക് ജീവിതം പൂർത്തിയാക്കാൻ സാധിക്കുകയില്ല. ജീവിതത്തിൻ്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനും ഭൗതിക ജീവിതത്തിനപ്പുറമുള്ള ഒരു പ്രതീക്ഷയുടെ ലോകത്തെ അവതരിപ്പിക്കാനുമുള്ള ഏറ്റവും നല്ല അധ്യാപനമാണ് ഇതിലൂടെ നിർവഹിച്ചിട്ടുള്ളത്. ഓരോ മനുഷ്യന്റെയും ആലോചനയുടെ കവാടങ്ങളെ തുറക്കാനും അനുകൂലമായ ചിന്തകൾ വളർത്താനുമുള്ള അടിസ്ഥാന അധ്യാപനങ്ങളാണിത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...