
അഹ്മദ്(റ), ഇബ്നു ഹിബ്ബാൻ(റ), ഹാകിം(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു.
“ഞാൻ ചോദിച്ചു: ‘അല്ലാഹുവിൻ്റെ ദൂതരെﷺ, അവിടുത്തെ കാണുമ്പോൾ എൻ്റെ മനസ്സ് ശാന്തമാവുകയും കണ്ണ് കുളിർക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്കൊന്നു പറഞ്ഞു തന്നാലും.’
അവിടുന്ന് പറഞ്ഞു: ‘എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് വെള്ളത്തിൽ നിന്നാണ്.’
അപ്പോൾ ഞാൻ ചോദിച്ചു: ‘പ്രവർത്തിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എനിക്കൊന്ന് പറഞ്ഞു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘ഭക്ഷണം നൽകുക, സലാം പ്രചരിപ്പിക്കുക, കുടുംബബന്ധം ചേർക്കുക, ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രി നിസ്കരിക്കുക. എങ്കിൽ നിനക്ക് സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.”
അല്ലാഹുവിൻ്റെ അടുക്കൽ വലിയ പ്രതിഫലമുള്ള മഹനീയ സ്വഭാവങ്ങളാണ് തിരുനബിﷺ ജനങ്ങളെ പഠിപ്പിച്ചത്. ഈ ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു. “ഞാൻ പറഞ്ഞു: ‘അല്ലാഹുവിൻ്റെ റസൂലേﷺ, അവിടുത്തെ കാണുമ്പോൾ എൻ്റെ മനസ്സിന് ശാന്തി ലഭിക്കുന്നു. എൻ്റെ കണ്ണ് കുളിരുന്നു.’ ഇതിൻ്റെ അർത്ഥം: കണ്ണിന് തണുപ്പേകി, അതിൻ്റെ കരച്ചിലും കണ്ണുനീരിൻ്റെ ചൂടും ഇല്ലാതാകുന്നു. അഥവാ, ആഗ്രഹിച്ചതിനെ കണ്ടു സംതൃപ്തനായി. ‘അല്ലാഹു നിൻ്റെ കണ്ണിന് കുളിർമയേകട്ടെ’ എന്നതിൻ്റെ ഉദ്ദേശ്യം: നിൻ്റെ മനസ്സ് തൃപ്തിപ്പെടുകയും കണ്ണ് ശാന്തമാവുകയും ചെയ്യുന്നതുവരെ നിൻ്റെ ആഗ്രഹം അല്ലാഹു പൂർത്തിയാക്കിത്തരട്ടെ. ‘എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്കൊന്നു അറിയിച്ചു തന്നാലും.’ – അഥവാ, സൃഷ്ടികളുടെയെല്ലാം അടിസ്ഥാനത്തെക്കുറിച്ച് പറഞ്ഞു തന്നാലും.
അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് വെള്ളത്തിൽ നിന്നാണ്.’ – എല്ലാ സൃഷ്ടികളുടെയും അടിസ്ഥാനവും മൂലകവും വെള്ളത്തിൽ നിന്നാണല്ലോ! ഞാൻ പറഞ്ഞു: ‘ഞാൻ ജീവിതത്തിൽ സ്വീകരിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് എനിക്കൊന്ന് പറഞ്ഞു തന്നാലും.’
അപ്പോൾ അവിടുന്ന് പറഞ്ഞു: സലാം പ്രചരിപ്പിക്കുക.’ സലാം, അസ്സലാം’ എന്നത് അല്ലാഹുവിൻ്റെ നാമങ്ങളിൽ ഒന്നാണ്. ഇത് ഈ സമുദായത്തിൻ്റെ അനുഗ്രഹീതമായ അഭിവാദ്യമാണ്. പരസ്പരം സ്നേഹമുണ്ടാക്കാനുള്ള മാർഗമാണ് ഇത്തരമൊരു അഭിവാദ്യം. അറിയുന്നവർക്കും അറിയാത്തവർക്കും ഒരുപോലെ സലാം പറയുക എന്നത് അല്ലാഹുവിനു വേണ്ടി മാത്രമുള്ള ഉൽകൃഷ്ടമായ പുണ്യമായി തിരുനബിﷺ നിർദ്ദേശിച്ചു. ‘ഭക്ഷണം നൽകുക’ ഇത് ധർമ്മം/സ്വദഖ, സമ്മാനം /ഹദിയ്യ, വിരുന്നൊരുക്കൽ അഥവാ ളിയാഫ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രയോഗമാണിത്. ‘കുടുംബബന്ധം ചേർക്കുക’ പിതാവിൻ്റെയോ മാതാവിൻ്റെയോ ഭാഗത്തുനിന്ന് നിങ്ങളുമായി രക്തബന്ധമുള്ളവരെല്ലാം ‘അർഹാം’ /കുടുംബബന്ധമുള്ളവർ ആകുന്നു. അവരുമായി ബന്ധം പുലർത്താൻ വിശുദ്ധ ഖുർആൻ പ്രേരിപ്പിക്കുകയും ബന്ധം മുറിക്കുന്നതിനെതിരെ ശക്തമായി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുർആനിലെ സൂറത്തുന്നിസാഇലെ ഒന്നാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം: നിങ്ങൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. നിശ്ചയം അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നവനാകുന്നു.
‘ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രി എഴുന്നേറ്റ് നിസ്കരിക്കുക’ രാത്രിയിൽ സുന്നത്ത് നിസ്കാരങ്ങളും നിശാ നിസ്കാരം അഥവാ തഹജ്ജുദും നിർവഹിക്കുക. അല്ലാഹു സത്യവിശ്വാസികളായ അടിമകളെക്കുറിച്ച് ഇപ്രകാരം വർണ്ണിക്കുന്നു. അസ്സജദ അധ്യായത്തിലെ പതിനാറാം സൂക്തത്തിൻ്റെ പ്രാഥമിക ആശയമിപ്രകാരമാണ്. അവരുടെ പാർശ്വങ്ങൾ ഉറക്കുസ്ഥലങ്ങളിൽ നിന്ന് അകന്നുപോകും. ഭയത്തോടും ആശയോടും കൂടി അവർ തങ്ങളുടെ രക്ഷിതാവിനെ ആരാധിച്ചു കൊണ്ടിരിക്കും. രാത്രി നിസ്കാരം പതിവാക്കുന്നതിൽ ശ്രദ്ധിക്കുകയും അതിന് സഹായിക്കുന്ന കാര്യങ്ങൾ സ്വീകരിക്കുകയും ചെയ്യണം. അതിൽപ്പെട്ടതാണ്: പാപങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും അകന്നുനിൽക്കുക, ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം കുറയ്ക്കുക എന്നിവ.
തുടർന്ന് തിരുനബിﷺ പറയുന്നു: ‘അപ്പോൾ നീ സമാധാനത്തോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക’ അഥവാ ഈ പ്രവൃത്തികൾ അല്ലാഹുവിനു വേണ്ടി നിഷ്കളങ്കമായി ചെയ്താൽ അതിനുള്ള പ്രതിഫലമാണ് സ്വർഗ്ഗം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
