Tweet 1272

    Tweet 1272
    December 7, 2025 • Sunday
    Post Header

    അബൂ ഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു.
    അദ്ദേഹം പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂൽﷺ എൻ്റെ കൈയ്യിൽ ഊന്നിക്കൊണ്ട് ബനൂ ഖൈനുഖാഇൻ്റെ അങ്ങാടിയിലേക്ക് പോയി. അവിടെ ചുറ്റി സഞ്ചരിച്ച ശേഷം പള്ളിയിലേക്ക് തിരികെ വന്ന്, വസ്ത്രം കൊണ്ട് കാൽമുട്ടുകൾ ചുറ്റിപ്പിടിച്ച് ഇരുന്നു. എന്നിട്ട് അദ്ദേഹം ചോദിച്ചു: ‘ലകാഅ് എവിടെ? എനിക്ക് വേണ്ടി ലകാഇനെ വിളിക്കൂ.”
    “അപ്പോൾ ഹസൻ(റ) ഓടി വന്നു. തിരുനബിﷺ ഇരുന്ന വസ്ത്രക്കെട്ടിലേക്ക് അഥവാ മടിയിലേക്ക് ചാടിക്കയറി. തിരുനബിﷺ അവിടുത്തെ ചുണ്ട് ഹസ്സൻ(റ)ന്റെ ചുണ്ടിനോട് ചേർത്തു വച്ച് മൂന്ന് പ്രാവശ്യം ഇങ്ങനെ പറഞ്ഞു: “അല്ലാഹുവേ, തീർച്ചയായും ഞാൻ ഈ മോനെ സ്നേഹിക്കുന്നു. അതിനാൽ നീയും സ്നേഹിക്കേണമേ! അവനെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കേണമേ!”

    അബൂ ഹുറൈറ(റ) പറഞ്ഞു: “ഞാൻ ഹസനെ(റ) കാണുമ്പോഴെല്ലാം എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാതിരുന്നിട്ടില്ല, എനിക്ക് കരയാതിരിക്കാൻ കഴിഞ്ഞിട്ടില്ല.

    തിരുനബിﷺയുടെ അഹ്‌ലുൽ ബൈത്ത് അഥവാ അവിടുത്തെ കുടുംബാംഗങ്ങളോടുള്ള സ്നേഹം വിശ്വാസികൾക്ക് നിർബന്ധമാണ്. അവരിൽ നബിﷺ പ്രത്യേകം സ്നേഹിക്കാൻ പ്രേരിപ്പിച്ചവരും, അല്ലാഹുവിൻ്റെ സ്നേഹത്തിനും, അവരെ സ്നേഹിക്കുന്നവരുടെ സ്നേഹത്തിനും വേണ്ടി പ്രാർത്ഥിച്ചവരുമുണ്ട്. ഫാത്വിമ(റ)യുടെ മകൻ ഹസൻ(റ) അവരിൽ ഒരാളാണ്.

    ഈ ഹദീസിൽ, അബൂ ഹുറൈറ(റ) വിവരിക്കുന്നത് അവരെക്കുറിച്ചാണ്. നബിﷺയുടെ കൂടെ മദീനയിലെ ബനൂ ഖൈനുഖാഇൻ്റെ അങ്ങാടിയിൽ നിന്ന് മകൾ ഫാത്വിമ(റ)യുടെ വീട്ടിലേക്ക് തിരിച്ചുപോയി. അബൂ ഹുറൈറ(റ)യും ഒപ്പമുണ്ടായിരുന്നു.
    അപ്പോൾ നബിﷺ വിളിച്ചു ചോദിച്ചു: “ലുകഅ് എവിടെ?” സംസാരത്തിലോ മറ്റ് കാര്യങ്ങളിലോ മാർഗ്ഗനിർദ്ദേശം ലഭിക്കാത്ത ചെറിയ കുട്ടിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. അവിടുന്ന് ഉദ്ദേശിച്ചത് ഹസൻ ഇബ്നു അലി(റ)യെയാണ്. തിരുനബിﷺ ഇത് മൂന്ന് തവണ പറഞ്ഞു. ശേഷം പേര് പറഞ്ഞ് വിളിച്ചു: “ഹസൻ ഇബ്നു അലി(റ)യെ വിളിക്കൂ.”

    അങ്ങനെ, ഹസൻ(റ) – അന്ന് അദ്ദേഹം ചെറിയ കുട്ടിയായിരുന്നു – തിരുനബിﷺയുടെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് നടന്നുവന്നു. അവൻ്റെ കഴുത്തിൽ സിഖാബുണ്ടായിരുന്നു. അത് ഗ്രാമ്പൂ, കസ്തൂരി, ഊദ് തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കൊണ്ട് നിർമ്മിച്ച, മാലയുടെ രൂപത്തിൽ കുട്ടികൾക്കും പെൺകുട്ടികൾക്കും അണിയിക്കുന്ന ഒന്നായിരുന്നു. അല്ലെങ്കിൽ അത് മുത്തുകളുള്ള ഒരു നൂലായിരുന്നു. ചലിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതുകൊണ്ടാണ് അതിന് ‘സിഖാബ്’ എന്ന് പേര് വന്നത്.
    അപ്പോൾ നബിﷺ കൈകൊണ്ട് ആലിംഗനം ചെയ്യാൻ ഉദ്ദേശിക്കുന്നവരുടെ പതിവനുസരിച്ച്, കൈകൾ വിടർത്തിക്കൊണ്ട് ആംഗ്യം കാണിച്ചു. ഹസനും(റ) നബിﷺ ചെയ്തതുപോലെ ചെയ്തു. അങ്ങനെ നബിﷺ അദ്ദേഹത്തെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു.
    ശേഷം റസൂൽﷺ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു: “അല്ലാഹുവേ, തീർച്ചയായും ഞാൻ ഈ മോനെ സ്നേഹിക്കുന്നു. അതിനാൽ നീയും അവനെ സ്നേഹിക്കേണമേ! അവനെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കേണമേ!”

    അബൂ ഹുറൈറ(റ) തുടർന്ന് പറഞ്ഞു. അല്ലാഹുവിൻ്റെ റസൂലിﷺൽ നിന്ന് ഈ വാക്കുകളും പ്രാർഥനയും കേട്ട ശേഷം ഹസൻ ഇബ്നു അലി(റ)യേക്കാൾ തനിക്ക് പ്രിയപ്പെട്ട മറ്റൊരാളുമുണ്ടായിരുന്നില്ല.
    അല്ലാഹുവേ, ഞങ്ങളെ അദ്ദേഹത്തെ സ്നേഹിക്കുന്നവരിൽ ഉൾപ്പെടുത്തേണമേ! അദ്ദേഹത്തെ വെറുക്കുന്നവരിലോ ശത്രുക്കളിലോ ഉൾപ്പെടുത്തരുതേ!

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...