Tweet 1276

    Tweet 1276
    December 11, 2025 • Thursday
    Post Header

    തിരുനബിﷺയുടെ സാമൂഹിക വ്യവഹാരങ്ങളും ജനങ്ങളോടൊപ്പം സഹവസിച്ചുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും വായിച്ചു കൊണ്ടിരിക്കുമ്പോൾ അനുയായികൾക്കും സഹവാസികൾക്കും വേണ്ടി ശിപാർശ ചെയ്ത അധ്യായങ്ങൾ കൂടി ചേർക്കണം. ഇബ്നു കഅബ് ഇബ്നു മാലിക്(റ) റിപ്പോർട്ട് ചെയ്യുന്നു. മുആദ് ഇബ്നു ജബൽ(റ) അദ്ദേഹത്തിൻ്റെ ഗോത്രത്തിലെ ഉത്തമരായ യുവാക്കളിൽപ്പെട്ട സുന്ദരനും ഉദാരമതിയുമായ ഒരു യുവാവായിരുന്നു. അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ കൊടുക്കാതിരിക്കില്ലായിരുന്നു. അങ്ങനെ, കടം കാരണം അദ്ദേഹത്തിൻ്റെ സ്വത്ത് കൈകാര്യം ചെയ്യാൻ കഴിയാത്തവിധം അടഞ്ഞുപോയി. അഥവാ ഭീമമായ ബാധ്യതയിലായി. അപ്പോൾ അദ്ദേഹം, കടം കൊടുത്തവരോട് സംസാരിക്കാനായി തിരുനബി ﷺയോട് അപേക്ഷിച്ചു. അവിടുന്ന് അത് ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്തു. എങ്കിലും, അവർ അദ്ദേഹത്തിന് കടത്തിൽ ഒരു ഇളവും ചെയ്തില്ല. ഒരാളുടെ വാക്ക് കാരണം മറ്റൊരാൾക്ക് കടം ഇളവ് ചെയ്യപ്പെടുമായിരുന്നെങ്കിൽ, തിരുനബിﷺയുടെ വാക്ക് കാരണം മുആദി(റ)ന് ഇളവ് ചെയ്യപ്പെടുമായിരുന്നു.
    അങ്ങനെ അവിടുന്ന് അദ്ദേഹത്തെ വിളിച്ചു, അദ്ദേഹത്തിൻ്റെ സ്വത്ത് വിറ്റ് കടം കൊടുത്തവർക്കിടയിൽ വീതിച്ചു നൽകുന്നതുവരെ അവിടെ നിന്ന് വിട്ടുപോയില്ല. അങ്ങനെ മുആദ്(റ) സ്വത്ത് ഒന്നുമില്ലാത്തവനായി എഴുന്നേറ്റു.
    തിരുനബിﷺ ഹജ്ജ് ചെയ്തപ്പോൾ, അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകി സ്ഥിരപ്പെടുത്താനായി യമനിലേക്ക് അയച്ചു.

    നിവേദകൻ തുടർന്നു പറഞ്ഞു. ഈ വിധത്തിൽ നഷ്ടപരിഹാരം നേടിയ ആദ്യത്തെ ആൾ മുആദ്(റ) ആയിരുന്നു.
    തിരുനബിﷺയുടെ വിയോഗാനന്തരം അഥവാ അബൂബക്കറി(റ)ന്റെ ഭരണകാലത്താണ് മുആദ്(റ) യമനിൽ നിന്ന് തിരിച്ചെത്തിയത്.

    നീതിനിഷ്ഠവും സാമൂഹിക നിർമാണപരവുമായ തിരുനബിﷺയുടെ ഒരു ഇടപെടലും ശിപാർശയും എത്ര മനോഹരമായിട്ടാണ് ഇവിടെ ആഖ്യാനിച്ചിട്ടുള്ളത്.

    നമ്മോടൊപ്പമുള്ളവരുടെ ക്ഷേമ കാര്യങ്ങൾക്ക് വേണ്ടി ഇടപെടുന്നതും പ്രയാസ ഘട്ടങ്ങളിൾ ആശ്വാസം നൽകുന്നതും പുണ്യ പ്രവർത്തനമായി തിരുനബിﷺ പഠിപ്പിക്കുകയും അവിടുത്തെ ജീവിതത്തിൽ പകർത്തി കാണിച്ചു തരികയും ചെയ്തു. ഏറ്റവും ഉറ്റ മിത്രത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴും അവകാശികളുടെ അവകാശം നിഷേധിക്കാനോ അർഹരുടെ ആവശ്യങ്ങൾ നിരാകരിക്കാനോ തിരുനബിﷺ മുന്നോട്ടുവന്നില്ല. കടബാധ്യതയുള്ളവരോട് ശിപാർശക്കായി സംസാരിച്ചുവെങ്കിലും കൽപ്പന സ്വഭാവത്തിൽ വിട്ടുകൊടുക്കാൻ അവരോട് പറഞ്ഞില്ല. അങ്ങനെയായിരുന്നെങ്കിൽ എല്ലാവരും തിരുനബിﷺയുടെ വാക്ക് അനുസരിക്കുകയും വിട്ടുകൊടുക്കുകയും ചെയ്യുമായിരുന്നു. അത് ഒരുപക്ഷേ ശുഭകരമല്ലാത്ത ഒരു സമ്പ്രദായത്തെ സ്ഥാപിക്കലായി മാറും. അടിസ്ഥാനപരമായ നിയമങ്ങൾക്കും ന്യായ വ്യവസ്ഥയ്ക്കും ഭംഗം ഒന്നും വരാതെ തന്നെ അനുതാപപൂർവ്വം ഒപ്പം നിൽക്കാനും ചേർന്നുനിന്നു ഒന്ന് സംസാരിക്കാനും ഇടപെട്ടുകൊണ്ട് ആശ്വാസ പ്രവർത്തനങ്ങൾ ചെയ്യാനും എങ്ങനെയൊക്കെ ആവാം എന്ന് പഠിപ്പിക്കുകയായിരുന്നു ഇവിടെ. ചിലയാളുകളെ ചില സാഹചര്യങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതും പുതിയ മേച്ചിൽ പുറങ്ങളിലേക്ക് പറഞ്ഞയക്കുന്നതും അവരുടെ വീണ്ടെടുപ്പിനും വീണ്ടുവിചാരത്തിനും ആവശ്യമായി വന്നേക്കാം. അങ്ങനെയെല്ലാമുള്ള നിരവധി ആലോചനകളെ മേൽ സംഭവം നമുക്ക് പകർന്നു തരുന്നുണ്ട്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...