Tweet 1261

    Tweet 1261
    November 26, 2025 • Wednesday
    Post Header

    കവിതയെക്കുറിച്ച് തിരുനബിﷺയുടെ ഒരു പരാമർശവും അതിൻ്റെ വ്യാഖ്യാനവും കൂടി വായിക്കാം. കവിതയിൽ യുക്തിയുണ്ട് അല്ലെങ്കിൽ തത്വജ്ഞാനമുണ്ട്.
    ഉബയ്യുബ്നു കഅ്ബി(റ)ൽ നിന്ന് ഇമാം ഇബ്നു മാജ(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്.
    തിരുനബിﷺ കാര്യങ്ങളുടെ യാഥാർത്ഥ്യം ശരിയും തെറ്റും വിവേചിച്ച് യഥാർത്ഥ രീതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് സമുദായത്തിന് ഉപദേശം നൽകാനും, അവർക്ക് ഉപകാരപ്രദമായതും ദോഷകരമായതുമായ കാര്യങ്ങൾ വിശദീകരിക്കാനുമാണ്. അതിലൊന്നാണ്, കവിത മുഴുവനും ആക്ഷേപാർഹമല്ല എന്നും, മറിച്ച് അതിൽ നല്ല വശങ്ങളുണ്ടെന്നുമുള്ള അവിടുത്തെ വിശദീകരണം.

    മുസ്‌ലിം, തന്റെ നാവിനെ സൂക്ഷിക്കാനും ഉപകാരമുള്ളത് സംസാരിക്കാനും സംസാരത്തിൽ നിന്ന് ഏറ്റവും മനോഹരമായത് തിരഞ്ഞെടുക്കാനും കൽപ്പിക്കപ്പെട്ടവനാണ്; കവിതയിലായാലും ഗദ്യത്തിലായാലും സാധാരണ സംസാരത്തിലായാലും.
    ഈ ഹദീസിൽ കവിതയുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നു.

    കവിത എന്നാൽ, മനഃപൂർവം ഈണത്തിലും വൃത്തത്തിലും രചിക്കപ്പെട്ട വാചകങ്ങളാണ്. അത് സത്യവുമായി യോജിക്കുന്ന സത്യസന്ധമായ വാക്കാകാം, അല്ലെങ്കിൽ കളവാകാം. കവിതയിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഉപദേശങ്ങളും ഉപമകളും പോലുള്ള ജ്ഞാനമുണ്ടെങ്കിൽ, സംശയമില്ലാതെ അത് ചൊല്ലാവുന്നതാണ്.
    ജ്ഞാനം അഥവാ ഹിക്മത്ത് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, യാഥാർത്ഥ്യവുമായി യോജിക്കുന്ന സത്യസന്ധമായ വാക്കാണ്. അല്ലെങ്കിൽ, അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതും, ഉൾക്കാഴ്ചയുടെ പൂർണ്ണത, ആത്മസംസ്കരണം, സത്യം മനസ്സിലാക്കൽ, അതനുസരിച്ച് പ്രവർത്തിക്കൽ, തന്നിഷ്ടത്തെയും അസത്യത്തെയും തടയൽ എന്നിവയോട് കൂടിയതുമായ നിയമങ്ങളാൽ സവിശേഷമായ വിജ്ഞാനമാണ്. ഈ ഗുണങ്ങളുള്ള വ്യക്തിയാണ് ജ്ഞാനി അല്ലെങ്കിൽ ഹക്കീം എന്ന് പറയപ്പെടുന്നത്. മറ്റൊരഭിപ്രായത്തിൽ, ഹിക്മത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതത്തിലുള്ള പാണ്ഡിത്യം അഥവാ ഫിഖ്‌ഹ് ആണ്. വേറൊരു അഭിപ്രായത്തിൽ, ഉടമയെ നാശത്തിൽ വീഴുന്നതിൽ നിന്ന് തടയുന്ന ഓരോ നല്ല വാക്കുമാണ്.

    ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന എല്ലാ വിജ്ഞാന ശാഖകളിലും കാവ്യ രചനകളുണ്ട്. ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വ്യാകരണം, വൈദ്യം തുടങ്ങിയ എല്ലാ പഠന മേഖലകളിലും ആയിരക്കണക്കിന് വരികളുള്ള കാവ്യസമാഹാരങ്ങൾ തന്നെ കാണാൻ കഴിയും. ഒരു മനുഷ്യൻ്റെ വിചാരത്തെയാണോ വികാരത്തെയാണോ വികാരത്തിൽ തന്നെ തെറ്റാണോ ശരിയാണോ കവിതയും ആലാപനവും പ്രചോദിപ്പിക്കുന്നത് എന്ന് അടിസ്ഥാനപ്പെടുത്തിയാണ് കവിതയോടുള്ള സമീപനത്തെ ഇസ്‌ലാം അവതരിപ്പിക്കുന്നത്. വീടുകളിൽ വ്യാപൃതരായിരുന്നവർ പോലും സാഹിത്യ സമ്പൂർണ്ണമായ കവിതകൾ ഉരുവിടുന്ന ഒരു സമൂഹത്തിൽ നിന്നുകൊണ്ട് കവിതയുടെ ധർമത്തെയും അധർമത്തെയും കൃത്യമായി നിർണയിക്കാനും പ്രചോദിപ്പിക്കേണ്ടതിനെ പ്രചോദിപ്പിക്കാനും തിരുനബിﷺക്ക് സാധിച്ചു.

    പദ്യത്തെയും ഗദ്യത്തെയും വെല്ലുന്ന സ്വതന്ത്രമായ ഘടനയിലും എല്ലാ സാഹിത്യ മാനങ്ങളെയും അത്ഭുതപ്പെടുത്തുന്ന സാഹിത്യഭാവത്തിലും പരിശുദ്ധ ഖുർആനിനെ അവതരിപ്പിക്കുകയും പാരായണം ചെയ്യുകയും സമാനമായതു കൊണ്ടുവരാൻ ആർക്കെങ്കിലും സാധ്യമാണോ എന്ന് ചോദിക്കുകയുമായിരുന്നു തിരുനബിﷺ ചെയ്തത്. എല്ലാ കാലത്തേക്കാളും അറബ് സാഹിത്യം ഉജ്ജ്വലമായി നിന്ന ഒരു കാലത്തും എല്ലാ അടുക്കളയിലും അരമനയിലും ഭാഷയ്ക്ക് പ്രമാണമാകുന്ന വിധം കവിതകൾ രൂപപ്പെടുന്ന ഒരു കാലത്തുമാണ് ഖുർആൻ മുന്നോട്ടുവന്ന് സമാനമായ ഒരു സാഹിത്യം അവതരിപ്പിക്കാമോ എന്ന് ചോദിച്ചത്.

    اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

    👁️ 2
    ❤️ 👍 🔥 👏 😍 💚

    ആദ്യമായി അഭിപ്രായം രേഖപ്പെടുത്തൂ...