Tweet 1273

    Tweet 1273
    December 8, 2025 • Monday
    Post Header

    അനസ് ഇബ്നു മാലിക്(റ)വിൽ നിന്ന് നിവേദനം. “ബുദ്ധിക്ക് അൽപ്പം കുറവുണ്ടായിരുന്ന ഒരു സ്ത്രീ തിരുനബിﷺയോട് പറഞ്ഞു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, എനിക്ക് അങ്ങയോട് ഒരു ആവശ്യമുണ്ട്.’ അപ്പോൾ തിരുനബിﷺ, പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, നിനക്ക് ഇഷ്ടമുള്ള ഏത് വീഥി വേണമെങ്കിലും തിരഞ്ഞെടുക്കുക. നിൻ്റെ ആവശ്യം ഞാൻ നിനക്ക് പൂർത്തിയാക്കിത്തരാം.’ അങ്ങനെ, അവിടുന്ന് അവർക്കുവേണ്ടി ചില വഴികളിൽ തനിച്ചുനിന്നു അഥവാ, അവർക്ക് വേണ്ടി പ്രത്യേകമായി സമയം കണ്ടെത്തി. അവർ അവരുടെ ആവശ്യം പൂർത്തിയാക്കുന്നത് കേട്ടുതീർത്തു.”

    തിരുനബിﷺയുടെ വിനയഭാവത്തിന്റെയും ജനങ്ങളോട് സഹവസിച്ചു ജീവിച്ചതിന്റെയും ഒരു ഉദാഹരണമാണിത്. അനുയായികൾക്കിടയിൽ അവരിലൊരാളായി നടന്നു, അവരോടൊപ്പം ഇരുന്നു, മതകാര്യങ്ങൾ പഠിപ്പിച്ചു, ഉപദേശിച്ചു, മാർഗ്ഗനിർദ്ദേശം നൽകി. ചെറുപ്പക്കാരിൽ നിന്നും പ്രായമായവരിൽ നിന്നും സ്വതന്ത്രരിൽ നിന്നും അടിമകളിൽ നിന്നും ശ്രദ്ധിച്ചു കേൾക്കാൻ മനസ്സു കാണിച്ചു. ഓരോ വ്യക്തിക്കും അവരുടെ ചോദ്യങ്ങൾക്കനുസരിച്ച്, അവരുടെ ഭൗതികവും പാരത്രികവുമായ ക്ഷേമങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി.

    ഈ ഹദീസിൽ, അനസ് ഇബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. ബുദ്ധിക്ക് അൽപ്പം ചാഞ്ചല്യമോ ഭ്രാന്തോ ഉണ്ടായിരുന്ന ഒരു സ്ത്രീ ഒരു ദിവസം നബിﷺയോട് പറഞ്ഞു: “എനിക്ക് അങ്ങയോട് ഒരു കാര്യമുണ്ട്” അഥവാ എനിക്കൊരു സ്വകാര്യം പറയാനുണ്ട്. അപ്പോൾ പ്രവാചകൻﷺ അവരോട്: “നിൻ്റെ ആവശ്യങ്ങൾ കേൾക്കാനും പരിഹാരത്തിന് ശ്രമിക്കാനും ഞാൻ തയ്യാറാണ്” എന്ന് സവിനയം അവരോട് പ്രതികരിച്ചു.
    അങ്ങനെ, അവിടുന്ന് അവരുടെ ആവശ്യം നിറവേറ്റാൻ വേണ്ടി, ആളുകൾ നടക്കുന്ന മദീനയിലെ ചില വഴികളിലൂടെ അവരോടൊപ്പം പോയി. അവരോടൊപ്പം നിന്നു, അവരുടെ സംസാരം കേട്ടു, അവർക്ക് ഉചിതമായ മറുപടി നൽകി, അവർ പരിഹാരം സ്വീകരിച്ച് സംതൃപ്തയായി.

    അല്പം ബുദ്ധി കുറഞ്ഞ സ്ത്രീയാകുമ്പോൾ സാംസ്കാരികമായ പക്വതയോ മര്യാദയോ ഒന്നും പാലിക്കാതെ തന്നെ ചോദിക്കുകയും പ്രതികരിക്കുകയും ഒക്കെ ചെയ്തേക്കാം. അത്തരമൊരു സാഹചര്യത്തിൽ പോലും മാനുഷികമായ പരിഗണനയിൽ അവരെ കേൾക്കാനും ആശ്വാസം നൽകാനും തിരുനബിﷺക്ക് സാധിച്ചു എന്നത് അവിടുത്തെ സ്വഭാവമേന്മയുടെ എടുത്തു പറയേണ്ട അധ്യായമാണ്.

    ആളുകളെ കേൾക്കുക എന്നത് വലിയൊരു സാമൂഹിക പ്രവർത്തനമാണ്. തിങ്ങി നിൽക്കുന്ന വേദനയും നൊമ്പരവും ഒരാളോട് പറഞ്ഞാൽ മാത്രം ആശ്വാസം ലഭിക്കുന്ന എത്രയോ മനുഷ്യരുണ്ടാകും. പങ്കുവെക്കാൻ ആളെ കിട്ടാതെ കദനം പേറി നടക്കുന്ന നിരവധി ദുഃഖ സാക്ഷ്യങ്ങൾ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ചിലപ്പോൾ അവരെ ഒന്ന് കേട്ടാൽ മാത്രം അവർ സമാധാനപരമായ ജീവിതത്തിലേക്ക് എത്തിച്ചേരും. തന്നെ കേൾക്കാൻ ആരുമില്ല എന്നതിന്റെ പേരിൽ മാത്രം ജീവനൊടുക്കുകയോ ജീവിതത്തിൽ നിന്ന് ഒളിച്ചോടുകയോ ചെയ്ത നിരവധി മനുഷ്യരെ കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ടാകും. ഇവിടെയാണ് തിരുനബിﷺയുടെ സഹിഷ്ണുതയും ഹൃദയ വിശാലതയും ശ്രദ്ധാപൂർവ്വം നമ്മൾ വായിക്കുന്നത്. സഹവാസത്തിന്റെ മനുഷ്യ പാഠങ്ങളെയും പ്രവാചകാധ്യാപനങ്ങളെയും ഏതുകാലത്തും ഹൃദ്യമായി വായിക്കാനും പകർത്താനുമുള്ള ഒരു സന്ദർഭമായി നമുക്ക് ഇതിനെ പകർത്താം.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 1
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...