
തിരുനബിﷺ അനുയായികളോടൊപ്പം ഇരിക്കുമ്പോൾ, ഒരാൾ അബൂബക്കർ(റ)നെ അധിക്ഷേപിക്കുകയും അദ്ദേഹത്തെ ഉപദ്രവിക്കുകയും ചെയ്തു. അപ്പോൾ അബൂബക്കർ(റ) മൗനം പാലിച്ചു. അയാൾ രണ്ടാമതും അദ്ദേഹത്തെ ഉപദ്രവിച്ചു. അപ്പോഴും അബൂബക്കർ(റ) മൗനം പാലിച്ചു. അയാൾ മൂന്നാമതും അദ്ദേഹത്തെ ഉപദ്രവിച്ചപ്പോൾ, അബൂബക്കർ(റ) സ്വയം പ്രതിരോധിച്ചു അഥവാ പ്രതികരിച്ചു സംസാരിച്ചു. അബൂബക്കർ(റ) സ്വയം പ്രതിരോധിച്ച ഉടൻ തിരുനബിﷺ അവിടെനിന്നും എഴുന്നേറ്റുപോയി. അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: “അല്ലാഹുവിൻ്റെ ദൂതരേﷺ, അങ്ങ് എന്നോട് നീരസം കാണിച്ചോ?” അപ്പോൾ അല്ലാഹുവിൻ്റെ ദൂതൻﷺ പറഞ്ഞു: “നിന്നെക്കുറിച്ച് അവൻ പറഞ്ഞ കാര്യങ്ങളിൽ അവനെ കളവാക്കിക്കൊണ്ട് ആകാശത്ത് നിന്ന് ഒരു മലക്ക് ഇറങ്ങിയിരുന്നു. നീ സ്വയം പ്രതിരോധിച്ചപ്പോൾ പിശാച് രംഗപ്രവേശം ചെയ്തു. പിശാച് രംഗപ്രവേശം ചെയ്തതിന് ശേഷം ഞാൻ അവിടെ ഇരിക്കാൻ പാടില്ലല്ലോ!”
സഈദ് ബിൻ അൽ മുസയ്യിബി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തത്. തിരുനബിﷺയുടെ സന്നിധിയിൽ വച്ച് അബൂബക്കർ(റ) ആക്ഷേപിക്കപ്പെടുകയും അതിന്മേൽ അബൂബക്കർ(റ) ക്ഷമിക്കുകയും അതുവഴി കൈവരുന്ന മേന്മകളെ പരിചയപ്പെടുത്തുകയുമാണ് ഈ ഹദീസ് നിർവഹിക്കുന്നത്. സഹനവും സഹിഷ്ണുതയും മനുഷ്യനും സമൂഹത്തിനും നൽകുന്ന ഗുണമേന്മകളും പ്രതിഷേധവും പ്രതിരോധവും ചിലപ്പോൾ വരുത്തിവെക്കുന്ന നഷ്ടങ്ങളും അതിമനോഹരമായി പങ്കുവയ്ക്കുകയാണ് ഈ ഹദീസ് ചെയ്യുന്നത്.
രണ്ടാളുകൾ തമ്മിൽ ഉരസ്സുമ്പോൾ മൂന്നാമതായി അവിടെ പിശാച് പ്രത്യക്ഷപ്പെടുമെന്നും അതുവഴി രംഗം കൂടുതൽ വഷളാകുമെന്നും അതിനുള്ള സാധ്യതകൾ ഇല്ലാതിരിക്കണമെന്നും തിരുനബിﷺ പഠിപ്പിക്കുകയാണ്.
തിരുനബിﷺയുടെ ഓരോ ചലനങ്ങളും അബൂബക്കറി(റ)ൽ സ്ഥാപിച്ച ശ്രദ്ധയും ജാഗ്രതയും ഈ ഹദീസിൽ തന്നെ ഉൾക്കൊള്ളുന്നുണ്ട്. തിരുനബിﷺക്ക് എന്തെങ്കിലും അനിഷ്ടമായി എന്നു വന്നാൽ പിന്നെ സിദ്ദീഖി(റ)ന് അത് സഹിക്കുമായിരുന്നില്ല.
തിരുനബിﷺ സദസ്സിൽ നിന്ന് എഴുന്നേറ്റതോടെ രംഗം അവസാനിക്കുകയും തിരുനബിﷺയിൽ നിന്നുള്ള ഉപദേശങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുകയും ചെയ്തു. ഈ ഹദീസ് നൽകുന്ന അധ്യാപനം ഇങ്ങനെ സംഗ്രഹിക്കാം.
ആർക്കെങ്കിലും ഉപദ്രവം ഏൽക്കുകയാണെങ്കിൽ, തന്നെ ഉപദ്രവിച്ചവനോട് അതേപോലെയുള്ള ശിക്ഷ നൽകാൻ അവന് അവകാശമുണ്ട്, അതിൽ കൂടാൻ അവന് പാടില്ല. എങ്കിലും, അവൻ ക്ഷമിക്കുകയും അത് അല്ലാഹുവിൻ്റെ അടുക്കൽ പ്രതിഫലത്തിനായി പ്രതീക്ഷിക്കുകയും ചെയ്താൽ, അവൻ്റെ ഈ ക്ഷമയ്ക്കുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തും ലഭിക്കുക തന്നെ ചെയ്യും.
നന്മയിൽ സഹായിക്കാനും ശിപാർശ ചെയ്യാനും തിന്മയിൽ നിസ്സഹകരിക്കാനും കൂടിക്കൊടുക്കാതിരിക്കാനും തിരുനബിﷺ പ്രത്യേകം ഉദ്ബോധനം ചെയ്യുന്നുണ്ട്. നബി ജീവിതത്തിൻ്റെ ഓരോ അധ്യായങ്ങളും മാനവിക നന്മയുടെ നിറകുടങ്ങളാണ്; മനുഷ്യകുലത്തിനു മുഴുവനും പകർന്നെടുക്കാനുള്ള മഹാദർശനങ്ങളുടെ അധ്യാപനങ്ങളുമാണ്.
തിരുനബിﷺയുടെ സമ്പർക്കങ്ങളിലും വ്യവഹാരങ്ങളിലും നിറഞ്ഞുനിന്ന മാതൃകാധ്യാപനങ്ങളെ കുറിച്ചാണല്ലോ നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
