
സുലൈമാൻ ഇബ്നു സുർദി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വെച്ച് രണ്ട് പേർ പരസ്പരം ശകാരിച്ചു. അപ്പോൾ അവരിൽ ഒരാൾക്ക് ദേഷ്യം വന്നു, അദ്ദേഹത്തിൻ്റെ മുഖം വീർക്കുകയും നിറം മാറുകയും ചെയ്യുന്നതുവരെ ദേഷ്യം കഠിനമായി. അപ്പോൾ തിരുനബിﷺ പറഞ്ഞു: “എനിക്കറിയുന്ന ഒരു വാക്ക് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ, അദ്ദേഹത്തിന് അനുഭവപ്പെടുന്ന ഈ ദേഷ്യം അദ്ദേഹത്തിൽ നിന്ന് നീങ്ങിപ്പോകുമായിരുന്നു. തീർച്ച!” തുടർന്ന് ഒരു വ്യക്തി അദ്ദേഹത്തിൻ്റെ അഥവാ ദേഷ്യപ്പെട്ട ആളുടെ അടുത്തേക്ക് പോയി. തിരുനബിﷺയുടെ വാക്കുകൾ അദ്ദേഹത്തെ അറിയിച്ചു. കൂടാതെ, “നീ പിശാചിൽ നിന്ന് അല്ലാഹുവിൽ അഭയം തേടുക (അഊദു ബില്ലാഹി മിന ശൈത്വാനിർ റജീം) എന്നും പറഞ്ഞു.
അപ്പോൾ ദേഷ്യപ്പെട്ടയാൾ പറഞ്ഞു: “നിങ്ങൾ എന്നിൽ എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? ഞാൻ ഭ്രാന്തനാണോ? നിങ്ങൾ പോകൂ.”
പ്രവാചകൻﷺ കോപത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരണം, അത് തിന്മയിലേക്കും എടുത്തുചാട്ടത്തിലേക്കും നയിക്കുന്നു. അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടാലല്ലാതെ നബിﷺ ദേഷ്യപ്പെടുമായിരുന്നില്ല. അത് പ്രശംസനീയമായ കോപമാണ്.
കോപം ശാന്തമാക്കാനും അതിൻ്റെ ഫലം ഇല്ലാതാക്കാനും കഴിയുന്ന ഒരു കാര്യത്തിലേക്ക് മാർഗ്ഗനിർദ്ദേശം ഈ ഹദീസിലൂടെ തിരുനബിﷺ പകർന്ന് നൽകുന്നു. കോപം ബാധിച്ചയാൾ “അഊദു ബില്ലാഹി മിന ശൈത്വാനി /ഞാൻ പിശാചിൽ നിന്ന് അല്ലാഹുവിൽ അഭയം തേടുന്നു” എന്ന് പറയുക.
സുലൈമാൻ ഇബ്നു സുർദ്(റ) റിപ്പോർട്ട് ചെയ്തതനുസരിച്ച്, പരസ്പരം ശകാരിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന രണ്ടാളുകളെ കണ്ടപ്പോഴാണ് നബിﷺ ഇത് പറഞ്ഞത്. അവരിൽ ഒരാളുടെ മുഖം ചുവന്നു. മുസ്‌ലിമി(റ)ൻ്റെ നിവേദനത്തിൽ, അവന്റെ കണ്ണുകൾ ചുവന്നു എന്നും കഴുത്തിലെ ഞരമ്പുകൾ/അവ്ദാജ് വീർത്തു എന്നും പറയുന്നു. ഇത് കഠിനമായ ദേഷ്യം കാരണമാണ്. വദജ് എന്നാൽ കഴുത്തിന് ചുറ്റുമുള്ള ഒരു ഞരമ്പാണ്, ഓരോ വ്യക്തിക്കും രണ്ട് വദജുകളുണ്ട്.
അപ്പോൾ നബിﷺ പറഞ്ഞു: “നിശ്ചയമായും ഒരു വാക്ക്. ഈ കോപിച്ചയാൾ അത് പറഞ്ഞാൽ, അദ്ദേഹത്തിന് അനുഭവപ്പെടുന്ന ഈ കഠിനമായ കോപം അദ്ദേഹത്തിൽ നിന്ന് നീങ്ങിപ്പോകും.” കാരണം കോപം പിശാചിന്റെ പ്രേരണകളിൽ നിന്നുള്ളതാണ്. ഇത് കോപത്തിൽ അകപ്പെടുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ്.
നബിﷺയുടെ വാക്കുകൾ കേട്ടപ്പോൾ, സ്വഹാബികൾ ആ ദേഷ്യക്കാരനായ മനുഷ്യനെ നബിﷺ പറഞ്ഞ കാര്യം അറിയിച്ചു. അബൂദാവൂദി(റ)ൻ്റെ നിവേദനത്തിൽ, മുആദ് ഇബ്നു ജബൽ(റ) ആണ് ദേഷ്യക്കാരനായ വ്യക്തിയുടെ അടുത്തേക്ക് പോയത് എന്ന് പറയുന്നു. അപ്പോൾ ആ വ്യക്തി ചോദിച്ചു: “എനിക്ക് ഭ്രാന്താണോ?!” ഇത് അദ്ദേഹത്തിൻ്റെ അറിവില്ലായ്മ കാരണമാണ്. കാരണം, പിശാചിൽ അഭയം തേടുന്നത് ഭ്രാന്തന്മാർക്ക് മാത്രമുള്ളതാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. കോപം പിശാചിൻ്റെ പ്രേരണകളിൽപ്പെട്ടതാണെന്നും അതുവഴി മനുഷ്യൻ അവിവേകിയാകുമെന്നും അദ്ദേഹം മനസ്സിലാക്കിയില്ല. പിശാചിൻ്റെ തന്ത്രത്തെ തടയുകയും കോപത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതും, പിശാചിൻ്റെ തന്ത്രത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായ ആയുധവുമാണ് ഇസ്തിആദ അഥവാ അല്ലാഹുവിനെ അഭയം തേടൽ എന്നും ഈ മനുഷ്യൻ അറിഞ്ഞില്ല.
തിരുനബിﷺയുടെ ജീവിതത്തിൽ ഓരോ സന്ദർഭങ്ങളോടുമുള്ള ഏറ്റവും ഉചിതമായ സമീപനങ്ങളുടെ ഒരുദാഹരണമാണ് ഈ അധ്യായം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
