
തിരുനബിﷺയുടെ ജീവിതത്തിൽ നിന്നുള്ള ശീലങ്ങളെയും ഭാവങ്ങളെയും പല അധ്യായങ്ങളിലായി നാം വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയുടെ ജീവിത വ്യവഹാരങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ ചിലതുകൂടി നമ്മൾ ഇവിടെ ചേർക്കുകയാണ്. വലതുകൊണ്ടു തുടങ്ങുക എന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുടി ചീകുന്നതിലും വുളൂഇലും അഥവാ അംഗശുദ്ധിയിലും സാധ്യമാകുന്നിടത്തോളം വലതുഭാഗം കൊണ്ട് തുടങ്ങുന്നത് തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നു. ഈ ഹദീസിന്റെ ലളിതമായ ഒരു വ്യാഖ്യാനം കൂടി നമുക്ക് ചേർത്ത് വായിക്കാം.
തിരുനബിﷺയുടെ ബഹുമാന്യരായ ശിഷ്യന്മാർ, തിരുനബിﷺയുടെ പ്രവർത്തനങ്ങളെയും ചര്യകളെയും സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അവിടുത്തെ കണ്ട് പഠിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും അത് തങ്ങളുടെ പിൻഗാമികൾക്ക് എത്തിച്ചു കൊടുക്കാനും അവർ ജാഗ്രത കാണിച്ചു. മേൽ ഹദീസിൽ, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ) അറിയിക്കുന്നത്: തിരുനബിﷺ ‘തയമ്മുൻ’ അഥവാ വലത് ഭാഗം കൊണ്ട് തുടങ്ങുന്നത് ഇഷ്ടപ്പെട്ടിരുന്നു. വലത് കൈ കൊണ്ട് തുടങ്ങുക, വലത് കൈ കൊണ്ട് എടുക്കുകയും കൊടുക്കുകയും ചെയ്യുക, ബറക്കത്ത് ഉദ്ദേശിക്കുക, വലത് ഭാഗം ലക്ഷ്യമാക്കുക എന്നീ അർഥങ്ങളുള്ള ഒരു പൊതുവായ വാക്കാണിത്.
അതുകൊണ്ട്, എല്ലാ ശ്രേഷ്ഠമായ കാര്യങ്ങളിലും വലത് ഭാഗം കൊണ്ട് തുടങ്ങുന്നത് അവിടുത്തേക്ക് സന്തോഷകരവും പ്രിയങ്കരവുമായിരുന്നു. വലത് ഭാഗക്കാർ സ്വർഗ്ഗാവകാശികളായതുകൊണ്ട് ശുഭശകുനം ഇഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു.
ബുഖാരി(റ)യുടെ ഒരു നിവേദനത്തിൽ “സാധ്യമാകുന്നിടത്തോളം” എന്ന ഒരു പ്രയോഗം കൂടിയുണ്ടല്ലോ.. അതായത്, തടസ്സങ്ങളില്ലാത്ത കാലത്തോളം അതിൽ ശ്രദ്ധിച്ചിരുന്നു എന്ന് ഓർമിപ്പിക്കുന്നു.
അവിടുന്ന് വലത് ഭാഗം കൊണ്ട് തുടങ്ങിയിരുന്ന ചില കാര്യങ്ങളാണ് ഹദീസിൽ സൂചിപ്പിച്ചത്. ചെരിപ്പോ ഷൂവോ ധരിക്കുമ്പോൾ ഇടത് കാലിനു മുൻപ് വലത് കാലിൽ ധരിക്കുന്നു. തലമുടി ചീകുമ്പോൾ ചീപ്പ് കൊണ്ട് വലത് ഭാഗം കൊണ്ട് തുടങ്ങുന്നു. അംഗശുദ്ധിയിൽ അഥവാ വുളൂഅ് അല്ലെങ്കിൽ കുളി പോലുള്ള അശുദ്ധി നീക്കുന്ന ശുദ്ധീകരണ വേളകളിൽ വലത് ഭാഗം കൊണ്ട് തുടങ്ങുന്നു. വുളൂഇൽ വലത് കൈ ഇടത് കൈക്ക് മുൻപ് കഴുകുകയും, കുളിയിൽ വലത് വശങ്ങൾ ഇടത് വശങ്ങൾക്ക് മുൻപ് കഴുകുകയും ചെയ്യുമായിരുന്നു.
മറ്റ് പ്രവർത്തനങ്ങളിലും ഇത് ബാധകമാണ്.
എന്നാൽ വൃത്തികെട്ടതും അറപ്പുള്ളതുമായ കാര്യങ്ങൾക്ക് അവിടുന്ന് ഇടത് കൈ ഉപയോഗിക്കുകയും ഇടത് ഭാഗം കൊണ്ട് തുടങ്ങുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന്: മലമൂത്ര വിസർജ്ജനത്തിന് ശേഷം വെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കൽ, വാഷ് റൂമിൽ പ്രവേശിക്കൽ എന്നിവ.
തിരുനബിﷺയുടെ ശീലങ്ങളും ജീവിത വ്യവഹാരങ്ങളും കേവലം ഉദ്ധരിച്ചു പോകാനോ വായിച്ചു പോകാനോ ഉള്ളതല്ല. മറിച്ച് വിശ്വാസികളുടെ ജീവിതത്തിൽ അനുകരിക്കാനും അനുധാവനം ചെയ്യാനും കൂടിയുള്ളതാണ്. അതുകൊണ്ടാണ് ഇത്രമേൽ സൂക്ഷ്മവും കൃത്യവുമായി ഓരോ ചെറിയ കാര്യങ്ങളും രേഖപ്പെട്ടു കിടക്കുന്നത്. ഇത്രമേൽ അതിസൂഷ്മമായ കാര്യങ്ങളിൽ അനുകരിക്കപ്പെടുകയും പ്രമാണങ്ങൾ സൂക്ഷിക്കപ്പെടുകയും ചെയ്ത മറ്റൊരാളെയും ചരിത്രത്തിൽ നിന്ന് വായിക്കാനുണ്ടാവില്ല. നബി ജീവിതത്തിന്റെ രാപ്പകലുകൾ ഇമവെട്ടാതെ നോക്കിയിരിക്കുകയും അനുകരിക്കപ്പെടേണ്ട അധ്യായങ്ങളെ സസൂക്ഷ്മം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു എന്നത് നബി ചരിത്രത്തിന്റെ ആധികാരികതയും വ്യാപ്തിയും കൂടി അറിയിക്കുന്ന കാര്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
